കാഷ്മീർ
“സാബ്, തോടാ പൈസ ദീജിയേ. ശരാബ് പീനാ ഹേ..” വിശ്വാസം വരാതെ ആ കാശ്മീരി യുവാവിന്റെ മുഖത്തേയ്ക്ക് നോക്കി. “ സാബ്, ജ്യാദാ നയി പീയേഗ. ബസ് ഏക് ക്വാർട്ടർ” അതേ, മൊഹസിൻ ഗൗരവമായി തന്നെ പറഞ്ഞതായിരുന്നു. “നീ മുസ്ലീമല്ലേ, മദ്യപിക്കുമോ?” അതിന് അവൻ മറുപടി പറഞ്ഞില്ല. പിന്നെ നീ എങ്ങിനെ വണ്ടി ഓടിയ്ക്കും എന്നതായി എന്റെ അടുത്ത സംശയം. ഒരു ക്വാർട്ടർ മദ്യം കൊണ്ട് കാര്യമായി ഒന്നും സംഭവിക്കാനില്ല എന്ന് മൊഹസീൻ പറഞ്ഞത് ഞാൻ സമ്മതിച്ചു. ഞങ്ങൾ ഇപ്പോൾ ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള പഹൽഗാം എന്ന മലയോര ഗ്രാമത്തിലാണ്. ചുരുങ്ങിയത് രണ്ടര മണിക്കൂർ താമസമുണ്ട് യാത്ര തുടരാൻ.
പക്ഷേ, പിന്നീട് അവൻ പറഞ്ഞ വാക്കുളിൽ വേദനയും നിസ്സഹായതയും നിറഞ്ഞു നിന്നിരുന്നു. “സാബ് മദ്യപിക്കാതെ എനിയ്ക്ക് ഉറങ്ങാനാകില്ല”
ഞങ്ങൾ ചുറ്റിയടിച്ചു തിരിച്ച് വരുന്നതുവരെ മൊഹസീന് ഉറങ്ങണം. അതിനൊരൽപ്പം മദ്യം, അതേ വേണ്ടൂ. കണ്ടുമുട്ടിയപ്പോൾ മുതൽ അദ്ദേഹത്തോട് എന്തോ ഒരു സ്നേഹം തോന്നിയിരുന്നു. “എന്തു പറ്റി മൊഹസീൻ എന്താണ് പ്രശ്നം?”
രാജ്യത്തിന്റെ തെക്കേ അറ്റത്ത് നിന്നു എത്തിയ രണ്ടു സഞ്ചാരികൾ വടക്കേയറ്റത്തെ പാർക്കുന്ന ചെറുപ്പക്കാരന്റെ കഥ കേൾക്കുവാൻ കാത് കൂർപ്പിച്ചു.
അദ്ദേഹമൊരു നിമിഷം മടിച്ചു നിന്നിട്ട്, മറുപടിയായി രണ്ട് കാലിലേയും പാന്റ് മുകളിലേയ്ക്ക് ഉയർത്തി. ഞെട്ടിപ്പോയി− കണങ്കാൽ മുഴുവൻ തകർന്ന മുറിപ്പാടുകൾ വടുകെട്ടി കിടക്കുന്നു. പട്ടാളത്തിന്റെ വെടി കൊണ്ടതാണ്. പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഒരു തീവ്രവാദിയായിരുന്നു മൊഹസീൻ എന്ന ആ കാശ്മീരി യുവാവ്..
പതിനാറാമത്തെ വയസ്സിലാണ് പാക്കിസ്ഥാനിലേയ്ക്ക് പോയത്. എന്തിനാണ് തീവ്രവാദിയായെതെന്നോ, ആർക്കെതിരെ പടനയിക്കാനാണ് പരിശീലനം കിട്ടിയതെന്നോ അന്ന് മൊഹസീന് അറിയില്ലായിരുന്നുവത്രെ. എന്തോ വലിയ രഹസ്യ ചർച്ചകളായിരുന്നു, ഗ്രാമത്തിലെ ചെറുപ്പക്കാരുടെ ഇടയിൽ. വലിയ കാര്യത്തിന് എങ്ങോപോകുന്നു, അതീവ രഹസ്യമാണ് എന്നൊക്കെ മാത്രം അറിയാം. ഒരു സന്ധ്യയ്ക്ക് യാത്ര തിരിച്ചു. രാത്രി മുഴുവൻ അറിയാത്ത വഴിയിലൂടെ നടന്നു. പുലരാറായപ്പോൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞു, പക്കിസ്ഥാനിൽ എത്തിയെന്ന്!
ഞാനും ജയ്സണും അത്ഭുതത്തോടെ കേട്ടിരിയ്ക്കുകയാണ്.
അന്നു രാവിലെ ശ്രീനഗർ ടാക്സി സ്റ്റാൻഡിൽ വെച്ചാണ് മൊഹസീനെ കാണുന്നത് . അതുവരെ കൂടെയുണ്ടായിരുന്ന ലതീഷ് കേരളത്തിലേയ്ക്ക് പോയി. പിന്നെ ഞാനും ജയ്സണും മാത്രം. ഞങ്ങൾക്ക് പോകേണ്ടത് ജമ്മുവിലേയ്ക്ക്. ശ്രീനഗറിൽ നിന്നും ജമ്മുവിലേയ്ക്ക് പത്ത് മണിക്കൂർ യാത്രയുണ്ട്. നല്ല ടാക്സിക്കാരനെ കിട്ടിയില്ലെങ്കിൽ യാത്ര മുഷിപ്പാകും. ആദ്യ സംസാരത്തിൽ തന്നെ മൊഹസീനെ ഇഷ്ടപ്പെട്ടു. അവൻ തന്നെ വരണമെന്ന് ഞങ്ങൾ ശഠിക്കുകയായിരുന്നു.
ഇഷ്ടപ്പെട്ട ഡ്രൈവറിനെ തന്നെ തിരഞ്ഞെടുക്കുന്നതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത് ഹൈവേയിലൂടെ സഞ്ചരിയ്ക്കാതെ ആപ്പിൾ തോട്ടങ്ങൾ നിറഞ്ഞ കാഷ്മീരി ഗ്രാമങ്ങളിലൂടെ വേണം യാത്ര. പിന്നെ കഴിയുമെങ്കിൽ പകുതി ദൂരമെങ്കിലും ഡ്രൈവ് ചെയ്യാൻ കഴിയണം− മൊഹസീൻ ഇതിനു രണ്ടിനും പറ്റിയ ആൾ തന്നെ എന്ന് ആദ്യസംസാരത്തിൽ തന്നെ മനസിലായി. സ്വന്തമായി വണ്ടി വാടയ്ക്ക് എടുത്തു ഓടിച്ചു തീർക്കാവുന്നതിൽ കൂടുതൽ ദൂരമുണ്ടായിരുന്നു.
രസകരമായിരുന്നു യാത്ര. വലിയ തോട്ടങ്ങളിൽ നിറയെ കായ്ച്ചു കിടക്കുന്ന ആപ്പിൾ മരങ്ങൾ കണ്ട്, നല്ല മധുരമുള്ള ആപ്പിളുകൾ രുചിച്ച്, പെഹൽഗാമിലേയ്ക്ക് യാത്ര ചെയ്യുകയാണ്.
കിഴക്കിന്റെ സ്വിറ്റ്സർലാൻഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മിരി ഗ്രാമമാണ് പെഹൽഗാം. ദേവതാരുവും പൈൻമരങ്ങളും ഇടതൂർന്നു നിൽക്കുന്ന ചെങ്കുത്തായ മലഞ്ചെരുവുകൾ. ആകാശത്തിലേയ്ക്ക് തല ഉയർത്തി നിൽക്കുന്ന പർവ്വതങ്ങൾ. പർവ്വതാഗ്രങ്ങളെ ഇടയ്ക്കിടെ മറച്ചുകൊണ്ട് ഒഴുകി നടക്കുന്ന മേഘങ്ങൾ. നിർത്താതെ വീശുന്ന കുളിരുള്ള കാറ്റ് − ആരുടെ ഉള്ളിലും കാൽപ്പനിക ഭാവങ്ങളുണർത്തുന്ന പഹൽഗാം ഭൂമിയിലെ സ്വർഗ്ഗമാണ്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂ പാടങ്ങൾ പെഹൽഗാമിലാണ്. അനേക ഹിന്ദിസിനികൾക്കും ഗാന രംഗങ്ങൾക്കും പഹൽഗാം പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. പ്രസിദ്ധമായ അംബർനാഥ തീർത്ഥാടനം ആരംഭിക്കുന്നത് പഹൽഗാമിൽ നിന്നുമാണ്.
അങ്ങ് പർവ്വതത്തിന്റെ മുകളിലുള്ള ബെയ്‌സരൺ എന്ന മനോഹരമായ പച്ച മൈതാനം കാണാൻ ഞങ്ങൾക്ക് പോകണം. അതിന് രണ്ട് മണിക്കൂർ കുതിര സവാരിയുണ്ട്. ആ സമയത്ത് വണ്ടിയിൽ കിടന്ന് ഉറങ്ങാൻ മദ്യം വേണമെന്നാണ് മൊഹസീൻ പറയുന്നത്.. ഒരു ക്വാർട്ട്ർ ബോട്ടിൽ മദ്യം തുടരെ തുടരെ ഗ്ലാസിലൊഴ്ച്ച് മൊഹസിൻ അകത്താക്കി. നിന്റെ വിവാഹം?
നിരാശനായി മുഹസീൻ പറഞ്ഞു,− എനിയ്ക്കൊരു പെൺകുട്ടി ഉണ്ടായിരുന്നു. എന്റെ കൂടെ സ്ക്കൂളിൽ പഠിച്ചിരുന്ന ഒരു കുട്ടി. രണ്ട് മലകൾ നടന്നുകയറി വേണമായിരുന്നു സ്കൂളിൽ പോകുവാൻ. ഞങ്ങൾ ഒരുമിച്ചായിരുന്നു, എന്നും. പിന്നീട് സ്ക്കൂൾ കഴിഞ്ഞു − ഞാൻ എങ്ങിനെയോ തീവ്രവാദിയായി. ഒരിക്കൽ പട്ടാളത്തെ വെടികൊണ്ട് കാൽ രണ്ടും തകർന്നു, എങ്കിലും പിടികൊടുത്തില്ല. രഹസ്യമായി ചികിത്സിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ സർക്കാരിന്റെ ആഹ്വാനം അനുസരിച്ച് കീഴടങ്ങി. അപ്പോഴെല്ലാം അവൾ കാത്തിരിക്കുകയായിരുന്നു.....പിന്നീടും ഞങ്ങൾ കാണുമായിരുന്നു. പക്ഷേ, കുറച്ചു വർഷങ്ങൾക്ക് മുൻപ് അവളുടെ വിവാഹം കഴിഞ്ഞു.വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല− കാരണം അവൾ ഷിയയും ഞാൻ സുന്നിയും ആയിരുന്നു.
പിന്നീട് ഞാൻ മദ്യപിക്കാതെ ഉറങ്ങിയിട്ടില്ല. സുന്ദരനായ മൊഹസീനെയും ഹൃദയത്തിൽ പേറി ഏതോ കാശ്മീരി ഗ്രാമത്തിൽ ആരുടേയൊ ഭാര്യയായി കഴിയുന്ന ആ പെൺകുട്ടിയെ ഓർത്ത്. ഇപ്പോൾ ഹർത്താലോ, സമരമോ, പ്രമുഖരുടെ സന്ദർശനമോ ഉണ്ടായാൽ ഞങ്ങൾ പോലീസ് ചൗക്കിൽ ചെല്ലണം.. ആഹാരവും കിടക്കാൻ ഇടവും തരും. ഉപദ്രവിക്കാറില്ല− എപ്പോഴും നിരീക്ഷണത്തിലാണ് എന്ന് കൂട്ടുകാർ പറയുന്നു. ഓരോ ദിവസവും കഴിഞ്ഞുപോകുന്നു സാബ്... എന്റെ ജീവിതം ഇപ്പോൾ എന്റെ കൈയ്യിൽ ഇല്ല... പാവം മൊഹസീൻ...−− മൊഹസീനെപ്പോലെ ആയിരക്കണക്കിന് ചെറുപ്പക്കാർ! ജീവിതം കൈമോശം വന്നു പോയവർ!
ആരാണ് ഈ ഭൂമിക്ക് അതിർ നിശ്ചയിച്ച് ഇന്ത്യയും പാക്കിസ്ഥാനുമുണ്ടാക്കിയത്? ആരാണ് ഷിയയും സുന്നിയും ഉണ്ടാക്കിയത്. ഒരിക്കൽ കൂടി ഞാൻ മനസിൽ പറഞ്ഞു, സത്യമായും എനിക്കൊരു മതത്തോടും മമതയില്ല. ഒരു ദേശത്തോടും സ്നേഹവുമില്ല. മനുഷ്യനുണ്ടാക്കിയ അതിരുകളിൽ വിശ്വസിക്കുന്നുമില്ല.