ലോകത്തിലെ ഏറ്റവും ഉയരത്തിലെ തേയിലതോട്ടം
തമിഴ്നാട്ടിൽ നിന്നും കുടിയേറിയ തേയില തോട്ടം തൊഴിലാളികളുടെ നാലാം തലമുറയാണ് കൊളുക്കുമലൈയിൽ ഇപ്പോൾ ഉള്ളത്. നാനൂറിലധികം തൊഴിലാളികൾ പാർക്കുന്ന കൊലുക്കുമലൈ ലയത്തിൽ സ്ക്കൂൾ, ആശുപത്രി, പലചരക്കുകടകൾ ഇവയൊന്നും ഇല്ല.
നിത്യോപയോഗസാധനങ്ങൾ തമിഴ്നാട്ടിലെ കോട്ടകുടിയിൽ നിന്നോ കേരളത്തിലെ സൂര്യനെല്ലിയിൽ നിന്നോ കൊണ്ടുവന്നാണ് അവിടുത്തെ തൊഴിലാളികൾ കഴിയുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില തോട്ടം എന്ന ഖ്യാതികേട്ട കൊളുക്കുമലൈ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളിൽ ഒന്നാണെങ്കിലും മലയാളികൾക്ക് ഈ സ്ഥലത്തേക്കുറിച്ച് കാര്യമായ അറിവില്ല.
കനിമൊഴിയുടെ ഉടമസ്ഥസ്തതയിലുള്ള കൊളുക്കുമലൈ തേയില ഫാക്ടറി സന്ദർശകർക്ക് തുറന്നു കൊടുത്തിരിയ്ക്കുന്ന മൂന്നാറിലെ ഏക തേയില ഫാക്ടറിയാണ്. പണ്ടുകാലത്ത് രോഗം വന്നാൽ ചത്തൊടുങ്ങുക എന്നതായിരുന്നു കൊളുക്കുമലൈയിലെയും മൂന്നാറിലെ മറ്റു ലയങ്ങളിലേയും തൊഴിലാളികളുടെ വിധി.
സന്ദർശകരുടെ കണ്ണിനു കുളിർമ നൽകുന്ന പച്ചപുതച്ച കുന്നുകൾക്ക് ദരിദ്ര തൊഴിലാളികളുടെ കണ്ണീരിന്റേയും വിയർപ്പിന്റേയും ക്രൂരപീഡനത്തിന്റേയും കഥകൾ മാത്രമേ പറയാനുള്ളൂ.
ഒരിക്കൽ തേയിലത്തോട്ടം തൊഴിലാളിയായി ലയത്തിലേയ്ക്ക് കുടിയേറിയാൽ പിന്നെ വരാനിരിക്കുന്ന തലമുറയുടെ കൂടി ഭാഗധേയം അതോടെ നിർണ്ണയിക്കപ്പെടുകയായി. പണിയെടുക്കാൻ അടുത്ത തലമുറയെ പടച്ചുവിടാനും മിച്ചം െവച്ച് രക്ഷപ്പെടാതിരിക്കാനും വെള്ളക്കാർ നൽകിവന്നതുപോലെ തുച്ഛവേതനം മുടങ്ങാതെ എല്ലാക്കാലവും കൊടുത്ത് ഒരു തരം അടിമത്തം ഈ മേഖലയിൽ ഇന്നും തുടർന്ന് പോരുന്നു.
കൊളുക്കുമലൈ കുന്നുകൾക്ക് മുകളിലെത്തുന്ന സഞ്ചാരികൾ അങ്ങു താഴെ ഒഴുകിനടക്കുന്ന മേഘങ്ങളുടെ മനോഹര ദൃശ്യം കണ്ടു മടുങ്ങുന്പോൾ പണിയെടുക്കാൻ മാത്രം ജനിച്ച് ലയങ്ങളിൽ ജീവിച്ച് മരിച്ചുപോകുന്ന പാവം തൊഴിലാളികളെക്കുറിച്ച് അറിയാറില്ല.
ഇന്ത്യൻ ടൂറിസ്റ്റ് ഭൂപടത്തിൽ ഏറ്റവും അധികം ഹിറ്റു വീഴുന്ന സന്ദർശനകേന്ദ്രമായി മൂന്നാർ ഇന്ന് മാറിക്കഴിഞ്ഞു. എങ്കിലും മൂന്നാറിനെ മൂന്നറാക്കിയ തോട്ടം തൊഴിലാളുകൾക്ക് അവിടുത്തെ ടൂറിസം കൊണ്ട് കാര്യമായ ഗുണം ഒന്നും ഇല്ല. എങ്ങു നിന്നോ വന്ന സ്വദേശീയ സായിപ്പന്മാർ പണിതുയർത്തിയ റിസോർട്ടുകൾ തള്ളുന്ന മാലിന്യങ്ങൾ അടിഞ്ഞു കൂടുന്ന പുറംപോക്കുകളിലെ ലയങ്ങളിൽ അവർ കഴിഞ്ഞു കൂടുന്നു.
പത്തൻപതുകൊല്ലം കഴിയുന്പോൾ കുപ്പകുന്നായി മാറുന്ന മൂന്നാറിനെ വിട്ടു റിസോർട്ടു മുതലാളിമാർ മുടക്കുമുതലിന്റെ അനേകം മടങ്ങു കീശയിലാക്കി അടുത്ത ലാവണം തേടും.
അന്നും ലയങ്ങളിൽ സ്ക്കൂൾ ഇല്ലാതെ, പലചരക്കു കടയില്ലാതെ, ആശുപത്രിയില്ലാതെ കുറെ തൊഴിലാളികൾ ഉണ്ടാകും. കൊളുക്കുമലൈ തമിഴ്നാടിന്റെ ഭാഗമാണെങ്കിലും അവിടേയ്ക്ക് പോകുവാൻ കേരളത്തിൽ നിന്നേ ഗതാഗതമാർഗ്ഗങ്ങളുള്ളൂ എന്നതാണ് രസകരനായ വസ്തുത.
മൂന്നാറിൽ നിന്നും സൂര്യനെല്ലി വഴി ഏതാണ്ട് മുപ്പത് കിലോമീറ്റർ യാത്ര ചെയ്താൽ കൊളുക്കുമലൈയിൽ എത്തിച്ചേരും. മൂന്നാറിലെ സ്ഥിരം കാഴ്ചകൾക്കപ്പുറം മനോഹരമായ ഒരു ദൃശ്യവിരുന്ന് ആ മലമുകളിൽ സർന്ദർശകരെ കാത്തിരിയ്ക്കുന്നു. 1935ൽ സ്ഥാപിച്ച തേയില പൊടിയ്ക്കുന്ന യന്ത്രങ്ങൾ കാണാം, തേയില നിർമ്മിയ്ക്കുന്ന പ്രക്രിയയും നേരിട്ടു മനസിലാക്കാം, കണ്ണെത്താവുന്ന ദൂരത്തോളം പരന്നു കിടക്കുന്ന തമിഴ്നാടൻ ഗ്രാമങ്ങൾ കാണാം, തിരികെ പോരുന്പോൾ ഫാക്ടറിയിൽ സന്ദർശകർക്ക് നൽകുന്ന ചൂടു ചായയും കുടിക്കാം! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില തോട്ടത്തിലെ ചായ!.