മീശപ്പുലിമല ട്രക്കിംഗ്...


മൂന്നാർ വിനോദയാത്ര യാത്ര നടത്തുന്നവർ പതിവായി ഒരേ സ്ഥലങ്ങൾ കണ്ട് മടങ്ങുന്നവരാണെന്ന് തോന്നിയിട്ടുണ്ട്.യാത്ര ചെയ്ത് തളർന്ന് രാത്രിയിൽ മൂന്നാറിലെത്തി ഏതെങ്കിലും ഹോട്ടലിൽ മുറിയെടുക്കുക, ഉച്ചവരെ കൂർക്കം വലിച്ച് ഉറങ്ങുക, രാജമലയിൽ പോയി വരയാടുകളെ കാണുക മാട്ടുപ്പെട്ടിയിൽ പോയി ബോട്ടിംഗ് നടത്തുക, ആനയിറങ്കലിൽ പോയി ഡാമും തടാകവും കാണുക, പട്ടണത്തിലെ പഴയ ചർച്ചും പഴയ റെയിൽവേ േസ്റ്റഷനും കണ്ട് മടങ്ങുക− ഇതാണ് പതിവായി സന്ദർശകർ ചെയ്യുന്നത്.ഓർക്കുക, ഇന്ന് ഇന്ത്യയിൽ താജ്മഹാളിനെക്കാളും കൂടുതൽ സർന്ദശകർ കാണാനാഗ്രഹിക്കുന്ന, ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ വീഴുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. തണുപ്പിനും പച്ചപ്പിനും അപ്പുറം സാഹസികതയിഷ്ടപ്പെടുന്നവർക്കും ഏകാന്തതയും ശാന്തതയും ആഗ്രഹിക്കുന്നവർക്കും മൂന്നാർ ഒരു മനോഹരസങ്കേതം തന്നെ. അതിലുപരി ഉത്തരേന്ത്യയിലെ ഏത് വിനോദസഞ്ചാരകേന്ദ്രങ്ങളെക്കാളും മനോഹരവും ചിലവ് കുറഞ്ഞതുമായ വിനോദസഞ്ചാരകേന്ദ്രമാണ് മൂന്നാർ‍. താൽപ്പര്യമുള്ളവർ‍ക്കായി ഒരു ട്രക്കിംഗ് റൂട്ട് പരിചയപ്പെടുത്താം − ഒന്ന് പരീക്ഷിച്ചു നോക്കൂ.

 

ദക്ഷിണേന്ത്യയുടെ എവറസ്റ്റായ ആനമുടിയേക്കാൾ വെറും 48 അടി മാത്രം ഉയരക്കുറവുള്ള അതിമനോഹര പ്രദേശമാണ് മീശപ്പുലി മല. യാത്രയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ഇവയാണ്:

റോഡോ വാലി

കടും ചുവപ്പു നിറത്തിൽ പൂക്കളുള്ള കാട്ടുപൂവരശുകൾ (Rhododendron Trees.) നിറഞ്ഞ താഴ−്വരയും ഒരു ചെറിയ തടാകവുമാണ് പ്രധാനമായും റോഡോവാലിയിലുള്ളത്. മൂന്നാർ മാട്ടുപെട്ടി വഴിയിൽ ഏതാണ് 24 കി.മി ദൂരെയുള്ള അരുവിക്കാട് എേസ്റ്ററ്റിന്റെ ഉള്ളിലൂടെ നാല് കി.മി യാത്ര ചെയ്താൽ റോഡോവാലിയിലെ ബേസ് ക്യാന്പിൽ എത്തിച്ചേരും. യാത്ര ആരംഭിക്കുന്ന ആദ്യദിവസം ക്യാന്പ് ചെയ്യുന്നതിവിടെയാണ്. ചെറിയ താൽക്കാലിക ടെന്റുകളിലാണ് താമസിയ്ക്കേണ്ടതെങ്കിലും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്യാന്പിൽ ഉണ്ടാകും.

നിങ്ങളുടെ പ്രഭാതങ്ങൾ എന്നും നാല് ചുവരുകൾക്കുള്ളിൽ ആയിരുന്നുവെങ്കിൽ റോഡോവാലിയിലെ പുലരികൾ പുതിയ ഒരു അനുഭവം തരാതിരിയ്ക്കയില്ല. വെളിച്ചം പതിയെ കടന്നുവരുന്നതും, ആദ്യം ചിലയ്ക്കുന്ന കിളിയൊച്ചയും ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും അനുഭവിക്കേണ്ടതാണ്. അതിന് റോഡാവാലിയോളം പറ്റിയ സ്ഥലങ്ങൾ ഇല്ലതന്നെ. കുറിഞ്ഞി വെള്ളച്ചാട്ടവും പാണ്ടവൻ ഗുഹയും പൂവരശും പൈൻമരങ്ങളും തിങ്ങിനിറഞ്ഞ മലകളുമുള്ള റോഡോവാലിയിലെ പ്രഭാതം അനുഭവിക്കുക തന്നെ വേണം.

അടുത്ത ദിവസം മല കയറാം. ആകെ ഒന്പത് മലകളാണ് താണ്ടേണ്ടത്. അവസാനത്തെ മലയായ മീശപ്പുലിമല പകുതി തമിഴ്നാടിന്റെ ഭാഗമാണ്. ദൂരെ ആനയിറങ്കൽ ഡാമിന്റെ നിശ്ചലജലാശയവും കൊഡൈക്കനാൽ മലനിരകളും എല്ലായിടവും പച്ചക്കുന്നുകളും നേർത്ത മഞ്ഞിന്റെ പശ്ചാത്തലത്തിൽ മലമുകളിൽ നിന്നും കാണാവുന്നതാണ്.

മടക്കം കൊളുക്കുമലൈ വഴിയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം ഉള്ള കൊളുക്കുമലൈയെപ്പറ്റി കൗതുക കാഴ്ചയിലെ മുൻലക്കത്തിൽ പരിചയപ്പെടുത്തിയിരുന്നു.

 

കൊളുക്ക് മലൈയിൽ നിന്നും സൂര്യനെല്ലി വഴി മടക്ക യാത്ര.− അവസാന ദിവസം സൂര്യനെല്ലി പട്ടണത്തിൽ നിന്നും 7 കി.മി ദൂരെയുള്ള ഷൺമുഖവിലാസം ക്യാന്പ്. രാത്രിയിൽ ക്യാന്പ് ഫയറും ആഘോഷങ്ങളുമായി കൂടാവുന്ന ഒരു ഒറ്റപ്പെട്ട് ശാന്തമായ സങ്കേതമാണ് ഷൺമുഖവിലാസം ക്യാന്പ്. വാക്കുകളേക്കാൾ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ക്യാന്പിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. താൽപ്പര്യമുള്ളവർ‍ക്ക് ഒരു ശുഭയാത്ര നേരുന്നു...

You might also like

Most Viewed