ധനോൾട്ടി ഒരു ഹിമാലയൻ പട്ടണം

വടക്കൻ സംസ്ഥാനങ്ങളിൽ കാശ്മീർ മുതൽ അരുണാചൽ വരെയുള്ള വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ധനോൾട്ടി എന്ന ചെറുഹിമാലയൻ വിനോദസഞ്ചാര കേന്ദ്രമാണ്.
ദേവദാരുവും, പൂവരശും, ഓക്മരങ്ങളും വളർന്നു നിൽക്കുന്ന മലഞ്ചെരുവുകളും, ഹിമാലയത്തിലെ സ്വർഗ്ഗാരോഹിണി, ബന്ദ്രപുഞ്ച് തുടങ്ങിയ പർവ്വതശിഖരങ്ങളുടെ മനോഹരദൃശ്യങ്ങളും, കുളിർമ്മയുള്ള അന്തരീക്ഷവും ധനോൾട്ടിയെ ആകർഷകമാക്കുന്നു.
ഡഹ്റാഡൂൺ പട്ടണത്തിൽ നിന്നും 36 കി.മി കുത്തനെ മുകളിലേയ്ക്ക് സഞ്ചരിച്ചാൽ ഹിൽേസ്റ്റഷനുകളുടെ റാണി എന്നറിയപ്പെടുന്ന മസൂറിയിൽ എത്തും.
സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഉഷ്ണ മാസങ്ങളിൽ, ഡൽഹിയിൽ നിന്നും, മറ്റ് ഭരണസിരാകേന്ദ്രങ്ങളിൽ നിന്നും ബ്രിട്ടീഷുകാർ സുഖവാസത്തിനായി വന്നു താമസിച്ചിരുന്ന സ്ഥലമായിരുന്നു മസ്സൂറി. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാശ്ചാത്യ മാതൃകയിലുള്ള ചെറുഹിമാലൻ പട്ടണത്തിൽ വർഷത്തിൽ എല്ലാ കാലത്തും തണുപ്പ് തങ്ങി നിൽക്കും.
ശൈത്യകാലമായ ഡിസംബറിൽ മഞ്ഞിൽ കുളിച്ച് നിൽക്കുന്ന ദേവദാരു വൃക്ഷങ്ങൾ അതി മനോഹരങ്ങളായ കാഴ്ചയാണ്. മലഞ്ചെരുവിലെ പാതയോരത്ത് പച്ചിരുന്പിൽ പണികഴിപ്പിച്ചിരിക്കുന്ന കൈവരികളും ഇടയ്ക്കിടയ്ക്ക് കാണുന്ന ഇരിപ്പിടങ്ങളും ഇന്ത്യയിൽ മറ്റെങ്ങും കാണാൻ കഴിയില്ല. ഇത്രയും ഭംഗിയും വൃത്തിയുമുള്ളതുകൊണ്ടായിരിക്കാം ഏതാണ്ട് എല്ലാ ബോളിവുഡ് താരങ്ങൾക്കും ഇവിടെ സ്വന്തമായി വീടുകളുണ്ട്.
നടപ്പാതകളും കെട്ടിടങ്ങളും പാശ്ചാത്യരീതികളിലാണ് നിർമ്മിച്ചിരിക്കുന്നത്. മസൂറിയിൽ എത്തിയാൽ ശൈത്യകാലത്ത് ഏതോ യൂറോപ്യൻ ഗ്രാമത്തിലെത്തിയതാണന്നേ തോന്നുകയുള്ളൂ. നമ്മുടെ സിവിൽ സർവ്വീസ് അക്കാഡമി സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെയാണ്. മസൂറിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് ഒരു ചെറിയ മാർക്കറ്റ് ഉണ്ട്. വർഷങ്ങൾക്ക് മുന്‍പ് ബ്രിട്ടീഷുകാർ പണിത ഒരു പടുകൂറ്റൻ കരിങ്കൽ ജല സംഭരണിയുടെ മുകളിലാണ് ആ മാർകറ്റ്. ഇന്നും ഡഹ്‌റാഡൂൺ പട്ടണത്തിന് വേണ്ട മുഴുവൻ വെള്ളവും വിതരണം ചെയ്യുന്നത് ആ ടാങ്കിൽ നിന്നുമാണ്.
മസൂറിയിൽ നിന്നും ദേവപ്രയാഗ്, കേദാർനാഥ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകുന്ന പാതയിൽ 24 കി.മി മലമുകളിലെ റോഡിലൂടെ സഞ്ചരിച്ചാൽ ധനോൾട്ടിയിൽ എത്തിച്ചേരാം.
മസൂറിയിൽ നിന്നും ധനോൾട്ടിയിലേയ്ക്കുള്ള സഞ്ചാരപാത അത്യാകർഷകമാണ്. മലമുകളിൽ കൂടി വളഞ്ഞു പുളഞ്ഞ് റോഡ്, ഇരുവശങ്ങളിലും താഴ−്വര, മലഞ്ചെരുവുകളിൽ ശൈത്യകാലസൂചിമരങ്ങൾക്കിടയിൽ നട്ടുവളർത്തിയതുപോലെയുള്ള പുൽമൈതാനങ്ങൾ − അപൂർവ്വമായി ലഭിക്കാവുന്ന ഒരു യാത്രാനുഭവം ആണിത്. പ്രകൃതിദത്തമായ ചായങ്ങളുപയോഗിച്ച്, കൈയ്ത്തറിയിൽ നെയ്ത ഷാളുകൾ. പഷ്മിന, ഹിമാലയൻ കരകൗശല വസ്തുക്കൾ എന്നിവ നിൽക്കുന്ന ധാരാളം കടകൾ മസൂറി മുതൽ ധനോൾട്ടി വരെ യാത്രികരെ കാത്തിരിക്കുന്നു.
നിരവധി ട്രക്കിംഗ് റൂട്ടുകളുള്ള ധനോൾട്ടി ഗ്രാമങ്ങളിലെ ഉരുളക്കിഴങ്ങ് പാടങ്ങൾ വേറിട്ട ഒരു കാഴ്ചയാണ്.
ചാർധാം സന്ദർശനത്തിന് പോകുന്ന തീർത്ഥാകർ ഡഹ്‌റാഡൂണിൽ നിന്നും നേരിട്ട് ഋഷികേശിലേയ്ക്ക് യാത്ര ചെയ്യാതെ ഇടത്തോട്ട് തിരിഞ്ഞ് മസൂറി− ധനോൾട്ടി −ചന്പ വഴി യാത്ര ചെയ്യു
ന്നുവെങ്കിൽ ഏറ്റവും മനോഹരമായ ഈ ഹിമാലയൻ ഗ്രാമങ്ങൾ കൂടി സന്ദർശിക്കാനാകും. മടക്കയാത്രയിൽ ദേവപ്രയാഗിൽ നിന്നും തിരിഞ്ഞ് ഋഷികേശിലേയ്ക്കും, തുടർന്ന് ഹരിദ്വാറിലേയ്ക്കും പോകാൻ കഴിയുകയും ചെയ്യും.