ഹിമാലയൻ മാർമത്

ലോകത്തിലെ ഏറ്റവും ഉയരത്തിൽ വസിക്കുന്ന സസ്തനികളിൽ ഒന്നാണ് ഹിമാലയൻ മാർമത്. പതിനഞ്ച് വർഷം വരെ ജീവിത ദൈർഘ്യമുള്ള മാർമത് സമുദ്ര നിരപ്പിൽ നിന്നും മൂവായിരം മീറ്ററിന് മുകളിൽ മാത്രം കാണപ്പെടുന്ന അണ്ണാൻ വർഗ്ഗത്തിൽപ്പെട്ട ജീവികളാണ്. പൂർണ്ണ വളർച്ചയെത്തിയ മാർമത്തിന് പത്ത് കിലോ വരെ തൂക്കവും അരമീറ്റർ വരെ നീളവും ഉണ്ടാകും.
ശൈത്യകാലത്ത് ഹൈബർനേറ്റ് ചെയ്യുന്ന മാർമത്ത് കൂട്ടം കൂട്ടമായി ആഴമുള്ള കുഴികളിൽ വസിക്കുന്നു. മാസങ്ങളോളം ആഹാരം കഴിയ്ക്കാതെ ഉപാപചയ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലാക്കി ഈ ചെറു ജീവിവർഗ്ഗം തണുപ്പിനെ നേരിടുന്നു.
വളരെ പതിയെ സഞ്ചരിക്കുന്ന മാർമത്ത് മറ്റ് ജീവികൾക്ക് ഇരയാകുന്നത് നിമിത്തം വംശനാശ ഭീഷിണി നേരിടുന്ന ജീവിവർഗ്ഗമാണിത്. മുയൽ പോലെ മനുഷ്യരോട് സ്വതവേ കൂട്ടുകൂടുന്ന സാധുജീവികളാണെങ്കിലും അന്നാട്ടുകാർ ഇതിനെ വളർത്താറില്ല, കൊന്ന് തിന്നാറുമില്ല. പക്ഷേ, ടിബറ്റ്കാർ ഉണ്ടാക്കുന്ന ചില പരന്പരാഗത മരുന്നുകൾ നിർമ്മിക്കുന്നതിന് മാർമത്തിനെ ഉപയോഗിക്കാറുണ്ട്. ലഡാക് ഏരിയയിലെ ബുദ്ധിസ്റ്റുകൾക്കിടയിൽ ടിബറ്റൻ മരുന്നുകൾക്ക് വലിയ പ്രചാരമാണ്.
ലേയ്, പാങ്ങോഗ് തടാകം എന്നിവ സന്ദർശിക്കുന്നവർക്ക് വാഹനം നിർത്തി ശബ്ദമുണ്ടാക്കാതെ അൽപ്പസമയം കാത്തിരുന്നാൽ പാറക്കെട്ടുകൾക്കിടയിൽ നിന്നും ഇവ പുറത്തുവരും. മനുഷ്യർ ഉപേക്ഷിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ തേടി ഇറങ്ങുന്നതാണ്.
ജമ്മു−കാശ്മീർ സംസ്ഥാനത്തിന്റെ ടിബറ്റ് അതിർത്തിയിപ്പെടുന്ന ചെറു പട്ടണമാണ് ലഡാക്. ഓക്സിജൻ കുറവായത് നിമിത്തവും വനപ്രദേശങ്ങൾ ഇല്ലാത്തതുകൊണ്ടും താഴ്ന്ന ഭുവിഭാഗങ്ങളിൽ കാണപ്പെടുന്ന ജീവികളൊന്നും തന്നെ ഇവിടെയില്ല.
എങ്കിലും ലഡാക് സന്ദർശനം നടത്തുന്നവർ അൽപ്പ സമയം ചിലവഴിച്ച് ഈ കൗതുക ജീവിയെ ഒന്ന് കാണേണ്ടത് തന്നെയാണ്.