ഇങ്ങിനെയും ചില ജന്മങ്ങൾ!
ഹിമാലയൻ പട്ടണമായ ലഡാക്കിൽ ലിംഗ്സി ഹോട്ടലിന്റെ മുകളിൽ വെയിൽ കൊണ്ടിരിയ്ക്കുന്പോഴാണ്, സ്വിറ്റ്സർലൻഡുകാരായ ദന്പതികളെ പരിചയപ്പെട്ടത്. വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന രണ്ടു യാത്രികർ.
ഉയരം കൂടിയ സ്ഥലങ്ങളിൽ ആദ്യമായി എത്തുന്ന യാത്രികർക്ക് പല തരത്തിലുള്ള ശാരീരിക അസ്വസ്ഥകളും ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കുന്നതിന് കുറെ മണിക്കൂറുകൾ പൂർണ്ണവിശ്രമം എടുക്കുകയാണ് ഏറ്റവും നല്ല പോം വഴി. ഇതിന് അക്ലമറ്റൈസേഷൻ എന്ന് പറയും. ഓക്സിജൻ കുറവായതുകൊണ്ട് പുതിയ സഞ്ചാരികൾക്ക് നേരിട്ട പ്രശ്നങ്ങൾ പറഞ്ഞ് ഹോട്ടൽ ജീവനക്കാർ അൽപ്പം ഭയപ്പെടുത്തിയിരുന്നു. ഉറക്കെ സംസാരിക്കരുത്, വേഗം നടക്കരുത്, പെട്ടെന്ന് നട കയറരുത്, ഇങ്ങനെ പലതും. എന്തായാലും പൂർണ്ണമായി അനുസരിക്കുകയല്ലാതെ മറ്റു പോംവഴികൾ ഉണ്ടായിരുന്നില്ല. അക്ലമറ്റൈസേഷന്റെ ഭാഗമായി കിടക്കുന്പോൾ ഉറങ്ങരുത് പോലും! ഉറങ്ങുന്പോൾ ശ്വാസഗതി സ്വാഭാവികമായും മന്ദഗതിയിലാകുകയും ശരീരത്തിന് അവശ്യം വേണ്ട അളവിൽ ഓക്സിജൻ കിട്ടാതെ വരികയും ചെയ്തേക്കാം. ഇതു പല സങ്കീർണ്ണതകളിലേയ്ക്കും വഴിവയ്ക്കുമത്രേ! പുതിയ സാഹചര്യവുമായി ശരീരം പെട്ടെന്ന് ഇണങ്ങിച്ചേർന്നുകൊള്ളും, പക്ഷേ, അതിന് സാവകാശം കൊടുക്കണമെന്ന് മാത്രം.
ആറ് മണിക്കൂർ ബെഡ് റെസ്റ്റ് കഴിഞ്ഞ് പതിയെ നടന്ന് ചുറ്റുപാടുകൾ കാണാൻ ടെറസ്സിൽ എത്തിയപ്പോഴാണ് സ്വിറ്റ്സർലൻഡുകാരെ കണ്ടുമുട്ടിയത്.
പക്ഷേ, അവരുടെ കഥകേട്ടപ്പോൾ അത്ഭുതമായി. അവർ മണാലിയിൽ നിന്നും ഉദ്ദേശം 474 കി മി. സൈക്കിൾ ചവിട്ടിയാണ് ലഡാക്കിലെത്തിയത്. പട്ടാള ട്രക്കുകളും വലിയ വാഹനങ്ങളും ടൂറിസ്റ്റ് ബസുകളും അല്ലാതെ മറ്റു വണ്ടികൾ വിരളമായ മലന്പാതയിലൂടെ പത്തു ദിവസം കൊണ്ടാണ് എത്തിയത്. ഭാഷ വശമില്ലാത്ത രാജ്യത്തിൽ കാൽനടക്കാർ ആരുമില്ലാത്ത വഴിയിലൂടെ ഒരു വിചിത്ര യാത്ര!
അവിടെ എത്തിയപ്പോൾ ഭർത്താവിന് പനി പിടിച്ചു. മുൻകൂട്ടി പദ്ധതിയിട്ടിരുന്നില്ലെങ്കിലും യാത്ര താൽക്കാലികമായി നിർത്തി, പട്ടണത്തിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു, ഡോക്ടറെ കണ്ടു മരുന്നു വാങ്ങി. അസുഖം മാറുന്പോൾ ശ്രീനഗറിലേയ്ക്ക് യാത്ര തുടരും, സൈക്കിളിൽ തന്നെ! ഉദ്ദേശം 430 കി.മി ഇനിയും താണ്ടണം. അതിന് ശേഷം സ്വിറ്റ്സർലാൻഡിലേയ്ക്ക് തിരിച്ചു പോകും.
ഇതെന്തൊരു ഭ്രാന്ത്, എന്ന് ചോദിച്ചപ്പോഴാണ്, ശരിയായ ഭ്രാന്തിന്റെ ചരിത്രം അവർ പങ്ക് വെച്ചത്. പത്തിരുപത് കൊല്ലമായി ഈ പരിപാടി തുടങ്ങിയിട്ട്.ഡൽഹിയിൽ നിന്നും ഹൈദ്രാബാദ് വരെ സൈക്കിൾ ചവിട്ടിയിട്ടുണ്ട് രണ്ടാളും.ഫ്രാങ്ക്ഫർട്ടിൽ നിന്നും ആംസറ്റർഡാം വരെ ചവിട്ടിയിട്ടുണ്ട്. ദുബൈയിൽ നിന്നും സലാല വരെ−, അലക്സാൻഡ്രിയായിൽ നിന്നും കെയ്റോ വരെ−, ബ്രിസ്ബയിനിൽ നിന്നും മെൽബോൺ വരെ! തീർന്നില്ല, അമേരിയ്ക്കയിലെ മിക്ക േസ്റ്ററ്റിലേയും പ്രഥാന സ്ഥലങ്ങളെല്ലാം സൈക്കിളിൽ യാത്ര ചെയ്ത് കണ്ടു തീർത്തുവത്രേ!
കുറക്കാലമായി ഇതു തന്നെയാണ് പരിപാടി. പരസ്യം ഇല്ല, പ്രായോചകരില്ല. പ്രതിഫലേച്ഛയുമില്ല.ഫ്ളൈറ്റിലും സൈക്കിളിലും അല്ലാതെ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കാറില്ല. രണ്ടാളും ഒരിമിച്ചല്ലാതെ യാത്ര ചെയ്യാറില്ല, ഒരിയ്ക്കലും സുഹൃത്തുക്കളെ യാത്രയ്ക്കു കൂട്ടാറുമില്ല. യാത്രയ്ക്കിടയിൽ എന്ത് അസുഖം വന്നാലും അവിടെ തന്നെ ചികിത്സിയ്ക്കും. മാറുന്നതുവരെ അതേനാട്ടിൽ തന്നെ കഴിയും. ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി പ്പോകുന്ന പ്രശ്നമേയില്ല.
ആഹാരത്തിന് പ്രത്യേക നിഷ്കർഷയൊന്നുമില്ല−, യാത്ര ചെയ്യുന്ന നാടുകളിൽ ലഭ്യമായത് കഴിയ്ക്കും. യാത്രയ്ക്കിടയിൽ പാട്ടുകേൾക്കാറില്ല, പുസ്തകങ്ങൾ കൊണ്ടു നടക്കാറില്ല.
ഉണർന്നിരിയ്ക്കുന്ന ഭൂരിപക്ഷം സമയങ്ങളിലും രണ്ടാളും യാത്രയിൽ........ ഒരാൾ മുന്നിലും മറ്റേയാൾ പിന്നിലുമായി! ഇഷ്ടപ്പെടുന്നതെല്ലാം ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. നമ്മുടെ ഇഷ്ടങ്ങളെല്ലാം ഇഷ്ടമായ ഒരു ഇഷ്ടക്കാരിയെ കിട്ടുന്നതോ− അതിലും ഭാഗ്യം!