ഇന്ത്യയെ സ്നേഹിച്ച മർഫി സായിപ്പ്
ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പ്ലാന്റേഷൻ നടത്തിയത് ജോൺ ജോസഫ് മർഫി എന്ന ഐറിഷുകാരനാണ്. എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്ത് തട്ടേക്കാട് എന്ന സ്ഥലത്താണ് ആദ്യ റബ്ബർ തോട്ടം നട്ടുപിടിപ്പിച്ചത്. പിന്നീട് കോട്ടയം ജില്ലയിലെ ഏന്തയാർ എന്ന സ്ഥലത്തേയ്ക്ക് അദ്ദേഹം താമസം മാറി. അവിടെ റബ്ബർ കൃഷിയോടൊപ്പം മൈക്കോളജി എന്ന പേരിൽ ഒരു റബ്ബർ ഗവേഷണ സ്ഥാപനവും അദ്ദേഹം സ്ഥാപിച്ചു. ഇത് ഇന്ത്യയിൽ ഒന്നാമത്തെ റബ്ബർ ഗവേഷണ സ്ഥാപനം ആയിരുന്നു.
തിരുവതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ മഹാരാജാവ് നൽകിയ 200 ഏക്കർ സ്ഥലത്ത് പെരിയാർ സിൻഡിക്കേറ്റ് എന്ന പേരിൽ ഒരു കന്പനി ഉണ്ടാക്കി റബ്ബർ കൃഷി പരീക്ഷിക്കുകയായിരുന്നു ജെ.ജെ മർഫി. ഇന്നത്തെ കേരളത്തിലെ നാണ്യവിളകളിൽ പ്രധാന സ്ഥാനം ലഭിച്ച റബ്ബർ കൃഷി കേരളത്തിൽ വ്യാപകമായതിന്റെ തുടക്കം അവിടെ നിന്നുമാണ്. പരീക്ഷണാടിസ്ഥാനത്തിൽ തേയില, കുരുമുളക്, ഏലം എന്നീ നാണ്യവിളകളുടെ തോട്ടം ആദ്യമായി ഉണ്ടാക്കിയതും മർഫിസായിപ്പ് ആയിരുന്നു.
ഏതാണ്ട് ആയിരത്തിൽപരം തൊഴിലാളികൾ മർഫി സായിപ്പിന്റെ തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നു. തൊഴിലാളി യൂണിയനുകളും ക്ഷേമബോർഡുകളും വരുന്നതിനും പതിറ്റാണ്ടുകൾക്ക് മുന്പ് മർഫി സായിപ്പ് തന്റെ തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തി. നല്ല താമസസൗകര്യങ്ങളൊരുക്കി കൊടുത്തു. ഏന്തയാറിൽ ഒരു ചെറിയ ആശുപത്രിയും സ്ഥാപിച്ചു. തൊഴിലാളികളുടെ ചികിത്സാചിലവ് മർഫിയുടെ കന്പനി വഹിച്ചു. വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി. നല്ലൊരു ദൈവ വിശ്വാസിയായിരുന്ന അദ്ദേഹം ചാപ്പലുകളും കന്യാസ്ത്രീ മഠങ്ങളും സ്ഥാപിച്ച് ഗ്രാമീണരുടെ ആത്മീയജീവിതത്തിന് വഴികാട്ടിയായി.
സ്വന്തമായി തുറമുഖമുള്ള യൂറോപ്യൻ രാജ്യങ്ങളെല്ലാം കപ്പൽ കയറി ഉലകം കറങ്ങുകയും കച്ചവടം നടത്തുകയും കോളനികൾ സ്ഥാപിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങിനെ നമ്മുടെ നാട്ടിലും എത്തിയ വെള്ളക്കാർ സ്വാതന്ത്ര്യാനന്തരം കെട്ടുകെട്ടിയെങ്കിലും അവരുടെ കൂടെ വന്ന മർഫി സായിപ്പിന് കേരളം വിട്ടുപോകുവാൻ മനസായില്ല. നട്ടു വളത്തിയ കൃഷിത്തോട്ടത്തിന്റെയും ഒരുമിച്ച് പണിയെടുത്ത തൊഴിലാളികളുടെയുമൊപ്പം യൗവ്വനകാലം മുഴുവൻ ചിലവഴിച്ച ഏന്തയാർ ഗ്രാമത്തിൽതന്നെ ശിഷ്ടകാലം ജീവിച്ചു തീർക്കുവാൻ ഐറിഷ് സായിപ്പ് ആഗ്രഹിച്ചു.
ജാലിയൻ വാലാബാഗിലും തിരൂരും ഇന്ത്യയുടെ തെരുവുകളിലും ആയിരക്കണക്കിന് നിസ്സഹായരെ കൊന്നുതള്ളിയ നാരധന്മാർ വന്ന കപ്പലുകളിൽ ഒന്നിലാണ് മർഫി സായിപ്പും വന്നിറങ്ങിയത്. എങ്കിലും അദ്ദേഹം നമ്മുടെ ഒരു കുഗ്രാമത്തിൽ വന്ന് പാർത്തു, മണ്ണിനേയും ജനങ്ങളേയും സ്നേഹിച്ചു. നാട്ടുകാർ അദ്ദേഹത്തെ ആദരവോടെ മർഫി സായിപ്പ് എന്ന് വിളിച്ചു. കേരളത്തിന്റെ സാന്പത്തിക അടിത്തറയുടെ ആണിക്കല്ലായ നിരവധി നാണ്യവിളകളുടെ വ്യാപകമായ കൃഷിയ്ക്ക് അടിസ്ഥാനമിട്ടു.
1957 മെയ് 9ന് അദ്ദേഹം അന്തരിച്ചു.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മധുമല പള്ളി സെമിത്തേരിയിൽ തൊഴിലാളികളോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ റബ്ബർബോർഡ് പള്ളിസിമിത്തേരിയിലെ അദ്ദേഹത്തിന്റെ ശവകുടീരം വിലയ്ക്ക് വാങ്ങി. 58 വർഷങ്ങൾക്ക് ശേഷം, സെമിത്തേരിയിൽ കേരളസർക്കാർവക സ്മാരകത്തിന്റെ പണിനടക്കുന്നു.
പലരും തങ്ങളുടെ കാലശേഷം നിത്യവിസ്മൃതിയിലാകുന്പോൾ കാലത്തിന് പോലും മായ്ക്കാനാകതെ ചിലർ എക്കാലവും ഓർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കും. മർഫിസായിപ്പ് നിർമ്മിച്ച കെട്ടിടം ആണ് ഇപ്പോൾ കാണുന്ന ഏന്തയാർ. ജെ.ജെ മർഫി പബ്ലിക് സ്കൂൾ. രണ്ട് വർഷങ്ങൾക്ക് മുൻപ് ഈ സ്കൂൾ വരാന്തയിലിരുന്ന് സായിപ്പിന്റെ ചരിത്രം കേട്ടപ്പോൾ ഒരു തലമുറ കഴിഞ്ഞിട്ടും ഇന്നും അന്നാട്ടുകാരുടെ മനസിൽ ജീവിയ്ക്കുന്ന ജോൺ ജോസഫ് മർഫിയോട്, അദ്ദേഹത്തെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നാട്ടുകാരോട്, അദ്ദേഹം ഉറങ്ങുന്ന ആ മണ്ണിനോട് ഒക്കെ ഒരിഷ്ടം തോന്നി.