വരിയ്ക്കാശ്ശേരി മനയിൽ ഒരു രാത്രി
ഇഷ്ടപ്പെടാത്ത സിനിമകളിൽ ഒന്നായിരുന്നു ദേവാസുരം. സിനിമയിൽ മുഴച്ചു നിൽക്കുന്ന സ്ത്രീ വിരുദ്ധതയും സവർണ്ണചിന്തയുടെ മഹത്വവത്ക്കരണവുമല്ലാതെ അനിഷ്ടത്തിന് മറ്റു കാരണങ്ങൾ ഒന്നുമില്ല. പക്ഷേ, ദേവാസുരം കണ്ടപ്പോൾ മുതൽ ഒരു മോഹം − ഒരു രാത്രി വരിയ്ക്കാശേരി മനയിൽ തങ്ങണം. ഒരു കാരണവും ഇല്ല. ഇതുപോലുള്ള പല ഭ്രാന്തൻ യാത്രകളുടേയും കാരണം ചികഞ്ഞു ചെന്നിട്ടു കാര്യമില്ല. കാരണമില്ലായ്മ കണ്ടുപിടിയ്ക്കുന്നതിൽ കാര്യമില്ലല്ലോ!
ആറാം തന്പുരാൻ, നരസിംഹം, മാടന്പി, രാപ്പകൾ തുടങ്ങി ഒട്ടനവധി സിനിമകളുടെ ചിത്രീകരണം ഇവിടെ നടന്നിട്ടുണ്ട്. കുറച്ചുനാൾ മുൻപ് പാലക്കാട്, മലപ്പുറം ജില്ലകളിലെ ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞ പഴങ്കഥകളുടെ പൊരുൾ തേടി രണ്ടാഴ്ച നിൽക്കുന്ന ഒരു യാത്ര നടത്തിയിരുന്നു. പൂമുള്ളി മനയും ആഴ−്വാഞ്ചേരി തറവാടും കടന്ന് പറയിപ്പെറ്റ പന്തിരുകുലത്തിലെ ശേഷിയ്ക്കുന്ന തലമുറയും അവരുടെ നാടും കുടിയും കണ്ടുപിടിച്ച്. കലക്കത്ത് വീട് മുതൽ പൂന്താനത്തിന്റെ ഇല്ലം വരെ മഹാത്മാക്കുളുടെ വേരും വംശവും തേടി... കാടാന്പുഴ മുതൽ ഉളിയന്നൂർ വരെ ഒരു പിടി ക്ഷേത്രങ്ങളിൽ ദർശനം നടത്തി. അവസാന ദിവസമാണ് വരിയ്ക്കാശ്ശേരി മനയിൽ എത്തിയത്.
ഇപ്പോഴത്തെ ഉടമകളിൽ ഒരാളായ സ്നേഹിതൻ നിരുത്സാഹപ്പെടുത്തിയെങ്കിലും സഹയാത്രികനും ചിരകാല സുഹൃത്തുമായ മനോജ് രവീന്ദ്രനും ഞാനും പിന്മാറാൻ തയ്യാറല്ലായിരുന്നു. കാര്യസ്ഥന്മാർ കഴിയുന്ന ഉരപ്പുരയിൽ കഴിയാമെന്ന മനയുടെ ഉടമസ്ഥന്റെ നിർദ്ദേശവും ഞങ്ങൾ സ്വീകരിച്ചില്ല. മനസില്ലാമനസ്സോടെ വരിയ്ക്കാശ്ശേരി മനയുടെ വാതിലുകൾ ഒരു രാത്രി തങ്ങുവാൻ ഞങ്ങൾക്ക് വേണ്ടി തുറക്കപ്പെട്ടു. അടുത്ത കാലത്തെങ്ങും ആരും അവിടെ താമസിച്ചിട്ടില്ലത്രേ!
ഒരു വലിയ നാലു കെട്ട്. പത്തായപ്പുര, ഉരപ്പുര, ഒരു കാവ്, ഇടത്തരം ഒരു ക്ഷേത്രം, വിശാലമായ കുളവും കുളിപ്പുരയും ഇത്രയും ചേർന്നതാണ് നാലേക്കർ പുരയിടത്തിൽ തല ഉയർത്തി നിൽക്കുന്ന നൂറിലധികം മുറികളുള്ള വരിയ്ക്കാശ്ശേരി മന. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് നിന്നും നാല് കിലോമീറ്റർ സഞ്ചരിച്ചാൽ മനയിൽ എത്താം. മൂന്ന് നിലയുള്ള കൂറ്റൻ എടുപ്പ് പെരുന്തച്ചന്റെ കണക്കിലാണ് പണിതീർത്തത് എന്നാണ് ഐതീഹ്യം.
ആദ്ധ്യാത്മിക കർമ്മങ്ങൾക്കുവേണ്ടിയുള്ള വടക്കിനി, തറവാടിന്റെ ആഘോഷാദി ചടങ്ങുകൾക്ക് കിഴക്കിനി, അതിഥികൾക്കുള്ള ഭക്ഷണശാലയ്ക്ക് പടിഞ്ഞാറ്റിനി, അടുക്കളയും സംഭരണശാലയും തെക്കിനിയിൽ − ഇതൊക്കെയാണ് നടുമുറ്റത്തിന് ചുറ്റുമുള്ള നാലുകെട്ടിന്റെ ഉപയോഗങ്ങൾ, ഒന്നും രണ്ടും നിലകൾ ഉറക്കറകളാണ്.
അതിലൊന്നിലാണ് ഞാനും സ്നേഹിതനും. ഉടമസ്ഥൻ സ്ഥലത്തുണ്ടായിരുന്നതുകൊണ്ട് വേണ്ടതെല്ലാം നേരിട്ടു വന്ന് ഒരുക്കുകയും ഉറപ്പാകുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങൾ മാത്രം. തടിക്കട്ടിൽ, പുൽപ്പായ, രണ്ടു തലയിണകൾ, മെഴുകു തിരികൾ, കൂജയിൽ കുടിയ്ക്കാൻ വെള്ളം. തീർന്നു സൗകര്യങ്ങൾ! സ്ഥിരമായി ആൾത്താമസമില്ലാത്തതുകൊണ്ട് കറന്റ് ഇല്ല.
കുറേ കാലങ്ങൾക്ക് മുൻപ്, തിന്നുതിമർത്ത ഒരു തലമുറ അതിൽ സസുഖം കഴിഞ്ഞിരുന്നു എന്ന് അറിയാമായിരുന്നെങ്കിലും മനയുടെ മുറ്റത്ത് വീണു ഉണങ്ങിപ്പോയ അസംഖ്യം കുടിയാന്മാരുടെ വിയർപ്പും കണ്ണീരുമായിരുന്നു എന്റെ മനസ്സു നിറയെ. പതിനായിരക്കണക്കിന് പറ നെല്ലുകൊള്ളുന്ന കൂറ്റൻ പത്തായം കണ്ടപ്പോൾ അതുനിറയ്ക്കാൻ പാടത്തു ചോര വെള്ളമാക്കിയ അടിയാന്മാരുടെ എല്ലുന്തിയ ശരീരങ്ങളായിരുന്നു ഹൃദയത്തിൽ!
നേരിയ നിലാവിൽ ഭീകര സത്വം പോലെ നാലുകെട്ടും ചുറ്റുപാടുകളും. ഒച്ചയും അനക്കവുമില്ലാത്ത ഒരു വല്ലാത്ത രാത്രിയായിരുന്നു അത്! ഒരോന്ന് ഓർത്തും തമ്മിൽ മിണ്ടിയും പറഞ്ഞും ഞങ്ങൾ ഉറങ്ങാതെ നേരം വെളുപ്പിച്ചു.
ചെറു പരൽമീനുകൾ നീന്തിനടക്കുന്ന വിശാലമായ കുളത്തിൽ പിറ്റേന്ന് നീന്തിക്കുളിച്ച് ക്ഷീണമെല്ലാം മാറ്റി തിരികെ പോന്നു. ഒരിയ്ക്കലും മറക്കാനാകാത്ത ഒരു രാത്രിയുടെ ഓർമ്മ!