മരിച്ചവരുടെ സംഘടന


1989ൽ ലോകസഭാതിരഞ്ഞെടുപ്പിൽ അമേഠി നിയോജക മണ്ധലത്തിൽ രാജീവ് ഗാന്ധി ഉൾപ്പടെ 47 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. 349 വോട്ട് നേടി ജയിക്കാതെയും തോൽക്കാതെയും ഒരാൾ അവശേഷിച്ചു− ലാൽ ബിഹാരി എന്ന സ്വതന്ത്ര സ്ഥാനാർത്ഥി. കാരണം അയാൾ 1975ൽ മരിച്ചു പോയിരുന്നു. അതായത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ഏകദേശം 14 കൊല്ലം മുന്പ്. ഉത്തർപ്രദേശിലെ അസംഗർ ജില്ലയിലെ റവന്യൂ ഓഫീസറാണ് ലാൽ ബിഹാരിയോട് അയാൾ മരിച്ച വിവരം പുറയുന്നത്. ഒരു ലോൺ എടുക്കുന്നതിന് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ ചെന്നതായിരുന്നു അയാൾ. മരിച്ചവിവരം അറിഞ്ഞ് ഞെട്ടിയ അയാൾ ജീവനും കൊണ്ട് പുറത്ത് കടന്നു.

ലാൽ ബിഹാരിയുടേ പിതൃസ്വത്തായി ലഭിച്ച ഒരു തുണ്ടു ഭൂമി കൈക്കലാക്കാൻ വ്യാജരേഖയുണ്ടാക്കിയത് സ്വന്തം അമ്മാവനായിരുന്നു. കൂട്ടു നിന്നത് റവന്യൂ ഉദ്യോഗസ്ഥനും. അമ്മാവൻ ലാൽ ബിഹാരിയുടെ മരണ സർട്ടിഫിക്കറ്റ് സന്പാദിച്ചു, മറ്റ് അവകാശികളില്ലാത്തതിനാൽ സ്ഥലം അമ്മാവന് തന്നെ ലഭിച്ചു. − ലാൽ ബിഹാരിയ്ക്ക് സ്ഥലവും നഷ്ടമായി, സർക്കാർ രേഖകളിൽ മരിച്ചവനായി.

തുടർന്ന് അയാൾക്ക് പഞ്ചായത്തിലെ പരേതരുടേ പട്ടികയിൽ നിന്നും ജീവനുള്ളവരുടെ ലിസ്റ്റിൽ കയറിപറ്റാൻ നീണ്ട പത്തൊൻപത് വർഷം എടുത്തു. അതിനിടയിൽ അമേഠിയിൽ മരിച്ചവനായി മത്സരിച്ചു. സർക്കാരിനയച്ച കത്തുകളിലെല്ലാം പരേതനായ ലാൽ ബിഹാരി (Late Lal Bihari) എന്നെഴുതി ഒപ്പിട്ടു. ഭാര്യയ്ക്ക് വിധവാ പെൻഷന് ശ്രമിച്ചു.

ഖലിലാബാദ് എന്ന് യു.പി ഗ്രാമത്തിൽ ജനിച്ച ബിഹാരിയുടെ അച്ഛൻ നന്നേ ചെറുപ്പത്തിൽ മരിച്ചു. മകനേയും കൊണ്ട് അമ്മ 20 കി.മി ദൂരെയുള്ള അമിലോ എന്ന സ്വഗ്രാമത്തിലേയ്ക്ക് മടങ്ങിപ്പോന്നു. അവിടെ വളർന്ന ബിഹാരി ബനാറസ് സാരികളുണ്ടാകുന്ന ഫാക്ടറിയിലെ ബാലവേലചെയ്യുന്ന ഒരു കൂലിക്കാരനായി വളർന്നു. മുതിർന്നപ്പോൾ പിതൃസ്വത്ത് തേടിചെന്ന ബിഹാരിയെയാണ് സ്വന്തം മരണവാർത്ത കാത്തിരുന്നത്. 

സ്വന്തം ഡെത്തു സർട്ടിഫികറ്റുമായി ആരംഭിച്ച വ്യവഹാരജീവിതം അയാളുടെ യൗവ്വനത്തിന്റെ സിംഹഭാഗവും കോടതിവരാന്തകളിൽ കഴിച്ചു കൂട്ടുവാൻ നിർബന്ധിതനാക്കി.

പക്ഷേ, ഇക്കാലം കൊണ്ട് ലാൽ ബിഹാരി എന്ന് നിർദ്ധനനും നിരക്ഷരനുമായ ആ സാധുകർഷകൻ ഒരു കാര്യം മനസിലാക്കി. മരിച്ചിട്ടും ജീവിക്കുന്നവൻ താൻ മാത്രമല്ല. നൂറിലധികം പേരെ സ്വന്തം നാട്ടിൽ തന്നെ കണ്ടെത്തി. അവരുടേ കൂട്ടയ്മ ആരംഭിച്ചു.− മൃതക് സംഘ് (Association of Dead)

ഇരുപതിനായിരത്തിനടത്ത് ഔദ്യോഗികമായി മരിച്ചവർ അംഗമായ വലിയൊരു സഘടനയാണ് ഇന്ന് മൃതക് സംഘ്.

മൃതരുടെ പട്ടികയിൽ രണ്ടാം വട്ടം കയറിപ്പറ്റുന്നതിന് മുൻപ് മരിച്ച ചിലരേക്കൂടി രക്ഷിക്കണം, അതാണ് ലാൽ ബിഹാരിയുടെ ഇപ്പോഴത്തെ ലക്ഷ്യം .

2003ലെ Ig Nobel Prize ലാൽ ബിഹാരിയ്ക് ലഭിച്ചു. സാമൂഹിക വിമർശനത്തിനുതകുന്ന നേട്ടങ്ങൾ കൊയ്യുന്നവർക്ക് അതൊരു തമാശയായും അതേസമയം സമൂഹത്തിന്റെ ഗൗരവകരമായ ചിന്തയ്ക്കും പരിഷ്കരണത്തിനും വേണ്ടി നൽകുന്ന പരിഹാസ−നോബൈൽ പ്രൈസാണ് Ig Nobel Prize. സ്വന്ത വിഡ്ഢിത്തം കൊണ്ട് ജീവനോ, പ്രത്യുൽപ്പാദന ശേഷിയോ നഷ്ടപ്പെടുത്തി, സ്വന്തം വംശത്തിന്റെ അന്ത്യം കുറിയ്ക്കുന്ന പരന്പരവിഡ്ഢികൾക്ക് നൽകുന്ന ഡാർവിൻ അവാർഡ് പോലെയുള്ള ഒരു അവാർഡാണ് Ig Nobel Prize. ലാൽ ബിഹാരിയുടെ ജീവിതം ആധാരമാക്കി ഒരു ഹിന്ദി ചിത്രവും നിർമ്മാണത്തിലിരിക്കുന്നു.

മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ എന്ന് പുതിയ നിയമത്തിൽ ജീസസ് പറയുന്നു. സർക്കാർ രേഖകൾ പ്രകാരം മരിച്ചവർ തങ്ങളുടെ ജീവിച്ചിരിയ്ക്കുന്നവരെ ‘അടക്കുന്ന’ ജോലിയിലാണ് മൃതക് സംഘ്!!

You might also like

Most Viewed