അത്ഭുതങ്ങൾ നടക്കാറുണ്ട് -ഇക്കാലത്തും!
ജൂലിയാന കോപ്കെയുടെ ആത്മകഥയാണ് "ആകാശത്തു നിന്നും വീണപ്പോൾ". ജൂലിയാന വീണത് ചെറിയ ഉയരത്തിൽ നിന്നൊന്നുമല്ല. ഏതാണ്ട് 3.2 കി.മി മുകളിൽ നിന്നുമായിരുന്നു. അതും ജനവാസമില്ലാത്ത ആമസോൺ കാടിനുള്ളിലേക്ക്. അച്ഛന്റെ കൂടെ ക്രിസ്തുമസ് ആഘോഷിക്കാൻ അമ്മയുമൊത്ത് പെറുവിലെ ലിമയിൽ നിന്നും പുക്കാൾപ്പയിലേക്ക് യാത്ര ചെയ്തിരുന്ന ജൂലിയാനയുടെ വിമാനം തകർന്ന് അമ്മയടക്കം 85 യാത്രക്കാരും ആറു വിമാന ജോലിക്കാരും മരിച്ചപ്പോൾ ജൂലിയാന മാത്രം അത്യത്ഭുതകരമായി രക്ഷപ്പെട്ടു. വിപദിധൈര്യവും അറിവും നിശ്ചയദാർഡ്യവും സർവ്വോപരി ഭാഗ്യവും ആയിരുന്നു ആ വിദ്യാർത്ഥിനിയെ രക്ഷിച്ചത്.
സംഭവം നടന്നത് ഇങ്ങനെ:
ഡിസംബർ 24, 1971, പെറു.
പതിനേഴ് വയസ്സുള്ള ജൂലിയാന കോപ്കേയും അമ്മയും ലിമോ എയർപോർട്ടിൽ നിന്നും പുക്കാൾപ്പയിലേക്ക് പറക്കുകയായിരുന്നു. ജന്തുശാസ്ത്ര ഗവേഷകനായിരുന്ന പിതാവ് പുക്കാൾപ്പ എയർപ്പോർട്ടിൽ കാത്തു നിൽക്കുന്നു. സുരക്ഷാകാര്യങ്ങളിൽ കുപ്രസിദ്ധിയാർജ്ജിച്ച ലാൻസ എയർലൈൻസിലെ യാത്ര പിതാവ് വിലക്കിയിരുന്നതാണ്. എങ്കിലും ക്രിസ്തുമസ് വേളയിലെ തിരക്കു മൂലം മറ്റു ഫ്ളൈറ്റ് കിട്ടിയില്ല. ലാൻസാ എയർലൈൻസ് 508ന്റെ 19ാം നിരയിൽ വിൻഡോ സീറ്റിൽ ജൂലിയാനയും തൊട്ടടുത്ത് അമ്മയും ഇടംപിടിച്ചു. പ്രതികൂല കാലാവസ്ഥ പരിഗണിക്കാതെ യാത്ര തിരിച്ച ഫ്ളൈറ്റ് ആമസോൺ കാടിന്റെ മുകളിലൂടേ പറക്കുന്പോൾ അജ്ഞാത കാരണങ്ങളാൽ പൊട്ടിത്തെറിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നതിന് മുന്പ് ജൂലിയാനയ്ക്ക് എടുത്തെറിയപ്പെട്ടതു പോലെ തോന്നി. തകർന്ന ഫ്ളൈറ്റിൽ നിന്നും ജൂലിയാന എങ്ങനെയോ പുറത്തേക്ക് തെറിച്ചു പോയി. സീറ്റ് ബെൽറ്റ് ഇട്ടിരുന്നത്കൊണ്ട് സീറ്റ് ഉൾപ്പടെ അവൾ താഴേക്ക്
വീണു.
മൂന്നു പേർ ഇരിക്കുന്ന സീറ്റിനോട് ബന്ധിക്കപ്പെട്ട നിലയിൽ, രണ്ടായിരം അടി മുകളിൽ നിന്നും മനുഷ്യവാസമില്ലാത്ത ആമസോൺ കാടുകളിലേക്ക് ജൂലിയാന വീണു. മരത്തിൽ തട്ടി തടഞ്ഞ് താഴെ വീണ ജൂലിയാന കുറെ സമയത്തിന് ശേഷം സ്വബോധം വീണ്ടെടുത്തു. യാത്ര ചെയ്തിരുന്ന ഫ്ളൈറ്റ് തകർന്നു എന്നും സഹയാത്രികരെല്ലാം മരിച്ചു എന്നും ഊഹിച്ചു. രക്ഷപ്പെടണം!. മനുഷ്യവാസമുള്ള സ്ഥലം കണ്ടെത്തണം, ആഹാരവും വെള്ളവും ഇല്ല− ഒരു ചെരുപ്പും കാണുന്നില്ല. ഭയവും നിരാശയും തളർത്തിയെങ്കിലും ആ വിദ്യാർത്ഥിനി പരിശ്രമിക്കുവാൻ തന്നെ തീരുമാനിച്ചു. പപ്പയോടൊപ്പം പല ദിവസങ്ങൾ കാട്ടിൽ കഴിഞ്ഞിട്ടുള്ള ജൂലിയാനയ്ക്ക് വനത്തേക്കുറിച്ചും വന്യജീവികളേക്കുറിച്ചും അസാമാന്യമായ ജ്ഞാനമുണ്ടായിരുന്നു. കാട്ടിൽ അകപ്പെട്ടാൽ ദിശയറിയാതെ പോകുന്നതാണ് ഏറ്റവും വലിയ അപകടം എന്ന് പിതാവിന്റെ വാക്കുകൾ ഓർത്തു. പെട്ടെന്ന് വെള്ളം ഒഴുകുന്ന ശബ്ദമവൾ കേട്ടു. ഒരു ചെറിയ അരുവി. ഈ അരുവി ഒഴുകി ഒഴുകി ഒരു നദിയാകും. അതിന്റെ കരയിലെവിടെ എങ്കിലും ജനവാസമുള്ള ഒരു പ്രദേശവുമുണ്ടാകും, ഈ കുഞ്ഞരുവിയെ പിന്തുടർന്നാൽ ലക്ഷ്യത്തിൽ എത്താതിരിക്കില്ല. ജൂലിയാനയ്ക്ക് പ്രതീക്ഷയായി.
ജൂലിയാന നടന്നു. ഒന്നും രണ്ടുമല്ല, പത്തു ദിവസം!! അതിനിടയിൽ ആ ചെറിയ അരുവി ഒരു വലിയ നദിയായി മാറി. കരയിലൂടെ നടന്നും, നദിയിൽ നീന്തിയും ജൂലിയാനയുടെ ശരീരം തളർന്നു, പക്ഷേ പ്രതീക്ഷ കൈവിട്ടില്ല. ദാഹിക്കുന്പോഴും വിശക്കുന്പോഴും വെള്ളം കുടിക്കും. സുരക്ഷിതമെന്ന് തോന്നുന്നയിടത്ത് കിടന്നുറങ്ങും.
മൂന്നാം ദിവസം സഹയാത്രികരായ മൂന്നുപേരുടെ അഴുകിത്തുടങ്ങിയ ശവശരീരങ്ങൾ കണ്ടു. ഭയം തോന്നിയെങ്കിലും വീണ്ടും നടപ്പ് തുടർന്നു. പത്താം ദിവസം നദിയുടെ കരയിൽ ഒരു ചെറിയ ബോട്ട് കെട്ടിയിട്ടിരിക്കുന്ന കൺകുളിർപ്പിക്കുന്ന കാഴ്ച അവൾ കണ്ടു. ഈ സമയത്ത് പെറൂവിയൻ സർക്കാർ വിമാനം തകർന്നു വീണ സ്ഥലം പോലും തിരിച്ചറിയാനാകാതെ യാത്രക്കാരെല്ലാം മരിച്ചു എന്ന നിഗമനത്തിൽ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പതിനഞ്ച് കിലോമീറ്റർ ചുറ്റളവിലേക്ക് തെറിച്ചു പോയിരുന്നു. പന്ത്രണ്ടാമത്തെ ദിവസം ജൂലിയാനയെ ഒരു മരം വെട്ടുകാൻ പട്ടണത്തിൽ എത്തിച്ചു. ആ ബോട്ട് മരം വെട്ടുകാരുടേതായിരുന്നു.
ജൂലിയാന പഠിച്ചു ഡോക്ടറേറ്റ് എടുത്തു. ഇപ്പോൾ മ്യൂണിക്കിൽ താമസിക്കുന്ന അവർ പ്രശ്സ്തയായ ഒരു ബയോളൊജിസ്റ്റ് ആണ്.
വിമാന അപകടങ്ങൾ മിക്കവാറും യാത്രക്കാരുടെ മരണത്തിൽ കലാശിക്കുന്ന വൻദുരന്തങ്ങൾ ആകാറുണ്ടെങ്കിലും മനുഷ്യൻ കണ്ടുപിടിച്ച സഞ്ചാര രീതികളിൽ ഏറ്റവും സുരക്ഷിതമായത് വിമാനയാത്രയാണ്. പന്ത്രണ്ടു ലക്ഷം യാത്രകൾക്കിടയിൽ ഒരു അപകടം എന്നതാണ് ഇപ്പോഴത്തെ അപകട നിരക്ക്. ജൂലിയാന രക്ഷപെട്ടതിന്റെ പിന്നിലെ ഘടകങ്ങൾ എന്തൊക്കെ ആയിരിക്കാം?
വിമാന സുരക്ഷയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാ വിമാനകന്പനികളും യാത്ര തുടങ്ങുന്നതിനു മുന്പ് യാത്രക്കാർക്ക് പറഞ്ഞു കൊടുക്കാറുണ്ട്. പക്ഷേ, അതു പാലിക്കുന്നത് കുറച്ചിലായി കരുതുന്നവരാണ് നമ്മിൽ ചിലരെങ്കിലും. വിമാനം ഇറങ്ങുന്പോഴും പറന്ന് ഉയരുന്പോഴും കണ്ട്രോൽ ടവറുമായി പൈലറ്റ് നടത്തുന്ന സംഭാഷണങ്ങൾ അതീവ ഗൗരവമുള്ളതാണ്. ആ സമയത്ത് മൊബൈലുകൾ ഉപയോഗിക്കുന്നവർ കൂടെ യാത്ര ചെയ്യുന്ന നൂറുകണക്കിനു നിസ്സഹായരായ മനുഷ്യരുടെ ജീവനെകൂടെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് ചിന്തിക്കാറില്ല. ബന്ധുക്കൾക്ക് വിമാനം പറന്ന് ഇറങ്ങുന്നതിന്റേയും പറയുന്നുയരുന്നതിന്റേയും തൽസമയം വാർത്തകൾ നൽകുന്നവരോട് മൊബൈൽ ഓഫ് ചെയ്യാൻ പറയുവാൻ അടുത്തിരിക്കുന്ന യാത്രക്കാർക്ക് ആർജ്ജവം ഉണ്ടാകണം. ഒരു ജൂലിയാന രക്ഷപ്പെട്ടപ്പോൾ കൂടെ യാത്ര ചെയ്ത 96 പേരുടെ കഥ ആമസോൺ കാടുകളിൽ അവസാനിച്ചു. അൽഭുതങ്ങൾ സംഭവിക്കാറുണ്ട്, പക്ഷേ വളരെ അപൂർവ്വമായി മാത്രം!