തിക്സേ മൊണാസ്റ്റ്രി
സിന്ധു നദീ തീരത്ത് സ്ഥിതിചെയ്യുന്ന തിക്സേ മൊണാസ്റ്റ്രി ലഡാക്കിലെ ഏറ്റവും വലിയ ബുദ്ധവിഹാരമാണ്. 80 ലാമകളും അതിന്റെ തലവനായി ഒരു റിംന്പോച്ചെയുമാണ് ഇപ്പോൾ ഈ മൊണാസ്റ്റ്രിയിൽ ഉള്ളത്.
ഹിമാലയത്തിലെ മൊണാസ്ട്രികൾ മലയുടെ ചരുവിന് അനുസരിച്ച് തട്ടുതട്ടുകളായി മലമുകൾ വരെ പണിതിരിയ്ക്കുന്ന മനോഹര നിർമ്മിതികളാണ്. മണ്ണും തടിയും മാത്രമുപയോഗിച്ച് പണിതിരിയ്ക്കുന്ന മൊണാസ്റ്റ്രികൾ പലതും അഞ്ഞൂറിലധികം വർഷം പഴക്കമുള്ളവയാണ്. അമിതമായി തണുപ്പ് തങ്ങി നിൽക്കും എന്നതുകൊണ്ട് പുതുക്കി പണിയുന്പോഴും സിമന്റ് കഴിയുന്നത്ര ഉപയോഗിക്കാറില്ല.
തിക്സേ മൊണാസ്റ്റ്രിയ്ക്ക് 12 നില ഉയരമുണ്ട്. ഏറ്റവും താഴത്തെ നിലയിൽ ലാമകളും കുട്ടി ലാമകളും താമസിയ്ക്കുന്ന മുറികളാണ്. ഒരു വലിയ ലാമയും ഒരു കുട്ടി ലാമയും ഒരു മുറി പങ്കിടുന്നു. 8 വയസ്സിനും 12 വയസിനും ഇടയിലാണ് കുട്ടികൾ സന്ന്യാസം തിരഞ്ഞെടുക്കുന്നതും വിഹാരങ്ങളിൽ എത്തുന്നതും. പിന്നെ ഉദ്ദേശം ഇരുപതു വയസ്സുവരെ വിവിധയിടങ്ങളിൽ മതപഠനം, കൂടെ ഔപചാരിക വിദ്യാഭ്യാഭ്യാസവും ലഭിക്കും.
സന്യാസം തുടരാൻ ആഗ്രഹിക്കുന്നവരെ ലാമകളാക്കുന്ന ചടങ്ങ് അതിനു ശേഷമാണ്. ഇത്തരം ബുദ്ധ സന്യാസിമാർ പിന്നീട് ബുദ്ധവിഹാരം ഉപേക്ഷിച്ച് പുറത്തുപോകാറില്ല. താല്പര്യമുള്ള ആർക്കും ഇങ്ങനെ ലാമ ആകുവാൻ കഴിയും. പക്ഷേ, അവരുടെ തൊട്ടുമുകളിലെ ആദ്ധ്യാത്മീക പദവിയായ റിംന്പോച്ചെ ആകണമെങ്കിൽ ചില മുജ്ജന്മ തെളിവുകൾ ലഭിക്കണം. മുജ്ജന്മ ബന്ധങ്ങൾ തെളിയിക്കുന്നതിന് ചില പരന്പരാഗത രീതികളും ആചാരങ്ങളും ഉണ്ട്. അങ്ങിനെ തെളിയക്കപ്പെട്ട ഒരു റിംന്പോച്ചെ എല്ലാ മൊണാസ്ട്രിയിലും ഉണ്ടായിരിയ്ക്കും.
തിക്സേ മൊണാസ്ട്രിയിലെ റിംന്പോച്ചെ താമസിയ്ക്കുന്ന മുറി ഏറ്റവും മുകളിലത്തെ നിലയിലാണ്. നിത്യം നടക്കുന്ന പ്രഭാത ആരാധനകളിൽ റിംന്പോച്ചെ പങ്കെടുക്കാറില്ല. വിശേഷ ദിവസങ്ങളിലെ പ്രാർത്ഥനകളിൽ മാത്രമേ അദ്ദേഹം പങ്കെടുക്കുകയുള്ളൂ. ബുദ്ധ പ്രതിമയുടെ അടുത്തേയ്ക്ക് നടന്നു പോകുന്ന നടപ്പാതയുടെ ഇരുവശങ്ങളിലും ചമ്രം പടിഞ്ഞിരുന്ന് ലാമകൾ മൃദുസ്വരത്തിൽ പ്രാർത്ഥനകൾ ഉരുവിടുന്നു. റിംന്പോച്ചെയുടെ ഒരു വലിയ ചിത്രം ഉയർന്ന സിംഹാസനത്തിലേറ്റി വച്ചിരിയ്ക്കുന്നു. മൊണാസ്റ്റ്രി സന്ദർശിച്ചപ്പോൾ റിന്പോച്ചയെ കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്തുകൊണ്ടോ അദ്ദേഹം നിരസിച്ചു. നിമിത്തങ്ങളിലും ലക്ഷണങ്ങളും വിശ്വസിയ്ക്കുന്ന ഒരു വിഭാഗമാണത്രേ അവർ.
ഭിത്തികളിൽ പഴകിയ ചുവർ ചിത്രങ്ങൾ. എങ്ങും കടും നിറത്തിലുള്ള തുണികളും തോരണങ്ങളും ഇടുങ്ങിയ വരാന്തകൾ− ഒരു പഴയകാല കെട്ടിടത്തിന്റെ എല്ലാ സ്വഭാവങ്ങളും തിക്സേ മൊണാസ്റ്റ്രിയ്ക്ക് ഉണ്ട്.
ഭാവി ബുദ്ധനായ മൈത്രേയന്റെ 40 അടി ഉയരമുള്ള ഒരു കൂറ്റൻ പ്രതിമ ഈ ബുദ്ധവിഹാരത്തിൽ സ്ഥാപിച്ചിരിയ്ക്കുന്നു. ഭൂമിയിൽ അധർമ്മം പെരുകുന്പോൾ മൈത്രേയൻ അവതരിയ്ക്കുമെന്നാണ് ബുദ്ധമത വിശ്വാസം. ടിബറ്റൻ പരന്പരാഗത മരുന്ന് ശാലകൾ, പൊതു ഭക്ഷണശാല ചെറുകിട കച്ചവട സ്ഥാപനങ്ങൾ എന്നിവ നടത്തിയാണ് തിക്സേ മൊണാസ്ട്രി ചിലവുകൾക്കുള്ള പണം കണ്ടെത്തുന്നത്.
ദിൽസേ എന്ന ഹിന്ദി ചിത്രത്തിലെ സത്രാൻഗി രെ, തഷാൻ എന്ന ചിത്രത്തിലെ ഫലക് തക് എന്നിങ്ങനെ ഒട്ടനവധി ഹിന്ദി സിനിമ ഗാനരംഗങ്ങൾ തിക്സേ മൊണാസ്ട്രിയിൽ െവച്ച് ചിത്രീകരച്ചിട്ടുണ്ട്.
കാശ്മീരിലെ ലേയ് പട്ടണത്തിൽ നിന്നും 19 കിലോമീറ്റർ ദൂരെ തിക്സേ ഗ്രാമത്തിലാണ് ഈ പുരാതന മൊണാസ്റ്റ്രി സ്ഥിതി ചെയ്യുന്നത്. പാമ്ങോങ്ങ് തടാകം സന്ദർശിക്കുന്നവർക്ക് മാർഗ്ഗമധ്യേ ഈ ബുദ്ധവിഹാരം കൂടി കാണുന്നത് ഒരു നല്ല അനുഭവമായിരിക്കും.