സിറിയക്കാരന്റെ വേദന
ജോർദ്ദാന്റെ തലസ്ഥാനമായ അമ്മാൻ എയർപ്പോർട്ടിന്റെ ഇമിഗ്രേഷനിൽ ഇരിയ്ക്കുകയായിരുന്നു. ഒരു കൂട്ടം അറബ് വംശജർ സ്ത്രീകളുൾപ്പടെ നിലത്ത് കുത്തിരിയ്ക്കുന്നു. അവർക്ക് മാത്രമായി ഒരു നാലഞ്ച് ഇമ്മിഗ്രേഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നു.
ഇടയ്ക്കിടയ്ക്ക് ഒരു ഇമിഗ്രേഷൻ ഓഫീസർ വന്ന് ചില പേരുകൾ വിളിയ്ക്കും, അപ്പോൾ കാക്കക്കൂട്ടത്തിൽ കല്ലിട്ടതുപോലെ എല്ലാവരും ഇളകും. പിന്നെ പേര് വിളിയ്ക്കപ്പെട്ടവർ ഓടി ചെന്ന് ക്യൂവിൽ നിൽക്കും, ബാക്കിയുള്ളവർ കുറെനേരം പിറുപിറുത്തിട്ട് പിന്നേയും തിരികെവന്നിരിയ്ക്കും. ക്യൂവിൽ ചെന്ന് നിൽക്കുന്നവരെ ഓരോരുത്തരെയായി അടച്ചിട്ട ഒരു മുറിയിലേയ്ക്കു കൊണ്ട് പോകും. ഇതു തുടർന്നുകൊണ്ടിരിന്നു.
മറ്റൊരു ഫ്ളൈറ്റ് വന്നപ്പോഴാണ് കാര്യം മനസിലായിത്. “കുല്ലു സൂറി മിന്നാക്” എന്നൊരു ആപ്പീസർ കൂകി വിളിയ്ക്കുന്നു സിറിയക്കാർ എല്ലവരേയും മാറ്റി നിർത്തുന്നു. ഫ്ളൈറ്റിൽ നിന്നുമിറങ്ങിയവർ കലപില കൂട്ടിക്കൊണ്ട്, ഇമിഗ്രേഷൻ ഓഫീസർ നിർദ്ദേശിച്ചപ്രകാരം ഒരു പ്രത്യേക കൗണ്ടറിൽ പാസ്പോർട്ട് ഏൽപ്പിക്കുന്നു. പാസ്പ്പോർട്ടുകളെല്ലാം ശേഖരിച്ച് മറ്റൊരു ഓഫീസർ വേറെ ഒരു മുറിയ്ക്കകത്തേയ്ക്ക് പോകുന്നു.
പിന്നെ സിറിയൻ യാത്രികരെല്ലാം പേരു വിളിയ്ക്കുന്നതും കാത്ത് കുത്തിയിരിപ്പാണ്. പരിചയമുള്ള എല്ലാ അറബ് രാജ്യങ്ങളിലും അറബ് വംശജർക് പ്രത്യേക പരിഗണനയാണുള്ളത്. ഇമിഗ്രേഷനു പ്രത്യേക കൗണ്ടറുമുണ്ടാകും. പക്ഷേ, അതിർത്തി രാജ്യമായ സിറിയക്കാരോട് ജോർദ്ദാൻ ഈ വിവേചനം കാട്ടുന്നത് എന്തെന്ന് പിടികിട്ടിയില്ല.
തൊട്ടടിത്തിരുന്ന സിറിയൻ ചെറുപ്പക്കാരൻ ഐമനാണ് കാര്യം വിശദീകരിച്ച് തന്നത്. പാസ്പ്പോർട്ടുകൾ ശേഖരിച്ച് കൊണ്ടു പോകുന്നത് പ്രത്യേക പരിശോധനയ്ക്കാണ്. സിറിയയിൽ ആഭ്യന്തരകലാപം നടക്കുന്നു. അവിടെ നിന്നും ആരും അനധികൃതമായി ജോർദ്ദാനിൽ കടക്കാതിരിയ്ക്കാൻ വേണ്ട പ്രത്യേകസുരക്ഷാ പരിശോധനകളാണ് നടക്കുന്നത്. ജോർദ്ദാനിൽ എത്തുന്നതിന്റെ കൃത്യമായ കാരണം ബോധ്യപ്പെട്ടില്ലെങ്കിൽ യാത്രക്കാരനെ തിരികെ അയക്കും.
പിന്നീട് ഐമനുമായി നടത്തിയ കുശലപ്രശ്നങ്ങളിലാണ് ഒരു സാധാരണ സിറിയൻ ചെറുപ്പക്കരന്റെ ജീവിതമെന്തെന്ന് മനസിലായത്. ആഭ്യന്തരകലാപം നടക്കുന്ന നാടിന്റെ അവസ്ഥയെന്തെന്നും തിരിച്ചറിഞ്ഞത്.
ഇരുപത്തിനാലു വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് ഐമൻ. കുവൈറ്റിലെ ഒരു ചെറിയ റെസ്റ്റോറന്റിൽ ഷെഫ് ആണിഷ്ടൻ. കാര്യമായ വിദ്യാഭ്യാസം ഇല്ല. ആറുകൊല്ലം മുൻപ് സിറിയ വിട്ടതിനു ശേഷം ഒരു പ്രാവശ്യം നാട്ടിൽ പോയിരുന്നു. ഇക്കഴിഞ്ഞ നാലു കൊല്ലമായി പോയിട്ടില്ല. അമ്മയും സഹോദരങ്ങളും സിറിയയിൽ എവിടെയൊക്കെയോ ആയി ജീവിച്ചിരിപ്പുണ്ട്. അച്ഛൻ കലാപത്തിൽ മരിച്ചു. സ്വന്തഗ്രാമം ബോംബു വീണു തകർന്നു, വീടില്ല.
അവധിയ്ക്കു നാട്ടിൽ പോകുവാൻ കഴിയില്ല. എയർപ്പോർട്ടിൽ വെച്ചു തന്നെ അറസ്റ്റ് ചെയ്യപ്പെടും എന്ന് ഭീതിയിലാണ് ഓരോ സിറിയൻ വിദേശയാത്രക്കാരും. പട്ടാളത്തിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തു വരുന്പോഴേയ്ക്കും അഞ്ചാറു മാസം എടുക്കും എന്ന് അവൻ പറയുന്നു− പിന്നെ ഒരു പക്ഷേ, നാടുവിട്ടു പോകാൻ കഴിയില്ല., രാജ്യത്തിന്റെ പുറത്ത് യാത്ര ചെയ്തവരെല്ലാം രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിലാണത്രേ..
അവധിക്കാലം ചിലവഴിയ്ക്കാൻ ഇടം ഇല്ല. ജോർദ്ദാനിൽ അകന്ന ഒരു അമ്മാവനുണ്ട്. അദ്ദേഹത്തിന്റെ അഡ്രസും ഫോൺ നന്പറും ഉണ്ട്, ഇമിഗ്രേഷനിൽ ചോദ്യം ചെയ്യുന്പോൾ അദ്ദേഹത്തെ വിളിയ്ക്കും, ഫോൺ എടുത്താൽ രക്ഷപ്പെട്ടു− ഇല്ലെങ്കിൽ തിരിച്ചു പോകേണ്ടി വരും!
“നിന്റെ വിവാഹം?” വിഷമം തോന്നിയെങ്കിലും ചോദിച്ചു. വിഷാദഭാവത്തിൽ ചിരിച്ചുകൊണ്ട് ഐമൻ പറഞ്ഞു, “സാധാരണക്കരനായ സിറിയക്കാരനു വിവാഹമോ?− അതു ഞങ്ങളുടെ സ്വപ്നത്തിൽ പോലും ഇല്ല. എങ്ങിനെ ഒരു പെൺകുട്ടിയെ കണ്ടുമുട്ടാനാണ്, എവിടെ ഒരു വീടുവയ്ക്കും? ഏതു നാട്ടിൽ ഞങ്ങൾ ജീവിയ്ക്കും.?”
പിന്നീട് പറഞ്ഞത് അവിശ്വസീയമെങ്കിലും വേദനയുണ്ടാക്കി, “ഞാൻ മുതിർന്നതിനു ശേഷം ഒരു പെൺകുട്ടിയുമായി സംസാരിച്ചിട്ടു പോലും ഇല്ല”. ഒരു പെൺകുട്ടിയും കുടുംബവും ഒന്നും അവന്റെ സ്വപ്നത്തിൽ പോലുമില്ലെന്ന് തോന്നി− ഒരൽപ്പം സമാധാനവും ശാന്തതയുമാണ് അവർക്ക് വേണ്ടത്.
പെട്ടെന്ന് അവന്റെ പേരാണെന്ന് വിളിച്ചത് എന്ന് തോന്നുന്നു, ഒന്നു പറയാതെ കൗണ്ടറിനടുത്തേയ്ക്ക് ഓടി. ഞാൻ മനസിൽ പറഞ്ഞു, − യുദ്ധവും ആഭ്യന്തര കലാപവും ഞങ്ങൾ കണ്ടിട്ടില്ല ഐമൻ, അതെന്താണെന്നും ഞങ്ങൾക്കറിയില്ല, അതുപോലെ നിന്റെ വേദനകളും!