രാജ്യത്തിനുള്ളിലെ രാജ്യം


ഇന്ത്യക്കുള്ളിൽ മറ്റൊരു രാജ്യത്തിന്റെ പാർലമെന്റ് ഉണ്ടെന്നും മന്ത്രിമാർ ഉൾപ്പടെ ഭരണാധികാരികൾ വസിയ്ക്കുന്നുണ്ടെന്നും അറിയാമോ?

1991 ഔദ്യോഗികമായി അംഗീകരിച്ച ഒരു ഭരണഘടന, നാൽപ്പത്തി നാല് അംഗങ്ങളുള്ള ഒരു പാർലമെന്റ്, ജുഡീഷ്യറി സംവിധാനം, ക്യാബിനറ്റും അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന എക്സിക്യൂട്ടീവ് എന്നിങ്ങനെ എല്ലാ സംവിധാനങ്ങളോടും കൂടി പ്രവർത്തിക്കുന്ന വിദേശ ഭരണത്തിന്റെ സിരാകേന്ദ്രമാണ് ഹിമാചൽപ്രദേശിലെ ധർമ്മശാല.

1959−ൽ ചൈന അധിനിവേശം നടത്തിയപ്പോൾ പാലായനം ചെയ്ത ടിബറ്റൻ പ്രവാസികളുടെ താൽക്കാലിക ഭരണ സംവിധാനമായ സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷനാണിത്. 2001വരെ രാജ്യമില്ലാത്ത ഈ ഭരണകൂടത്തിന്റെ അധിപൻ 14−ാം ദലൈലാമയായ ടെൻസിൻ ഗ്യാസ്റ്റോ ആയിരുന്നു. 2001ൽ നിർണ്ണായകമായ ഒരു നിയമ നിർമ്മാണത്തിലൂടെ ദലൈലാമ രാഷ്ട്രീയ അധികാരവും മതനേതൃത്വവും വേർതിരിയ്ക്കുകയും ജനാധിപത്യ രീതിയിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ഏക നിയമ നിർമ്മാണ ക്ഷേത്ര (യൂണികാർമ്മൽ) മാതൃകയിലുള്ള സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ഡോ. ലോബ്സാങ് സങെ ആണ്. 

 ദൈവികാധികാരമുണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്ന മതാധികാര− ഫ്യൂഡൽ അടിമചങ്ങലയിൽ നിന്നും ടിബറ്റിനെ മോചിപ്പിക്കുകയായിരുന്നു എന്നാണ് കമ്യൂണിസ്റ്റ് ചൈനയുടെ ഭാഷ്യം. പക്ഷേ, ഇന്ത്യയുമായി അതിർത്തിപങ്കിടുന്ന തന്ത്രപ്രധാനമായ ഒരു ഭൂവിഭാഗം എന്നതിലുപരി ചൈനയ്ക്ക് ടിബറ്റിന്റെ വകസനത്തിൽ വലിയ താൽപ്പര്യമൊന്നും ഇല്ല. 

1959 മുതൽ ചൈന അധിനിവേശ ടിബറ്റിൽ നിന്നും ഏതാണ്ട് ഒന്നര ലക്ഷം ടിബറ്റ് പൗരന്മാർ പ്രവാസത്തിലാണ്. അതിൽ ഒരു ലക്ഷത്തോളം പേർ ഇന്ത്യയിലാണുള്ളത്, അതുകൊണ്ട് പ്രവാസ− ടിബറ്റ് ജനതയുടെ താൽക്കാലിക സർക്കാരിന്റെ കേന്ദ്രവും ഇന്ത്യ തന്നെ. സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ ടിബറ്റിന്റെ ഭരണം തിരികെ പിടിയ്ക്കുന്നതിനുള്ള സംവിധാനമല്ല. ടിബറ്റിന് സ്വയം ഭരണാധികാരം ലഭിക്കുന്നതുവരെ പ്രവാസത്തിലിരിക്കുന്ന ടിബറ്റുകാരുടെ, തൊഴിൽ, വിദ്യാഭ്യാസം, പൈതൃക സംരക്ഷണം തുടങ്ങിയ സർവ്വതോന്മുഖമായ സാമൂഹിക−സാംസ്ക്കാരിക− ക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയാണ് ഉദ്ദേശ്യം. 

ടിബറ്റൻ ആവാസ കേന്ദ്രങ്ങൾ കാണുന്നതിനും ദലൈലാമയുടെ ബുദ്ധവിഹാരം സന്ദർശിക്കുന്നതുമാണ് ഒരു ശൈത്യകാലത്ത് ധർമ്മശാല സന്ദർശിച്ചത്. ഹിമാചലിലെ സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ കുള്ളുവിൽ നിന്നും 214 കി.മീ റോഡുമാർഗ്ഗം സഞ്ചരിച്ചാൽ ധർമ്മശാലയിൽ എത്തിച്ചേരാം. ചെങ്കുത്തായ ചരുവുകളിലൂടേയുള്ള മലന്പാതയിൽ തദ്ദേശവാസികളോടൊപ്പമുള്ള ബസ്സ് യാത്ര രസകരമാണ്. ഭാഷയും വേഷവും ആചാരങ്ങളും നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തം. പർവ്വതപ്രദേങ്ങളിലും കാലാവസ്ഥ പ്രതികൂലമായ ഇടങ്ങളിലും വസിക്കുന്നവർ പൊതുവേ മൃദുഭാഷികളും ശാന്തസ്വഭാവക്കാരും ആണെന്ന് തോന്നുന്നു. 

കുടുസ്സുവഴികളും പഴയ കെട്ടിടങ്ങളുമുള്ള ധർമ്മശാല ഏതൊരു ഹിമാലയൻ പട്ടണത്തേയും പോലെ മലഞ്ചെരുവിൽ തട്ടുകളായി പണിതിരിക്കുന്നു. നിരത്തുകളിലെല്ലാം തല മുണ്ധനം ചെയ്ത് കുങ്കുമ നിറത്തിനുള്ള വസ്ത്രം ധരിച്ച ടിബറ്റൻ ബുദ്ധസന്യാസിമാരെ കാണാം. റ്റിബറ്റ് മരുന്നുകളും കരകൗശല വസ്തുക്കളും തുണിത്തരങ്ങളും വിൽക്കുന്ന കടകളാണെല്ലായിടത്തും.

ധർമ്മശാലയിൽ നിന്നും നാല് കിലോമീറ്റർ വീണ്ടും സഞ്ചരിച്ചാൽ മക്ലോഡ് ഗഞ്ചിൽ എത്തിച്ചേരും. അവിടെയാണ് ദലൈലാമയുടെ ആസ്ഥാനവും ബുദ്ധവിഹാരവും. ബ്രിട്ടീഷ് ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥർ സുഖവാസത്തിന് പോയിരുന്ന അതീവ സുന്ദരമായ പ്രദേശമാണ് മക്ലോഡ് ഗഞ്ച്. പഞ്ചാബ് ഗവർണർ ആയിരുന്ന സർ ഡോണാൾഡ് ഫ്രിൽ മക്ലോഡിന്റെ കാലശേഷമാണ് ഈ പ്രദേശത്തിന് ആ പേര് സിദ്ധിച്ചത്. പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിച്ചതടക്കം ഒട്ടനവധി പുരോഗമന പ്രവർത്തനങ്ങൾ നാടിന് നൽകിയ ഒരു ബ്രിട്ടീഷുകാരനായതുകൊണ്ടാകണം ആ മനോഹരദേശത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. 

ദേവദാരുവും പൈൻ മരങ്ങളും മഞ്ഞിൽ കുളിച്ച് നിൽക്കുന്ന മക്ലോഡ് ഗഞ്ചിലെ വിജനമായ വഴികലിലൂടെ യാത്ര അതീവരസകരമാണ്. മലഞ്ചെരുവിൽ തട്ടുകളായി നിരത്തിയ പാടങ്ങളിൽ നെൽ കൃഷി നടത്തിയിരിക്കുന്നത് നിരന്ന പാടങ്ങൾ കണ്ട് ശീലിച്ച കേരളീയർക്ക് പുതിയ കാഴ്ച ആയിരിക്കും. 

ടിബറ്റ് രക്തസാക്ഷിമണ്ധപം കടന്ന് ചെറിയ കുന്ന് കയറിയാൽ ദലൈലാമയുടേ ബുദ്ധ വിഹാരമായി. കർശന സുരക്ഷാ ക്രമീകരണങ്ങളും ദേഹപരിശോധനയും കഴിഞ്ഞ് മുകളിലെത്തിയാൽ കടും നിറങ്ങളാൽ അലംകൃതമായ ആത്മീയ കേന്ദ്രത്തിൽ മുന്നിൽ എത്തും. പരുപരുത്ത ശബ്ദത്തിൽ കൂനിക്കൂടിയിരുന്ന വിശുദ്ധ ഗ്രന്ഥം വായിക്കുന്ന ബുദ്ധവിഹാരത്തിലെ ഭിക്ഷുക്കളുടെ ശബ്ദവും ഈണവും കേട്ടാൽ അന്യഗ്രഹ ജീവികൾ അധിവസിക്കുന്ന എവിടെയോ എത്തിയത് പോലെ തോന്നും. 

ഇരുവശങ്ങളിലുമായി ബുദ്ധ ഭിക്ഷുക്കൾ ഇരിക്കുന്നു, നടുവിലൂടെയുള്ള വഴി അവസാനിക്കുന്നിടത്ത് ഉയർന്ന സ്വർണ്ണം പീഠം. അവിടെയാണത്രെ ഹിസ് ഹോളിനസ്, ദലൈലാമ ഉപവിഷ്ടനാകുന്നത്. കെട്ടിടത്തിന് ചുറ്റും ബുദ്ധവചനങ്ങൾ കൊത്തിെവച്ച പ്രാർത്ഥനാ ചക്രങ്ങൾ. എങ്ങും കുങ്കുമ വർണ്ണത്തിലുള്ള വസ്ത്രം പുതച്ച മുണ്ധിത ശിരസ്കർ. 

അവിടെയാണ് നാട് നിഷേധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യൻ അഞ്ചര പതിറ്റാണ്ടുകളായി കഴിയുന്നത്. ഒരു മടങ്ങിപ്പോക്ക് സ്വപ്നം കണ്ടുകൊണ്ട്, അവരുടെ അനിഷേധ്യ ആത്മീയ നേതാവ് പകരുന്ന ആശ്വാസ വചനങ്ങളിൽ വിശ്വസിച്ച്, ഇന്ത്യ നൽകുന്ന ആതിഥ്യവും അഭയവും സ്വീകരിച്ച് കുറെ മനുഷ്യർ− അവരിൽ ഏറെയും ടിബറ്റ് കണ്ടിട്ടില്ലാത്ത റ്റിബറ്റുകാർ. 

രാജ്യത്തിനുള്ളിലെ രാജ്യവും രാജ്യമില്ലാത്ത കുറെ ഭരണാധികാരികളും! ധർമ്മശാലയിൽ മാത്രം കാണാൻ കഴിയുന്ന കൗതുക കാഴ്ച!

You might also like

Most Viewed