സുവർണ്ണക്ഷേത്രം, അമൃത്സർ


ഉദ്ദേശം പന്ത്രണ്ടു ടൺ ഗോതന്പ് പൊടിച്ച് എടുക്കുന്ന നിലയ്ക്കാതെ പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്ന അസംഖ്യം അരവു യന്ത്രങ്ങൾ. പൊടിച്ചെടുക്കുന്ന ഗോതന്പ് അരിച്ച് കുഴച്ച് ഉദ്ദേശം ഒന്നര ലക്ഷം റോട്ടികൾ ചുട്ട് എടുക്കപ്പെടുന്നു. 40,000 പാത്രങ്ങൾ കഴുകി ഉണക്കി വെയ്ക്കുന്നു. സാധാരണ ഒരു ദിവസത്തെ ചടങ്ങ് ആണിത്. ഇതു നടക്കുന്നത് മറ്റെവിടെയുമല്ല, സിക്കുകാരുടെ ആത്മീയ കേന്ദ്രമായ സുവർണ്ണ ക്ഷേത്രത്തിലാണ്. ക്ഷേത്രം സന്ദർശിക്കുന്ന മുഴുവൻ ആളുകൾക്കും ആഹാരം വിളിന്പുന്ന ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഭക്ഷണ വിതരണ സംവിധാനമാണ് സുവർണ്ണക്ഷേത്രത്തിലുള്ളത്.

റൊട്ടിയും ദാൽകറിയും ഉള്ളിയും പച്ചക്കറികളും അടങ്ങിയ ഈ സസ്യാഹാരം കഴിയ്ക്കുവാൻ വികലാംഗർ അല്ലാത്ത എല്ലാവരും നിലത്തു തന്നെ ഇരിയ്ക്കണം − അതാണ് അവിടുത്തെ നിയമം. അവിടെ വലിപ്പച്ചെറുപ്പങ്ങളില്ല, ഉന്നതകുലവും നീചകുലവും ഇല്ല. മേൽജാതിക്കാരൻ ആഹരിച്ചതിന്റെ ഉച്ഛിഷ്ടത്തിൽ കിടന്ന് ഉരുണ്ട് അനുഗ്രഹം പ്രാപിക്കുന്ന ഹീനമായ ആചാരം അനുഷ്ടിക്കുന്ന ഗുഹാതല മനുഷ്യർ പാർക്കുന്ന ഭാരതത്തിൽ തന്നെയാണ് ഈ ക്ഷേത്രവും നിലനിൽക്കുന്നത്എന്നത് അത്ഭുതകരമാണ്.

സുവർണ്ണക്ഷേത്രം സന്ദർശിച്ചപ്പോൾ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് ഇതൊന്നും അല്ല. മിക്കവാറും എല്ലാ ആരാധാനനാലയങ്ങളും പുണ്യസ്ഥലങ്ങളും ഉയർന്ന സ്ഥലങ്ങളിലൊ മലമുകളിലോ ആണ് പണിതിരിയ്ക്കുന്നത്. പക്ഷേ, സുവർണ്ണ ക്ഷേത്രത്തിലെത്തുവാൻ അമൃത്സർ പട്ടണത്തിലെ റോഡുകളിൽ നിന്നും താഴേയ്ക്ക് പടികൾ ചവിട്ടണം. ആർക്കും പ്രവേശിക്കുവാൻ പാകത്തിൽ ഇപ്രകാരം പണിതിയ്ക്കുന്നത് സന്ദർശകരിൽ എളിമയുടെയും വിനയത്തിന്റേയും സന്ദേശം നൽകുവാനാണത്രേ!

സുവർണ്ണക്ഷേത്രം സിക്കുമാരുടെ വത്തിക്കാൻ ആണെങ്കിലും അതിനു തറക്കല്ലിട്ടത് ഹസറത്ത് മിയാൻ മിർ എന്ന മുസ്ലീം പുണ്യ പുരുഷനായിരുന്നു. സന്ദർശകരിൽ 40 ശതമാനവും മറ്റിതര മതസ്ഥരാണ് എന്നതും സുവർണ്ണ ക്ഷേത്രത്തിനെ മാത്രം പ്രത്യേകതയാണെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നു. നാലു വശത്തു നിന്നും പ്രവേശിയ്ക്കാവുന്ന നാലു കൂറ്റൻ വാതിലുകളാണ് സുവർണ്ണക്ഷേത്രത്തിനുള്ളത്. ജാതിമതവർണവ്യത്യാസമില്ലാതെ ഏവർക്കും പ്രവേശിയ്ക്കാവുന്ന ഒരു ആധ്യാത്മികകേന്ദ്രം ആണെന്ന് കാണിയ്ക്കുവാനാണത്രേ ഇത്. ആദ്യ സിഖ് ഗുരുവായിരുന്ന ഗുരു നാനാക്ക് ധ്യാനിച്ചിരുന്ന സ്ഥലത്താണ് സുവർണ്ണക്ഷേത്രം പണിതിരിയ്ക്കുന്നത്.

നാലു ചുറ്റിലും പണിതിരിയ്ക്കുന്ന ചുറ്റുമതിലുപോലുള്ള കെട്ടിടത്തിന്റെ ഉള്ളിൽ മനുഷ്യ നിർമ്മിതമായ തടാകം. ഈ അമൃത സരോവർ തടാകത്തിന്റെ നടുക്ക് പകുതിയ്ക്കു മുകളിൽ സ്വർണ്ണ തകിട് പൊതിഞ്ഞ അകാൽതക്ത്. അതിലേയ്ക്ക് നീളുന്ന ചെറിയ നടപ്പാത− ലളിതമായ നിർമ്മിതിയാണ് സുവർണ്ണ ക്ഷേത്രത്തിന്റേത്.

സ്വർണ്ണവർണ്ണവും വെളുപ്പുമല്ലാതെ മറ്റു നിറങ്ങൾ എങ്ങും ഇല്ല. ഇടതടവില്ലാതെ ഗുരുഗ്രന്ഥ സാഹിബിൽ നിന്നുമുള്ള കീർത്തനങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കുന്ന ശാന്തമായ അന്തരീക്ഷം. അമൃത് സരോവറിലേത് തീർത്ഥമാണത്രേ!, അതിൽ സ്നാനം ചെയ്യുന്ന വിശ്വാസികളും കുറവല്ല.

ഇന്നു തികച്ചും ശാന്തമാണെങ്കിലും ഭിന്ദ്രവാലയുൾപ്പെടുന്ന അനവധി ഭീകരർ ഒരിക്കൽ തന്പടിച്ചിരുന്ന് സർക്കാരിനെതിരെ വിഘടനവാദം ഉയർത്തിയ അരാധനനാലയമാണിത്. എട്ടോളം ആക്രമണങ്ങൾക്ക് സുവർണ്ണ ക്ഷേത്രം പലപ്പോഴായി സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ അവസാനത്തേതായിരുന്നു, സിഖ് വിഘടനവാദികൾക്കെതിരെ ഇന്ദിരാഗാന്ധി നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ.

അമൃത്സർ സന്ദർശിയ്ക്കുന്നവർ ഒഴിവാക്കരുതാത്ത രണ്ട് പ്രധാന സ്ഥലങ്ങളാണ് സുവർണ്ണക്ഷേത്രവും ജാലിയൻവാലാബാഗ് സ്മാരകവും. ഈ രണ്ടു സ്ഥലങ്ങളും ഉച്ചതിരിയ്ന്പോഴേയ്ക്കും കണ്ടു തീർത്തതിനു ശേഷം വൈകുന്നേരം ഇന്ത്യാ-−പാക് അതിർത്തിയിലെ വാഗാ പ്രവേശനകവാടം അടയ്ക്കുന്ന റിട്രീറ്റ് സെറിമണിയും കണ്ട് മടങ്ങുന്പോൾ ഭാരതത്തിലെ തന്നെ ഏറ്റവും പ്രാധാന്യമേറിയ മൂന്നു കാഴ്ചകൾ ഒറ്റ ദിവസം കൊണ്ട് കണ്ടു തീർത്ത സംതൃപ്തിയുമായി മടങ്ങാം

You might also like

Most Viewed