മൂന്നാർ ചരിതം
മൂന്നിലോ നാലിലോ വെച്ച് ഒരു നെഞ്ചുവേദന വന്നപ്പോൾ ചികിത്സയ്ക്ക് വേണ്ടിയാണ് ആദ്യമായി മൂന്നാറിൽ പോയത്. മറ്റ് അസുഖങ്ങൾ വരുന്പോഴൊക്കെ നാട്ടിലെ മരോട്ടിക്ക വൈദ്യന്റെ മരുന്ന് കടയിൽ നിന്നും കലക്കിവെച്ചിരിക്കുന്ന ഒരു ചുവന്ന വെള്ളം മേടിക്കും. അടിയിൽ വെളുത്ത ഒരു പൊടി അടിഞ്ഞു കിടക്കും. മരുന്നിന് ചെല്ലുന്ന എല്ലാവരും ഒരു കുപ്പി കരുതിയിരിക്കണം. അസുഖമെന്തായാലും ഈ ഒരൊറ്റ മരുന്ന് മാത്രം. രോഗികൾക്ക് പരാതിയുണ്ടായിരുന്നില്ല, അസുഖം മാറുകയും ചെയ്യുമായിരുന്നു.
പക്ഷേ മൂന്നാറിലെ ആശുപത്രി അങ്ങിനെ ആയിരുന്നില്ല. കരിങ്കൽ കെട്ടിയ കൂറ്റൻ കെട്ടിടം. രാവിലെ രോഗിയ്ക്കും കൂടെ നിൽക്കുന്നവർക്കും കുടിക്കാൻ പാൽ, മധുരമുള്ള റൊട്ടി, മൂന്ന് നേരവും നല്ല ആഹാരം. രണ്ട് നേരം കൊന്പും കുഴലുമായി പരിശോധിക്കാൻ ഡോക്ടർമാർ, എല്ലാം സൗജന്യം. ആശുപത്രി വാതിക്കൽ കൊയ്യാപ്പളം (പേരയ്ക്ക) വിൽക്കുന്ന മുക്കൂത്തിയുള്ള തമിഴ് വല്യമ്മയുടെ പെട്ടിക്കട ഇന്നും ഓർമ്മയുണ്ട്. ആശുപത്രിയിലേയ്ക്ക് കയറുന്നിടത്ത് റോഡിൽ കന്പി പാകി അടിയിലൂടെ ഓട, വല്ലപ്പോഴും വരുന്ന വാഹനങ്ങൾ കടകട ശബ്ദമുണ്ടാക്കി കൊണ്ട് കടന്നു പോകും.
ടാറ്റാ ടീ ജനറൽ ആശുപത്രിയുടെ ചരിത്രം ആരംഭിക്കുന്നത് 1890ൽ ആണ്. അപ്പോഴേയ്ക്കും തേയില തോട്ടം കൃഷി തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരുന്നു. ഒരു അപ്പോത്തിക്കിരി മാസത്തിലൊരിക്കൽ എല്ലാ ലയങ്ങളും സന്ദർശിക്കണം എന്നതായിരുന്നു കന്പനിയുടെ അന്നത്തെ തീരുമാനം. പിന്നേയും ഒന്‍പത് വർഷം കഴിഞ്ഞാണ് ഒരു സ്ഥിരം ഡോക്ടർ മൂന്നാറിൽ എത്തുന്നത്. സ്കോട് ലാൻഡ്കാരൻ ഡോ. കെർ. 1909 മുതൽ 1924ലെ വൻ വെള്ളപ്പൊക്കം വരെ അദ്ദേഹം മൂന്നാറിൽ ഉണ്ടായിരുന്നു. അദ്ദേഹം നല്ല തണ്ണി എേസ്റ്ററ്റിൽ കെട്ടിപ്പടുത്ത ആശുപത്രിയാണ് പിന്നീട് ടാറ്റാ ടീ ജനറൽ ആശുപത്രിയായി തീർന്നത്.
ചരിത്രം ഉറങ്ങുന്ന അത്‍ഭുത മലനിരകളാണ് മൂന്നാറിലേത്. മൂന്നാറിന്റെ കാർഷിക പ്രാധാനം തിരിച്ചറിഞ്ഞ ജെ.ഡി മൺറോ സായിപ്പ് പൂഞ്ഞാർ രാജകുടുംബത്തിൽ നിന്നും 570 സ്ക്വയർ കിലോ മീറ്റർ പാട്ടത്തിന്‍ വാങ്ങിയത് 5000 രൂപ ഡിപോസിറ്റും 3000 രൂപ വാടകയും പറഞ്ഞ് ഒത്തിട്ടാണ്. ഏലവും കാപ്പിയും കൃഷി ചെയ്ത് പരീക്ഷിച്ചെങ്കിലും 1877ൽ ടർണർ സായിപ്പാണ് ദേവികുളം തടാകത്തിന് സമീപം ആദ്യമായി തേയില നട്ടുപിടിപ്പിച്ചത്.
രാജ്യത്തെ ആദ്യത്തെ മോണോ റെയിൽ സ്ഥാപിച്ചത് 1902 മൂന്നാറിലാണ്. ഇവിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന മോണോ റെയിലിൽ ഒരു ചക്രം ഒറ്റ റെയിലിലൂടെ നീങ്ങുന്പോൾ സമാന്തരമായി മറ്റൊരു ചക്രം മണ്ണിലൂടെ കറങ്ങി ട്രെയിൻ ബാലൻസ് ചെയ്യാൻ സഹായിക്കും. കാളകളാണ് മൂന്നാറിലെ മോണോ റെയിൽ വലിച്ചിരുന്നത്. ഡൽഹി നാഷ്ണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന പാട്യാലാ േസ്റ്ററ്റ് മോണൊ റെയിൽ ആയിരുന്നു രാജ്യത്തെ രണ്ടാമത്തെ മോണോ റെയിൽ. ഇവിൻ സാങ്കേതിക വിദ്യയിൽ ഇന്നും പ്രവർത്തനക്ഷമമായ ലോകത്തെ ഏക ട്രെയിൻ ഇത് മാത്രമാണ്. 1908ൽ മൂന്നാറിലെ മോണോ റെയിൽ നാരോ ഗേജ് റെയിൽവേയായി പരിഷ്കരിച്ച് ആവി യന്ത്രത്തിൽ പ്രവർത്തനം അരംഭിച്ചു. ഒരു വലിയ ഗതാഗത സംവിധാനം വഴിനടത്തിവന്ന സാമ്രാജത്വ ചൂഷണത്തിന്റെ പ്രധാന കണ്ണിയായിരുന്നു ഈ കുണ്ടളവാലി റെയിൽ വേ. മൂന്നാറിൽ നിന്നുംസംസ്ക്കരിച്ച തേയിലപ്പൊടി ട്രെയിൻ വഴി ടോപ് േസ്റ്റഷനിൽ എത്തിക്കും. അവിടെ നിന്നും റോപ്‌വേ വഴി തമിഴ്നാട്ടിലെ ചെറുപട്ടണമായ ബോഡിനായ്ക്കനൂരിന് സമീപം കൊട്ടഗുഡിയിലേയ്ക്ക് കുത്തനെ താഴോട്ട് ഇറക്കികൊണ്ടുപോകും. പിന്നീട് ബോഡിയിൽ നിന്നും തൂത്തുക്കുടി, മദിരാശി തുറമുഖങ്ങളിൽ തീവണ്ടി മാർഗ്‍ഗം എത്തിച്ച് വലിയ കണ്ടെയിനറുകളിലാക്കി ഇംഗ്ലണ്ടിൽ എത്തിക്കുമായിരുന്നു.
1924ലെ വൻവെള്ളപ്പൊക്കത്തിലും പേമാരിയിലുംപ്പെട്ട് ഈ റെയിൽ സംവിധാനം പുനർനിർമ്മാണം ചെയ്യാൻ കഴിയാത്തവിധം താറുമാറായി. അപ്പോഴേയ്ക്കും മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് കൊണ്ടുവന്ന് സ്ഥാപിച്ച കൂറ്റൻ റോപ് വേ ഡാം നിർമ്മാണം കഴിഞ്ഞ് ഉപയോയോഗമില്ലാതെ ഇരിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും അഴിച്ചുകൊണ്ട് വന്ന് മൂന്നാറിൽ സ്ഥാപിച്ച ഈ റോപ് വേ 1969 വരെ പ്രവർത്തന ക്ഷമമായിരുന്നു.
ഇന്നലെയുംകൂടി കൂടെ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരൻ വിദേശ ഭരണത്തിൽ ഇന്ത്യയ്ക്ക് വലിയ വികസനങ്ങൾ കൈവന്നു എന്ന് അവകാശപ്പെടുന്നത് കേട്ടു. വിഭവസമൃദ്ധമായിരുന്ന ഒരു നാടിനെ കൊള്ളയടിക്കുന്നതിന് കെട്ടിയ പാലങ്ങളും റോഡുകളും ആയിരുന്നെന്ന് മനസിലാക്കാത്ത ഇന്ത്യാക്കർ ഇന്ന് പോലും ഉണ്ട്. വെറുതെ വിദേശിയെ കുറ്റം പറയണോ?
പക്ഷേ, ഒരു കാര്യം സത്യമാണ് ഇനി ഒരു അൻപതു കൊല്ലം കഴിഞ്ഞാലും ഹൈറേഞ്ചിനെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഒരു മലയോര റെയിൽവേ സാധ്യമാകുമെന്ന് തോന്നുന്നില്ല. ഒരു നൂറ്റാണ്ട് മുന്പ് പ്രവർത്തന നിരതമായിരുന്ന ഈ കുണ്ടളവാലി റെയിൽവേയുടെ പല ഭാഗങ്ങളും ഇന്നും മൂന്നാറിൽ ചിതറി കിടപ്പുണ്ട്. മനം മയക്കുന്ന മനോഹരദൃശ്യങ്ങൾക്കൊപ്പം ചരിത്രമുറങ്ങുന്ന മണ്ണുകൂടിയാണ് മൂന്നാറിന്റേത്.