ഒറോവിൽ, ഒരു ആഗോള ഗ്രാമം
പോണ്ടിച്ചേരിയിൽ നിന്നും ചെന്നൈ റൂട്ടിൽ 12 കിലോമീറ്റർ ദൂരെ 20 സ്ക്വ. കി.മീ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ആഗോളഗ്രാമമാണ് ഓറോവിൽ. ആചാര്യ അരബിന്ദോയുടേ പ്രധാനശിഷ്യയായിരുന്ന മീര അൽഫസ്സ എന്ന ഫ്രഞ്ചുകാരി 1968ൽ സ്ഥാപിച്ചതാണ് ഓറോവിൽ. അതിജീവനത്തിനുവേണ്ടി പ്രകൃതിയെ അപകടപ്പെടുത്താതെ അത്മാന്വേഷണത്തിന് വേണ്ടി പുതിയ മതം പിന്തുടരാതെ, സാഹോദര്യത്തിൽ വിശ്വസിയ്ക്കുകയും സ്നേഹത്തോടെ സഹവസിയ്ക്കുകയും ചെയ്യുന്ന ഒരു ഗ്രാമം− എന്നതാണ് ഓറോവിലിന്റെ അടിസ്ഥാന സങ്കൽപ്പം. ഇപ്പോൾ നാൽപ്പത്തി ഒൻപതു രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 2400പേർ ഈ ആഗോളഗ്രാമത്തിൽ സ്ഥിരം താമസക്കാരായുണ്ട്. ഇപ്പോഴും നിർമ്മാണം ത്വരിതഗതിയിൽ നടക്കുന്ന ഓറോവിലിൽ 2025ഓടെ50,000 സ്ഥിരതാമസക്കാർ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ആത്മീയതിൽ ഊന്നിയ അറബിന്ദോയുടേയും മീര അൽഫസ്സയുടെയും ദർശത്തിൽ താൽപ്പര്യവും വിശാല ചിന്താഗതിയുമുള്ള ആർക്കും ഒരു ഓറോവില്ലിയൻ ആകാം.
സ്വദേശി ആയാലും വിദേശി ആയാലും മൂന്നുമാസം സന്ദർശകർക്കുള്ള ഗസ്റ്റ് ഹൗസിൽ താമസിച്ച് ഓറോവിലിനെക്കുറിച്ച് പഠിക്കണം. തുടർന്ന് ഓറോവിൽ അധികൃതർക്കും താമസക്കാരനും താൽപ്പര്യമെങ്കിൽ ഒരു വർഷത്തെ താമസത്തിന് താൽക്കാലിക അനുമതി ലഭിയ്ക്കും. വിദേശി ആണെങ്കിൽ സന്ദർശക വിസ മാറി റസിഡണ്ട് വിസ സംഘടിപ്പിക്കണം. ഈ ഒരുവർഷം സ്വന്ത ചിലവുകൾ (പ്രതിമാസം ഉദ്ദേശം 10,00 രൂപ), മടങ്ങിപ്പോകുന്നതിനുള്ള ടിക്കറ്റ് എന്നിവ കരുതണം. താമസത്തിന് ചേരുന്ന വ്യക്തിയെപ്പറ്റിയുള്ള അന്വേഷണങ്ങൾ, ഓറോവിൽ ജീവിതരീതികൾ പരിചയിക്കൽ, ഓറോവിലിൽ സംഭാവന ചെയ്യാൻ കഴിയുന്ന മേഖലകൾ തിരഞ്ഞെടുക്കൽ ഇവയൊക്കെ ഒരു വർഷം കൊണ്ട് പൂർത്തിയാകും. ഇതോടെ ഒരാൾ ഒരു ഓറോവിലിയനായി മാറുന്നു. സ്വന്തം ആവശ്യത്തിന് ജോലി ചെയ്യുകയും സംരംഭങ്ങൾ ആരംഭിയ്ക്കുകയും ചെയ്യുന്നതോടൊപ്പം ഞായാറാഴ്ചയടക്കം എല്ലാ ദിവസവും കുറഞ്ഞത് 5 മണിക്കൂർ ഓരോ സ്ഥിര താമസക്കാരനും ഓറോ
വില്ലയ്ക്കു വേണ്ടി ജോലി ചെയ്തിരിയ്ക്കണം. ഭാരത സർക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിൽ കീഴിൽ രജിസ്റ്റർ ചെയ്തിട്ടിള്ള ഗ്രാമമാണിത്. ഓറോവിൽ സ്പെഷ്യൽ ആക്ട് വഴിയാണ് സർക്കാരുമായി ഓറോവിൽ ബന്ധപ്പെട്ടിരിയ്ക്കുന്നത്− സർക്കാരിന്റെ പ്രതിനിധികൾ അടങ്ങിയ ഒരു ബോർഡ്, െറസിഡന്റ് അസോസിയേഷൻ, അന്തർദേശീയ ഉപദേശക സമിതി ഇവരൊക്കെയാണ് ഓറോവിലിന്റെ വിവിധ ഭരണ ചുമതലകൾ വഹിക്കുന്നത്. റെസിഡൻഷ്യൽ സോൺ (189 ഹെക്ടർ), ഇൻഡസ്ട്രിയൽ സോൺ (108 ഹെക്ടർ), ഇന്റർനാഷ്ണൽ സോൺ (74 ഹെക്ടർ), കൾച്ചറൽ സോൺ (81 ഹെക്ടർ) നടുവിൽ പീസ് ഏരിയയിൽ മാട്രി മന്ദിർ എന്നിവയാണ് ഓറോവിലിന്റെ പ്രധാന ഭാഗങ്ങൾ. ചുറ്റിലുമായി 205 ഹെക്ടർ സ്ഥലം ഗ്രീൻ ബെൽറ്റ് എന്ന പേരിൽ ഡയറികൾക്കും വനത്തിനും ജീവജാലങ്ങൾക്കുമായി മാറ്റി വെച്ചിരിക്കുന്നു.
ഓറോവിലിന്റെ കേന്ദ്രമാണ് മാട്രി−മന്ദിർ. പ്രത്യേക അനുമതിയോടു മാത്രമേ മാട്രിമന്ദിറിനുള്ളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ഗോളാകൃതിയിൽ നിർമ്മിച്ച് 56 കിലോ സ്വർണ്ണം പൂശിയ ഫലകങ്ങൾ കൊണ്ട് പുറം അലങ്കരിച്ച ഒരു സവിശേഷ നിർമ്മിതിയാണ് ഇത്. ഇതിന്റെ ഉള്ളിൽ മദ്ധ്യത്തിലായി 70 സെ.മീ വലിപ്പമുള്ള ഒരു ജർമ്മൻ നിർമ്മിത ക്രിസ്റ്റൽ സ്ഥാപിച്ചിരിക്കുന്നു. ഒരുകോടി രൂപ വിലമതിപ്പുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റൽ ആണെന്ന് അവകാശപ്പെടുന്നു. മാട്രിമന്ദിറിനെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഹെലിയോസ്റ്റാറ്റിലൂടെ വരുന്ന സൂര്യകിരണം ഒരുചെറു സുഷിരത്തിലൂടെ ഈ ക്രിസറ്റിൽ പതിച്ച് ചുറ്റും പ്രകാശപൂരിതമാക്കുന്നു. രാത്രി സൗരോർജ്ജത്തിൽ പ്രവർത്തിയ്ക്കുന്ന ഒരു ലൈറ്റിൽ നിന്നുമാണ് പ്രകാശം ക്രിസ്റ്റലിൽ എത്തുന്നത്. ഏതാണ്ട് അൻപത് മീറ്റർ വ്യാസത്തിൽ പടർന്നു പന്തലിച്ച ഒരു കൂറ്റൻ ആൽ മരമാണ് ഓറോവിലിന്റെ മറ്റൊരു ആകർഷണം 1968ൽ അയ്യായിരം പേർ ഈ ആൽ മരത്തിന്റെ ചുവട്ടിൽ മീര അൽഫസ്സയുടെ നേതൃത്വത്തിൽ ഒത്തുകൂടി ഉദ്ഘാടനം ചെയ്തതാണ് ഓറോവിൽ. ലൈബ്രറികൾ, സ്കൂളുകൾ മുന്നൂറിലധികം ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, ആയൂർവ്വേദ മരുന്നുൽപ്പാദന കേന്ദ്രങ്ങൾ, കരകൗശലവസ്തുക്കളുടേ നിർമ്മാണശാലകൾ, കലാസാംസ്ക്കാരിക കേന്ദ്രങ്ങൾ, റേഡിയോ േസ്റ്റഷൻ, സിനിമ നിർമ്മാണം, സോഫ്റ്റ്−വെയർ ഡവലപ്മെന്റ് എന്നിങ്ങനെ വൈവിധ്യമാർന്ന ഒട്ടനവധി പ്രോജക്ടുകളും പരിപാടികളും ഓറോവിലുനുള്ളിൽ നടക്കുന്നു.
സൗകര്യം കിട്ടുന്നവർ വിനോദസഞ്ചാരത്തിന് പട്ടണങ്ങളിലെ പോഷ് ഹോട്ടലികളിലേയ്ക്കും വാട്ടർ തീം പാർക്കിലേയ്ക്കും പോകുന്നതിന് പകരം ഓറോവിൽ ഒന്ന് സന്ദർശിയ്ക്കുന്നത് നന്നായിരിയ്ക്കും−. രാജ്യവും ഭാഷയും ജാതിയും മതവും വർണ്ണവും അവിടെ അതിർ തീർക്കുന്നില്ല. സ്നേഹത്തോടെ സഹവസിയ്ക്കുന്ന ഒരു കൂട്ടം മനുഷ്യരേയും അവിടെ കാണാം.