ലോണാവാല


ബോംബെയിലേയും പൂനെയിലേയും തിരക്കുപിടിച്ച ജീവിതത്തിനിടയിൽനിന്നും മാറി ഒരൽപ്പസമയം വിശ്രമിയ്ക്കാൻ പറ്റിയ സ്ഥമാണ് ലോണാവാലയും കണ്ടാലയും. ബോംബെ-−പൂനെ എക്സ്പ്രസ്സ് ഹൈവേയിൽ ബോംബെയിൽ നിന്നും 94 കി.മി ദൂരെയാണ് ലോണാവാല ഹിൽേസ്റ്റഷൻ. അഞ്ച് കി.മി കൂടെ മുന്നോട്ട് പോയാൽ കണ്ടാലയിൽ എത്തിച്ചേരും. എക്സ്പ്രസ്സ് ഹൈവേയിലൂടെ ഇരു ചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും അനിവദനീയമല്ലാത്തതിനാൽ അങ്ങനെയുള്ളവർക്ക് ബോംബെയിൽ നിന്നും എൻ.എച്ച് നാലിലൂടെ യാത്ര ചെയ്യാവുന്നതാണ്. പശ്ചിമ ഘട്ട മലനിരകളുടെ ഏറ്റവും മനോഹരമായ ദൃശ്യം ലോണാവാലയിൽ നിന്നും കാണാൻ സാധിക്കുന്നു എന്നതാണ് ഈ സ്ഥലത്തിന്റെ പ്രധാന പ്രത്യേകത. 

ഇടതൂർന്ന വനങ്ങളില്ലെങ്കിലും കടുംതൂക്കായ കുന്നിൽ ചരിവുകളും, ഒറ്റയാനായി തല ഉയർത്തി നിൽക്കുന്ന ശിവലിംഗ പർവ്വതവും നിരവധി വെള്ളച്ചാട്ടങ്ങളും കണ്ടാലയിലേയും ലോണാവാലയിലേയും ആകർഷണങ്ങളാണ്. ഭൂപ്രകൃതികൊണ്ട് ഷില്ലോംഗിനും ചിറാപുഞ്ചിക്കും സമാനമായ സ്ഥലങ്ങളാണ് ഈ ഇരട്ട സുഖവാസകേന്ദ്രങ്ങൾ.

മൺസൂൺ കഴിയുന്പോൾ സന്ദർശിച്ചാൽ മലകൾ നിറയെ പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്ന മനോഹര ദൃശ്യം കണ്ട് മടങ്ങാനാകും. എല്ലാ നിലവാരത്തിലുമുള്ള ധാരാളം ഹോട്ടലുകളും റിസോർട്ടുകളും ഇവിടെയുണ്ട്. വിവിധയിനം നാടൻ ‘കടലമിഠായി’ ഉണ്ടാക്കുന്നതിൽ പ്രസിദ്ധമാണ് ലോണാവാല. അമീർ ഖാന്റെ ‘ആദി ക്യ കണ്ടാലാ...’ എന്ന പാട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഈ വിനോദസഞ്ചാര കേന്ദ്രം ഹിന്ദിയിലെ ബിഗ് ബോസ് ഉൾപ്പടെ ധാരാളം ഹിറ്റ് ചിത്രങ്ങൾക്ക് പശ്ചാത്തലമൊരുക്കിയിട്ടുണ്ട്.

ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ ബുദ്ധ സന്യാസിമാർ ധ്യാനിച്ചിരുന്ന കർളാ ഗുഹകൾ, ബുഷി ഡാം, മലയാളിയായ സുനിൽ കന്ഥല്ലൂർ നിർമ്മിച്ച മെഴുകു മ്യൂസിയം, പശ്ചിമഘട്ട മലനിരകളുടെ ഉത്ഭവമായ റാജ്മച്ചി പോയിന്റ്, ലയൺസ് പോയിന്റ്, ഡ്യൂക്സ് നോസ് എന്നിങ്ങനെ നിരവധി മനോഹരമായ സ്ഥലങ്ങൾ ലോണാവാലയിലും കണ്ടാലയിലും യാത്രികരെ കാത്തിരിയ്ക്കുന്നു. സാഹസിക യാത്ര നടത്തുന്നവർക്ക് ട്രക്കിംഗിനും പറ്റിയ നിരവധി സ്ഥലങ്ങളും ലോണാവാലയിൽ ഉണ്ട്.

രാവിലെ തിരിച്ചാൽ വൈകുന്നേരം തിരികെ ബോംബെയിലോ പൂനെയിലോ എത്തിച്ചേരാൻ കഴിയുമെങ്കിലും പൊതുവേ മലയാളികൾ ഈ സ്ഥലങ്ങളെ ഒഴിവാക്കുന്നതായിട്ടാണ് തോന്നുന്നത്. അവധികിട്ടിയാൽ നാട്ടിലെത്താനുള്ള വ്യഗ്രതകൊണ്ടാകാം! 

You might also like

Most Viewed