ഫോ­റസ്റ്റ് മാൻ ഓഫ് ഇന്ത്യ


ജാദവ് പയാങ് എന്ന ആദിവാസി ബാലൻ ബ്രഹ്മപുത്രയുടെ തീരത്തെ  മണൽപരപ്പിലൂടെ വിതുന്പി കൊണ്ട് നടക്കുകയാണ്. പരീക്ഷയിൽ തോറ്റതുകൊണ്ടോ ബന്ധുക്കൾ മരിച്ചതുകൊണ്ടോ അല്ല− ഒരു തുള്ളി വെള്ളം കിട്ടാതെ ഇഴജന്തുക്കൾ  കൂട്ടമായി ചത്തൊടുങ്ങിയ കാഴ്ച കണ്ടാണ്  പതിനാറു വയസ്സുള്ള ജാദവ് കരയുന്നത്. 

ബ്രഹ്മപുത്രയുടെയും ഉപനദിയായ സുബാൻസുരി നദിയുടെയും ഇടയിലെ  വലിയ  ദ്വീപാണ് മാജുലി.   നദികളാൽ ചുറ്റപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണിത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന മാജുലിയുടെ വിസ്തീർണ്ണം 1250 സ്ക്വ. കി.മി വരും. 

1979ലെ വെള്ളപ്പൊക്കത്തിൽ ദ്വീപിന്റെ നല്ലൊരു ഭാഗം  നദിയെടുത്തു, വനങ്ങൾ നശിച്ചു, മൃഗങ്ങളെല്ലാം ഒഴിക്കിൽപ്പെട്ടു, ഒരു കുറ്റിച്ചെടി പോലും ഇല്ല, എല്ലായിടത്തും ചൂടുള്ള മണൽ മാത്രം! 

ആവാസ വ്യവസ്ഥയ്ക്ക് വന്ന മാറ്റം താങ്ങാനാകാതെ ഉരഗങ്ങൾ കൂട്ടം കൂട്ടമായി ചത്തു കിടക്കുന്നു. ഈ കാഴ്ചയാണ് യാദവിനെ വേദനിപ്പിച്ചത്. 

ജാദവ് വനം വകുപ്പിനെ സമീപിച്ചു− ഈ ചത്തൊടുങ്ങുന്ന ഈ നിസ്സാരജീവികൾ  കൂടി ഭൂമിയുടെ അവകാശികളാണ്, സംരക്ഷിക്കണം. ഒരു പുനർ− വന വൽക്കരണ പദ്ധതിയുണ്ടാക്കണം. പക്ഷെ, വനം വകുപ്പ് നിസ്സഹായരായിരുന്നു. കാരണം അവർക്കിത് ഒരു ജോലിമാത്രമാണ്. വികാരങ്ങളല്ല അവരെ ഭരിക്കുന്നത്, ചട്ടങ്ങളും നിയമങ്ങളുമാണ്.

എങ്കിലും അവർ ഉപദേശിച്ചു,− താൽപ്പര്യമെങ്കിൽ മുള നട്ടു പിടിപ്പിക്കാം, മറ്റൊന്നും ഇവിടെയിനി വളരില്ല.  മുളങ്കാടുകൾവഴി   ആവാസവ്യവസ്ഥ തിരിച്ചു  വന്നേക്കാം.  വനം വകുപ്പ് മുള നട്ടുപിടിപ്പിക്കുവാൻ ഏൽപിച്ച സംഘത്തിലെ കൂലിക്കാരനായി ജാദവ് കൂടി. അഞ്ച് വർഷത്തേയ്ക്ക്   പദ്ധതിയിട്ടിരുന്നത് സർക്കാർ മൂന്ന് വർഷമാക്കി ചുരുക്കി. പിന്നീട് അതു പോലും പൂർത്തിയാക്കാതെ വനം വകുപ്പ് പിന്മാറി.  എങ്കിലും  ജാദവ് അവസാനിപ്പിച്ചില്ല. ഒരു വലിയ ദൗത്യം ഏറ്റെടുക്കുകയായിരുന്നു−   ഉപേക്ഷിക്കാൻ വലിയ വീടും സമൃദ്ധിയും ഒന്നുമുണ്ടായിരുന്നില്ല−, എങ്കിലും  ഉള്ള ചെറിയ കൂരയും പഠനവും ഉപേക്ഷിച്ചു. കൂടെ ഭാവിയേക്കുറിച്ചുള്ള സ്വപ്നങ്ങളും!

ബാക്കിയുള്ള മണൽതിട്ട മുഴുവൻ  മുള നട്ടു പിടിപ്പിച്ചു, രാവിലെയും വൈകുന്നേരവും ബ്രഹ്മപുത്രയിൽ നിന്നും വെള്ളം കോരി നനച്ചു. ആ ആദിവാസി ബാലന്റെ സ്ഥിരോത്സാഹത്തിനും അദ്ധ്വാനത്തിനും ഫലമുണ്ടായി.    

വർഷങ്ങൾ കൊണ്ട് മണൽപരപ്പു മുഴുവൻ ഇടതൂർന്ന മുളങ്കാടായി പരിണമിച്ചു.  ജാദവ് ഗ്രാമത്തിൽ പോയി ചുവന്ന ഉറുന്പുകളെ ശേഖരിച്ചു കൊണ്ട് വന്ന് തുറന്നു വിട്ടു. മണ്ണിന്റെ ഘടന മാറ്റുവാൻ അവയ്ക്ക് കഴിയുമെന്ന് ജാദവ് മനസിലാക്കിയിരുന്നു.

സ്വപ്നങ്ങൾ അവസാനിച്ചില്ല−  തനതു  മരങ്ങൾ ഇവിടെ വളരണം ഇതൊരു ഇടതൂർന്ന വനമാകണം, വെറും മുളങ്കാട് അല്ല ഇവിടെ വേണ്ടത്. കാട്ടു മൃഗങ്ങളുടെ ശവപ്പറന്പായിരുന്ന ഇവിടം അവർക്ക് തിരികെ നൽകണം. ചേക്കേറാൻ പക്ഷികളുണ്ടാകണം. 

ഇന്ന് മാജുലിയിൽ ജാദവ് കൈകൊണ്ട് നട്ടു വളർത്തിയെടുത്ത മരങ്ങൾ നിറഞ്ഞ 1,360 ഏക്കർ വനഭൂമിയുണ്ട്, കൂടാതെ ആയിരം ഏക്കർ മുളങ്കാടും ഉണ്ട്. 

ചെറു ജീവികൾ മത്രമല്ല വന്യജീവികളെല്ലാം മൊളായി കാടുകളിൽ വിരുന്നു വരുന്നു, നൂറിലധികം വരുന്ന കാട്ടാനക്കൂട്ടം മേയാൻ വരാറുണ്ട്., കഴിഞ്ഞ വർഷം മാത്രം  ജാദവ് നട്ടുവളർത്തി പരിപാലിച്ച വനഭൂമിയിൽ 10 കാട്ടാനകുട്ടികൾ ജനിച്ചുവത്രേ! കടുവയും റൈനോസറുകളും വിവിധതരം മാനുകളും നൂറുകണക്കിന് വന്യജീവികളും പക്ഷികളും അവിടെ സ്വസ്ഥമായി ജീവിയ്ക്കുന്നു. 

ജാദവിന് ഇപ്പോൾ 52 വയസ്സ് പ്രായമുണ്ട്.  ഭാര്യ ബിനീത, മക്കൾ സഞ്ജയ്, സഞ്ജീവ് മകൾ. മൂൺമൂണി എന്നിവരോടൊപ്പം മൊളായ് കാട്ടിലെ കൊച്ചു കുടിലിൽ ജീവിക്കുന്നു. 

പശുക്കളെപോറ്റി പാല് വിറ്റ് ആ കുടുംബം സന്തോഷത്തോടേ കഴിയുന്നു. മറ്റു വരുമാനമാർഗ്ഗങ്ങളൊന്നുമില്ല. 

എന്നും രാവിലെ മൂന്ന് മണിയ്ക്ക് എഴുന്നേൽക്കും. എട്ട് മണി ആകുന്പോഴേയ്ക്കും കറവയും കാലികൾക്ക് തീറ്റ കൊടുക്കലും കഴിയും. നദി കടന്ന് ജോർഹാത്തിൽ കൊണ്ടു പോയി പാല് വിൽക്കും. തിരികെ എത്തുന്പോഴേയ്ക്കും   മക്കൾ  സ്ക്കൂളിലേയ്ക്ക് പോകാൻ തയ്യാറായിട്ടുണ്ടാകും

ജാദവ് പണി ആയുധങ്ങളും  മരങ്ങളുടെ വിത്ത് നിറഞ്ഞ സഞ്ചിയും വെള്ളം കോരുവാനുള്ള പാത്രവുമായി അവരോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങും.

തൊട്ടടുത്തുള്ള മേഖഹി ദ്വീപിലേയ്ക്ക്. അവിടെയും മരങ്ങളെ നട്ടുപിടിപിക്കാൻ തുടങ്ങിയിരുക്കുന്നു ജാദവ്!

ജാദവിനെ ആദരിയ്ക്കുവാൻ  മഹാരാഷ്ട്രയിൽ വെച്ച് നടത്തപ്പെട്ട ഒരു ചടങ്ങിൽ ഡോ. അബ്ദുൽകലാം  നൽകിയൽ പേരാണ് ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ!

മരം മുറിച്ച് കാട് വെട്ടി,  മലയിടിച്ച് നാടു മുടിയ്ക്കുന്നവരിൽ മന്ത്രിമാരുണ്ട്, വ്യവസായികളുണ്ട്, കച്ചവടക്കാരുണ്ട്, വനം  മാഫിയ എന്ന് വിളിക്കപ്പെടുന്ന പരിഷ്കൃത കാട്ടാളന്മാരുമുണ്ട്, പക്ഷേ,  നട്ടു പിടിപ്പിക്കുന്നവർ ഏറെയില്ല. ചില സാധാരണക്കാരും ആദിവാസികളും മാത്രം. അവർക്ക് ലോകം എന്നാൽ ഞാനും എന്റെ കുടുംബവും പിന്നെ എന്റെ ബാങ്കിലെ ഡിപ്പോസിറ്റും മാത്രമല്ല.  

അറിയപ്പെടാതെ പോകുന്ന ഇവരെപ്പോലെ വിരലിലെണ്ണാവുന്ന ചിലർ ഇവിടെ ജീവിച്ചിരുന്നതുകൊണ്ടാണ് ഭൂമി ഇങ്ങനെ നിനിൽക്കുന്നത് എന്ന് ഒരുകാലത്ത് തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.

You might also like

Most Viewed