പ്രേത നഗരം


22 ഡിസംബർ 1964. രാത്രി 11.50. സതേൺ റെയിൽവേയുടെ ട്രെയിൻ നന്പർ 653 പാന്പൻ− ധനുഷ്കോടി പാസ്സഞ്ചർ രാമേശ്വരത്തു നിന്നും അവസാന േസ്റ്റഷനായ ധനുഷ്കോടി ടെർമിനലിലേയ്ക്ക് പുറപ്പെട്ടു. ധനുഷ്കോടി റെയിൽവെ േസ്റ്റഷന് സമീപ്പിക്കുന്നതിന് തൊട്ടുമുന്പുള്ള സിഗ്നൽ പ്രവർത്തിക്കുന്നില്ല. അൽപ്പ സമയം നിർത്തിയിട്ടതിന് ശേഷം സിഗ്നൽ പുനഃസ്ഥാപിക്കപ്പെടാൻ സാധ്യതിയില്ല എന്ന് തോന്നിയ ലോക്കോ പൈലറ്റ് ട്രെയിൻ മുന്പോട്ട് എടുക്കുവാൻ തന്നെ തീരുമാനിയ്ക്കുകയായിരുന്നു. ഒറ്റവരി പാളമായിരുന്നെങ്കിലും രാത്രിയിൽ എതിരെ വണ്ടി ഒന്നും വരാനില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, സ്ക്കൂൾ കുട്ടികളുൾപ്പടെ 110 യാത്രക്കാരുടേയും അഞ്ച് ജീവനക്കാരുടേയും ദാരുണ അന്ത്യത്തിലേയ്ക്കായിരുന്നു ആ രാത്രി യാത്ര.

മദ്രാസിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേയ്ക്ക് അക്കാലത്ത് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാമായിരുന്നു. മദ്രാസ് മുതൽ ധനുഷ്കോടി വരെ ട്രെയിൻ. ധനുഷ്കോടിയിൽ നിന്നും ശ്രീലങ്കയിലെ തലൈമന്നാർ വരെ എസ്.എസ് ഇർവ്വിൻ എന്ന ആവിക്കപ്പൽ, തലൈമന്നാർ മുതൽ കൊളംബോ വരെ വീണ്ടും ട്രെയിൻ (Boat Mail). ഇന്ന് പാശ്ചാത്യ രാജ്യങ്ങളിൽ കാണുന്നതുപോലെ റെയിൽപാളങ്ങൾ അവസാനിക്കുന്നിടത്തു തന്നെ കസ്റ്റംസും ഇമിഗ്രേഷനും നടത്തി നേരെ കപ്പലിലേയ്ക്ക് പ്രവേശിക്കുംവിധം സൗകര്യപ്രദവും മെച്ചപ്പെട്ടതുമായ ഒരു യാത്രാ സംവിധാനമായിരുന്നു അത്. അക്കാലത്ത് ശ്രീലങ്കയിലേയ്ക്ക് യാത്ര ചെയ്യുവാൻ വിസ ആവശ്യമില്ലായിരുന്നു.

ഈ യാത്രശൃംഖലയിലെ അന്ത്യട്രെയിൻ യാത്രയായിരുന്നു അന്ന് രാത്രിയിലേത്. മണിക്കൂറിൽ 270 കി.മി. വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റ് ട്രെയിൻ പാളത്തെ തകർത്തെറിയുക മാത്രമല്ല, ധനുഷ്ക്കോടി എന്ന ചെറിയ തുറമുഖ പട്ടണത്തെയും ചുറ്റുമുള്ള മുക്കുവകുടിലുകളേയും ഇല്ലാതെയാക്കിക്കളഞ്ഞു. തുടർന്നുള്ള രണ്ടു രാത്രികളിൽ കൂടി ചുഴലിക്കാറ്റു നാശം വിതച്ചു. തകർന്ന ട്രയിനിലുണ്ടായിരുന്നതുൾപ്പടെ ഏതാണ്ട് 1,800 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ആശുപത്രിയും, തീവണ്ടിയാപ്പീസും, കടകന്പോളങ്ങളും ഒട്ടനവധി സർക്കാർ സ്ഥാപനങ്ങളും ഉണ്ടായിരുന്ന ഒരു ചെറുപട്ടണം ഒറ്റ രാത്രികൊണ്ട് ഇല്ലാതെയായി. അതോടൊപ്പം ഒരു പറ്റം സാധാരണകാരുടെ ജീവനും അവരുടെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളും.

പുനർനിർമ്മാണം സാധ്യമല്ലാത്ത വിധം നശിച്ചുപോയ ആ തുറമുഖ പട്ടണം വാസയോഗ്യമല്ലാത്ത പ്രേത നഗരമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു.

അര നൂറ്റാണ്ടിനു ശേഷവും നശിച്ചപോയ പട്ടണത്തിന്റെ അസ്ഥിപഞ്ചരം ഇന്നും ധനുഷ്കോടിയിൽ ശേഷിച്ചിരിയ്ക്കുന്നു. ചെറ്റകുടിലുകളിൽ പാർക്കുന്ന ചില മുക്കുവ കുടുംബങ്ങളല്ലാതെ ഇന്ന് ആരും ധനുഷ്കോടിയിൽ പാർപ്പില്ല. പകൽ സമയത്തല്ലാതെ പുറത്തുള്ളവർക്ക് അവിടെ പ്രവേശനവുമില്ല. പ്രഭാകരന്റെ ശക്തിക്ഷയിക്കുന്നതുവരെ എല്ലാവരുടേയും കണ്ണിലെ കരടായിരുന്ന പുലികളെത്തേടി പട്ടാള വണ്ടികൾ ധനുഷ്കോടിയിൽ ഇടയ്ക്കിടെ ചുറ്റിത്തിരിയുമായിരുന്നു. ഒളിച്ചിരുന്ന ആഹാരം കഴിച്ചു കൊണ്ടിരുന്ന പ്രഭാകരന്റെ മകൻ പിഞ്ചുബാലനെയും വെടിവച്ച് കൊന്ന് ശ്രീലങ്കൻ പട്ടാളം പുലിവേട്ടയിൽ അന്തിമ ജയം പ്രഖ്യാപിച്ചതിന് ശേഷം പുലികളെ തിരഞ്ഞ് ധനുഷ്കോടിയിലെത്തുന്ന പട്ടാള വാഹനങ്ങളും നിലച്ചു.

തമിഴ്നാട്ടിലെ തൂത്തുകുടി− മദ്രാസ് ദേശീയ പാതയിൽ രാമനാഥപുരം ജില്ലയിലെ രാമേശ്വരത്തിനടുത്തുള്ള കൊച്ച് തുരുത്താണ് ധനുഷ്ക്കോടി. ധനുഷ്കോടിയിൽ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്ക് വെറും 31 കി.മി ദൂരം മാത്രമേയുള്ളൂ.

ലോകത്തിലെ ഏറ്റവും പഴയ കടൽ പാലങ്ങളിൽ ഒന്നായ പാന്പൻ പാലം കരയേയും തുരുത്തിനേയും ബന്ധിപ്പിക്കുന്ന ദീർഘമേറിയ ഗതാഗത മാർഗ്ഗമാണ്. രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേയ്ക്കുള്ള മാർഗ്ഗം പൂർണ്ണമായും നശിച്ചു പോയി എങ്കിലും രാമേശ്വരം വരെയുള്ള ഭാഗം പിന്നീട് റെയിൽവേ അറ്റകുറ്റപ്പണി പുനഃസ്ഥാപിച്ചു.

ആറു മാസം നിർമ്മാണ കാവലാവധി നിശ്ചയിച്ച് ആരംഭിച്ച അറ്റകുറ്റപണികൾ വെറും നാൽപ്പത്തി
യാറു ദിവസംകൊണ്ട് പൂർത്തിയാക്കിയ സുപ്രസിദ്ധ ടെക്നോക്രാറ്റ് ഇ. ശ്രീധരന്റെ ഔദ്യോഗിക ജിവിതത്തിലെ പ്രഥമ നാഴികക്കല്ല് ഈ പാലത്തിലെ പുനർനിർമ്മാണമായിരുന്നു എന്ന് പറയാം.

കൊച്ചിയിൽ നിന്നും മൂന്നാർ വഴി ധനുഷ്കോടി വരെ നീളുന്ന NH− 49ൽ 1100 കി.മി യാത്ര ചെയ്താൽ ധനുഷ്കോടിയിൽ എത്താം. രാമേശ്വരത്ത് നിന്നും പകൽ സമയം ടെന്പോവാനുകൾ യാത്രികരെ ധനുഷ്കോടിയിൽ എത്തിയ്ക്കും. വൈദ്യുതിയും വാർത്താമിനിമയ സൗകര്യവും ഇല്ലാത്തതിനാൽ രാത്രി യാത്ര അനുവദിച്ചിട്ടില്ല.

ധനുഷ്കോടിയിലെ അസ്ഥിപഞ്ചരങ്ങളായ കെട്ടിടങ്ങളും പാതി മണലിൽ മൂടിയ വഞ്ചികളും ഭയം ജനിപ്പിക്കുന്ന ശൂന്യമായ മണൽപ്പരപ്പും അന്യം നിന്നുപോയ ഒരു ഒരു തലമുറയുടെ മായാത്ത ശേഷിപ്പുകളാണ്. ഒറ്റ രാത്രികൊണ്ട് ഇല്ലാതായിപ്പോയ ഒരു കൂട്ടം മനുഷ്യരുടെ കുഴിച്ചു മൂടപ്പെട്ട സ്വപങ്ങളാണ്. യാത്രകൾ ഇഷ്ടപ്പെടുന്നവർ ഒരിയ്ക്കൽ എങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് ഈ പ്രേത നഗരം

You might also like

Most Viewed