അവധിയ്ക്ക് പോകുന്നവർക്ക്
മധ്യവേനൽ അവധിക്ക് നാട്ടിൽ പോകുന്നവർ എറണാകുളത്ത് തേവരയിലുള്ള കേരള ഫോക്്ലോർ മ്യൂസിയം & തീയേറ്റർ സന്ദർശിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് നാടിന്റെ കലാ−സാംസ്ക്കാരിക പാരന്പര്യം മനസിലാക്കിക്കൊടുക്കാൻ ഇതിലും പറ്റിയ സ്ഥലം കൊച്ചിയിൽ ഇല്ലെന്ന് തന്നെ പറയാം. മുതിർന്നവർക്കും ഈ സന്ദർശനം ഒരു നല്ല ഓർമ്മപ്പെടുത്തൽ ആയിരിക്കും.
മൂന്ന് നിലകളിലായി പുരാവസ്തുക്കൾ, ചരിത്ര സ്മാരകങ്ങൾ, കരകൗശല വസ്തുക്കൾ, പുരാതന വീട്ടുപകരണങ്ങൾ സംഗീത ഉപകരണങ്ങൾ എന്നിങ്ങനെ ആയിരക്കണക്കിന് അപൂർവ്വ വസ്തുക്കളുടെ ഒരു വൻ ശേഖരം സന്ദർശകരെ കാത്തിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ കരിങ്കല്ലിൽ തീർത്ത ഒരു തമിഴ്നാടൻ ക്ഷേത്രശിൽപം മ്യൂസിയം മതിലിനുള്ളിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കൽവിളക്കിന് ചുറ്റി ഇരുവശത്തും കരിങ്കൽ കരിവീരന്മാരുടെ ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്ന സോപാന മാതൃകയിലെ പടികൾ നടന്ന് കയറി മണിച്ചിത്രത്താഴ് പിടിപ്പിച്ച കൊത്തുപണിയിൽ അലംകൃതമായ കൂറ്റൻ നടവാതിൽ കടന്ന് അകത്തളത്തിൽ എത്തിയാൽ തടിയിലും ശിലയിലും വെങ്കലത്തിലും തീർത്ത ഉപകരണങ്ങൾ നിറഞ്ഞ ഒരു പുരാതനലോകത്തിൽ എത്തിയത് പോലെ തോന്നും.
ഏറ്റവും താഴത്തെ നിലയിൽ മലബാർ പ്രദേശത്തെ പുരാവസ്തുക്കൾ, ഒന്നാമത്തെ നിലയിൽ കൊച്ചി, രണ്ടാമത്തെ നിലയിൽ തിരുവിതാംകൂർ എന്ന ക്രമത്തിൽ വളരെ ചിട്ടയായി ക്രമീകരിച്ചിരിക്കുന്ന മ്യൂസിയത്തിൽ ഏതാണ്ട് നാലായിരത്തിനടുത്ത് ചരിത്ര പ്രാധാന്യമുള്ള ചെറുതും വലുതുമായ വസ്തുക്കളെക്കൊണ്ട് നിറച്ചിരിക്കുന്നു. ഏറ്റവും മുകളിൽ അതിമനോഹരമായ പൗരാണിക മാതൃകയിൽ തടിയിൽ തീർത്ത ഒരു ഓഡിറ്റോറിയം. എല്ലാ ദിവസവും വൈകുന്നേരം ക്ലാസിക്കൽ നൃത്തപ്രദർശനം സന്ദർശകർക്കായി നടത്തപ്പെടുന്നു. കേരള വാസ്തുശിൽപകലയുടെ എല്ലാ അംശങ്ങളും സ്വാംശീകരിച്ച് പണിതിരിക്കുന്ന കെട്ടിടവും മര ഉരുപ്പടികളും ഒന്നു കാണേണ്ടത് തന്നെയാണ്.
കുണ്ടന്നൂർ − തോപ്പുംപടി റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യസ്ഥാപനമാണിത്. ലാഭരഹിതമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ദൈനംദിന ചിലവുകൾക്കായി മിതമായ ഒരു ഫീസ് സന്ദർശകരിൽ നിന്നും ഈടാക്കുന്നു. സംസ്കാര സന്പന്നമായിരുന്ന ഒരു ഭൂതകാലത്തിന്റെ ഓർമ്മകളിൽ ഒരു ദിവസം കുടുംബമായി ചിലവഴിച്ച് വൈകുന്നേരം കൺകുളിർക്കെ കലാവിരുന്നും ആസ്വദിച്ച് മടങ്ങിപ്പോരുന്പോൾ ഒരു ദിവസം കൊണ്ട് ഒരു അവധിക്കാലം ധന്യമാക്കിയ സംതൃപ്തി ലഭിക്കാതിരിക്കുകയില്ല.