ഇങ്ങനെയും ഒരു വിദേശി


നിക്കോളാസ് റോറിച്ച് എന്ന് ഒരു റഷ്യക്കാരനുണ്ടായിരുന്നു. ഭാര്യ ഹെലൻ റോറിച്ച്, രണ്ട് മക്കൾ മക്കൾ − യൂറി റോറിച്ച്, സ്വെതോസ്ലൊവ് റോറിച്ച്.

ഒക്ടോബർ വിപ്ലവം നടക്കുന്നതിന് തൊട്ടുമുൻപ് നിക്കോളാസ് അമേരിയ്ക്കയിലേയ്ക്ക് കുടിയേറി. എന്തുകൊണ്ടോ അമേരിയ്ക്കയിലെ വാസം സുഖകരമായില്ല− യൂറോപ്പിലെ പല രാജ്യങ്ങളും ചുറ്റിത്തിരിഞ്ഞ് എല്ലാ യാത്രകളും അവസാനിക്കുന്ന ഇന്ത്യയിൽ എത്തി−, അതും ഹിമാലയത്തിൽ. ഹിമാചൽ പ്രദേശിലെ ബ്യാസ് നദീയുടെ കരയിലെ നഗ്ഗാർ മലഞ്ചെരുവിൽ താമസമാക്കി. വ്യാസമഹർഷിയുടെ അവിടുത്തെ ഉച്ചാരണ ബ്യാസ് എന്നാണ് ഈ നദിയുടെ പ്രഭവസ്ഥാനത്തെ പറയുന്നത്. ഒരു ഗ്രാമത്തിലാണത്രേ വ്യാസന്റെ ജനനം.

ചിത്രകാരൻ, പുരാവസ്തുഗവേഷകൻ, ആദ്ധ്യാത്മികഗുരു, തത്വ ചിന്തകൻ, എഴുത്തുകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അഭിരുചിയും പാണ്ധിത്യവുണ്ടായിരുന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നു നികോളാസ്. ഏതാണ്ട് 7000ലധികം ചിത്രങ്ങൾ രചിച്ച നിക്കോളാസിന്റെ ചിത്രങ്ങൾ ലോകത്തിലെ പ്രശസ്തമായ എല്ലാ മ്യൂസിയങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇന്ത്യൻ ആദ്ധ്യാത്മിക ചിന്തകളോട് ആഭിമുഖ്യമുണ്ടായിരുന്ന നിക്കോളാസും ഹെലനും ചേർന്ന് അഗ്നിയോഗ എന്ന ധ്യാന പദ്ധതിയ്ക്ക് രൂപം കൊടുത്തു. − പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ ശാസ്ത്രീയ അറിവുകളും അദ്ധ്യാത്മിക ചിന്തകളും പങ്കു വെയ്ക്കപ്പെടേണ്ടതാണെന്ന് അവർ കരുതി.

ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെയും അറിവിനേയും പുരാണങ്ങളിൽ കൊണ്ടുപോയി തളയ്ക്കുന്ന മണ്ടൻ ആശയക്കാരനയിരുന്നില്ല നിക്കോളാസ്− അതുകൊണ്ടായിരിയ്ക്കാം പിതാവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന മകൻ ജോർജ്ജ് (യൂറി) അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനായിത്തീർന്നു.

അനേകം ഇന്ത്യക്കാർ, സുരക്ഷിതത്തിനും സുഖ ജീവിതത്തിനും വേണ്ടി നാടുവിട്ടു പോയപ്പോൾ നിക്കോളാസിനു പ്രിയം തോന്നിയത് ഇന്ത്യയോടായിരുന്നു. നഗ്ഗാർ മലഞ്ചെരുവിൽ നിക്കോളാസ് താമസസ്ഥലം ഒരുക്കി. മലനിറയെ ദേവതാരു മരങ്ങൾ വെച്ചു പിടിപ്പിച്ചു. മനോഹരമായ ഒരു ചെറു വീടും പണിതു. നെഹ്റുവും ഇന്ദിരയും പല ദിവസങ്ങൾ ഈ വീട്ടിൽ നിക്കോളാസിനൊപ്പം താമസിച്ചിട്ടുണ്ട്.

അമേരിയ്ക്കൻ പ്രസിഡണ്ട് ഉൾപ്പടെ പല ലോക നേതാക്കളുമായി ആ കുടുംബം അടുത്ത ബന്ധം പുലർത്തിയിരുന്നു. മൂന്ന് പ്രാവശ്യം അദ്ദേഹത്തിന്റെ പേര് നോബൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടു.

ഇന്ത്യയെ സ്നേഹിച്ച് ഇന്ത്യൻ തത്വചിന്തകളിൽ ആകൃഷ്ടനായ ആ വലിയ മനുഷ്യൻ 1947ൽ മരിച്ചു. തന്നെ എന്നും വിസ്മയിപ്പിക്കുകയും വികാരം കൊള്ളിക്കുകയും ചെയ്ത ഹിമാലയത്തിന് അഭിമുഖമായി നഗ്ഗാർ മലഞ്ചെരുവിൽ നിക്കോളാസിനെ അടക്കം ചെയ്തു.

മകൻ സ്വെതോസ്ലൊവ്റോറിച്ച് രബീന്ദ്ര നാഥ ടാഗോറിന്റെ കൊച്ചുമകളും ഇന്ത്യൻ സിനിമയുടെ മാതാവുമായ ദേവിക റാണിയെ വിവാഹം കഴിച്ചു.

നിക്കോളാസിന് കൊച്ചു മക്കളൊന്നും ഉണ്ടായിരുന്നില്ല. 1874ൽ സെന്റ് ബപീറ്റേഴ്സ് ബർഗ്ഗിൽ ജനിച്ച് നിക്കോളാസ് റോറിച്ചിന്റെ കുടംബം മക്കളുടെ തലമുറയോടെ അവസാനിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ ആ കുടുംബത്തിന്റെ സ്മാരകങ്ങൾ ഉണ്ടെങ്കിലും അവരുടെ ഭൗതിക ശരീരം ഈ മണ്ണിൽ വിശ്രമിക്കുന്നു.

ചരിത്രാതീത കാലം മുതൽ അനേക വിദേശികൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അതിഥികളായി വന്നെത്തി പിന്നീട് ഉടയവനായി തീർന്ന കഥയാണ് മിക്കവരുടേയും. തേയില കാപ്പിയും കൃഷി ചെയ്യിപ്പിച്ച്, തലച്ചുമടായും മൃഗവാഹനങ്ങളിലും കയറ്റി തുറമുഖങ്ങളിൽ എത്തിച്ച് നാടിനെ കൊള്ളയടിച്ചവരായിരുന്നു ഭൂരിപക്ഷവും.

എങ്കിലും നിക്കോളാസ് റോറിച്ചെനെ പ്പോലെ ചുരുക്കം ചിലരെങ്കിലും ഇവിടെ വന്ന് ജീവിച്ച് മരിച്ചിട്ടുണ്ട്. അവരെ ഒന്നും കാലം മറന്നു പോകുന്നില്ല.

നഗ്ഗാർ മലഞ്ചെരുവ് നിറയെ വളർന്നു നിൽക്കുന്ന കൂറ്റൻ ദേവതാരു മരങ്ങൾ നിക്കോളാസ് നട്ട് വളർത്തിയവായാണ്. ഇന്ത്യൻ ഗവൺമെന്റും റഷ്യൻ ഗവർമെന്റും ചേർന്ന് നിക്കോളാസിന്റെ വീട് ഒരു മ്യൂസിയമായി പരിപാലിക്കുന്നു−. ഇരു രാജ്യങ്ങളുടെയും സംയുക്തമായി സംരംഭമായി വീടിനോട് ചേർന്ന് ഒരു ഗവേഷണ കേന്ദ്രവും പ്രവർത്തിക്കുന്നു.

ഹിമാചലിൽ എത്തുന്നവർ, കുളു താഴ−്വരയോട് ചേർന്ന് ബ്യാസ് നദിയുടെ മറു കരയിലെ നഗ്ഗാർ മല കയാറാതിരിക്കരുത്. മലയുടെ മുകൾ വരെയും കോൺക്രീറ്റ് നടപ്പാതയുണ്ട്. ഇരുവശവും കൂറ്റൻ ദേവതാരു മരങ്ങളുണ്ട്. അങ്ങ് മുകളിൽ നിക്കോളാസിന്റെ ശവ കുടീരമുണ്ട്. ഇങ്ങനെയും ചില മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്ന് ചിന്തിച്ച് ശാന്തമായി അൽപ്പസമയം ഇരിക്കാൻ ഇരിപ്പടങ്ങളുള്ള മൈതാനവും ഉണ്ട്.

You might also like

Most Viewed