ഒരു­ കു­ടി­യേ­റ്റക്കാ­രന്റെ­ കഥ


ഏതാണ്ട് അറുപതിൽപ്പരം കൊല്ലങ്ങൾ  ക്ക് മുന്‍പാണ് കുരുവിളച്ചേട്ടൻ ഇടുക്കിയിലെ ഹൈറേഞ്ച് കാടുകളിലേയ്ക്ക് കുടിയേറിയത്. മറ്റേതൊരു കുടിയേറ്റ കർഷകനേയും പോലെ ദാരിദ്ര്യമല്ലാതെ മറ്റു കാരണങ്ങളൊന്നും ഇല്ലായിരുന്നു. മതിവെട്ടാൻ കാടിറങ്ങിവരുന്ന കാട്ടാനക്കൂട്ടങ്ങളും ആനയിറങ്കൽ ചോലയിലെ  കാട്ടുപോത്തുകളും അസംഖ്യം  കാട്ടുപന്നികളുമായിരുന്നു അക്കാലത്തെ കൂട്ടുകാർ.  ഒരു  ആദ്യകാല കുടിയേറ്റക്കാരന്റെ എല്ലാ പ്രയാസങ്ങളും കുരുവിള അനുഭവിച്ചു. 

ഏറുമാടം ഉണ്ടാക്കി താമസിച്ചു, കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി. രോഗവും തണുപ്പും കുരുവിളയേയും കുടുംബത്തേയും സദാവേട്ടയാടി. ചികിത്സിക്കാൻ ആശുപത്രികളില്ല, കഴിക്കാൻ മരുന്നില്ല, സഞ്ചരിയ്ക്കാൻ വാഹനങ്ങളില്ല. എങ്കിലും  ഈ പ്രാരാബ്ധങ്ങൾക്കിടയിലും കുരുവിളയ്ക്ക് അരഡസൻ കുട്ടികൾ  ഉണ്ടായി. 

തമിഴ്നാട്ടിലേയ്ക്ക് പോകുന്ന വഴിയിലെ പൂപ്പാറ എന്ന സ്ഥലത്തിനടുത്തായിരുന്നു കുരുവിളയും കുടുംബവും താമസിച്ചത്. ചുറ്റുവട്ടത്തിലെങ്ങും അക്കാലത്ത്  കടകളില്ലായിരുന്നു. ഇതിനിടയിൽ ചില കുടുംബങ്ങൾ കൂടി കുടിയേറ്റക്കാരായി എത്തി. പലചരക്കു സാമാനങ്ങൾ വാങ്ങണമെങ്കിൽ രാജകുമാരിയിലോ രാജാക്കാടോ പോകണം. അവിടെയും ഒന്നു രണ്ടുകടകൾ മാത്രം. ഇരുട്ടുകാനം വഴി തലച്ചുമടായി അടിമാലിയിൽ നിന്നും 45 കിലോമീറ്റർ താണ്ടിയാണ് ഈ കടകളിലും സാധനങ്ങൾ എത്തിച്ചു കൊണ്ടിരുന്നത്. 

അല്ലറചില്ലറ വീട്ടുസാധനങ്ങൾ വിൽക്കുന്ന ഒരു മാടക്കട തുടങ്ങാൻ കുരുവിളച്ചേട്ടൻ പദ്ധതിയിട്ടത് അങ്ങിനെയാണ്.  പൂപ്പാറയ്ക്കും രാജകുമാരിക്കും ഇടയിൽ ഒരു ചെറിയ മാടകട ഉയർന്നു. എന്നുമൊന്നും കച്ചവടം ഇല്ല. ആരെങ്കിലുമൊക്കെ വരും, എന്തെങ്കിലും ഒക്കെ വാങ്ങും. എങ്കിലും അന്നാട്ടുകാർ‍ക്ക് അതൊരു വലിയ  ആശ്വാസമായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ കുടുംബം പോറ്റാനുള്ള വക കച്ചവടത്തിൽ നിന്നും കിട്ടിയില്ല. ഹൈറേഞ്ചിന്റെ വളക്കൂറുള്ള മണ്ണിൽ കുരുവിളയുടെ കുടുംബത്തിനു മാത്രം വേരുകളുറച്ചില്ല. ദാരിദ്ര്യം ഒരുകാലത്തും ആ കുടുംബത്തെ വിട്ടുമാറിയതുമില്ല. 

അദ്ദേഹം നിരാശനായി. ഇനി പോകുവാൻ ഒരിടവുമില്ല. ഇതിനിടയിൽ  പിന്നേയും ഉണ്ടായി കുട്ടികൾ. ആ കുടിയേറ്റ ഗ്രാമത്തിലെ ആദ്യ മാടക്കട നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തി. കടയുടമസ്ഥൻ കടക്കാരനായി. സ്വപ്നം കണ്ടതൊന്നും തരാത്ത ആ നാട് വിടാൻ തന്നെ കുരുവിള തീരുമാനിച്ചു. 

ചില വർഷങ്ങൾക്കു ശേഷം പരാജയപ്പെട്ട ആ കർഷകൻ നിരാശയോടെ മലയിറങ്ങി, കൂടെ വലിയൊരു കുടുംബവും. ആകെ പന്ത്രണ്ട് മക്കളുണ്ടായിരുന്നു കുരുവിളയ്ക്ക്. കാലം കുറെക്കഴിഞ്ഞു, കുടിയേറ്റക്കാർ പിന്നെയും എത്തി. മൂന്നാറിനു പോകുന്ന ബസ്സിൽ ഇരുട്ടുകാനത്ത് ഇറങ്ങി തലച്ചുമടായി വീട്ടുപകരണങ്ങളുമായി നടന്നു പോകുന്ന കുടുംബങ്ങൾ നിത്യകാഴ്ചകളായി. 

ഏറുമാടത്തിൽ ഉറങ്ങിയും, പകലും രാത്രിയും പണിയെടുത്തും തണുപ്പിനോട് മല്ലടിച്ചും, കുറേ മനുഷ്യർ അവിടെ പിടിച്ചു നിന്നു. ക്രമേണ നല്ല വീടുകളുണ്ടായി ചെറുചെറു പട്ടണങ്ങൾ ഉയർന്നു വന്നു. അടിമാലിയിൽ നിന്നും പൂപ്പാറയ്ക്ക് ബസ് സർവ്‍വീസ് തുടങ്ങി. അതു വഴി തമിഴ്നാട്ടിലെ ബോഡിയിൽ നിന്നും തേനിയിൽ നിന്നും വ്യാപാരികൾ പലചരക്കു കൊണ്ടുവന്നു കച്ചവടം ചെയ്തു പണമുണ്ടാക്കി. ആദ്യമാടക്കട മുടിഞ്ഞ സ്ഥലത്ത് പല കടകളും കെട്ടിടങ്ങളുമുണ്ടായി. അങ്ങിനെ വർഷങ്ങൾ പലത് കഴിഞ്ഞു. 

പൂപ്പാറയ്ക്ക് പോകുന്ന ബസ്സിന്റെ ജനാലവശത്തെ സീറ്റിലിരുന്നു കുരുവിളച്ചേട്ടൻ വർഷങ്ങൾക്ക് ശേഷം ഹൈറേഞ്ചിലേയ്ക്കു യാത്ര ചെയ്യുകയാണ്. ഒരുകാലത്ത് തന്റെ വിയർപ്പു വീണുകുതിർന്ന മണ്ണിലൂടെയുള്ള യാത്ര പക്ഷേ, അദ്ദേഹത്തിന് ആഹ്ലാദം നൽ‍കിയില്ല. പരാജയപ്പെട്ടാണ് ഒരിയ്ക്കൽ ഇവിടം വിട്ടത്. തലച്ചുമടായി സാധനങ്ങൾ എത്തിച്ചിരുന്ന കാട്ടു വഴി തെളിഞ്ഞ് ബസ്സോടുന്ന  റോഡ് ഉണ്ടായിരിക്കുന്നു. . 

രാജകുമാരി കഴിഞ്ഞ് ബസ്സ് മുന്നോട്ട് പോയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു, നാടിന്റെ മുഖച്ഛായ മാറിയിരിക്കുന്നു. റോഡിനിരുവശവും നല്ല നല്ല വീടുകൾ ഉയർന്നിരിക്കുന്നു.  തന്റെ മാടക്കട നിന്നിരുന്നതിന് ചുറ്റും ധാരാളം കെട്ടിടങ്ങൾ. കണ്ണിൽ തടഞ്ഞ ഒരു ബോർഡിൽ നിന്നും സ്ഥലപ്പേര് അദ്ദേഹം വായിച്ചെടുത്തു.... 

കുരുവിളാസിറ്റി. 

ബോർഡ് ഒരിക്കൽകൂടി വായിച്ച് ഉറപ്പാക്കി .....അതെ, കുരുവിളാസിറ്റി തന്നെ.

കുടിയേറ്റക്കാരന്റെ സ്വപ്നങ്ങൾ‍ തകർ
ന്നത് ഇവിടെവെച്ചാണങ്കിലും തന്റെ പേരിനെ അനശ്വരമാക്കിയ ആ കൊച്ചു പട്ടണത്തിലദ്ദേഹം ബസ്സ് ഇറങ്ങി.. 

ഇതിനിടയിൽ കാലം കുരുവിളയ്ക്കും സമൃദ്ധിയും സമാധാനവും സമ്മാനിച്ചിരുന്നു. മക്കളെല്ലാവരും വിദേശത്ത് നല്ല നിലയിൽ ജോലിയിലായി. ആഗ്രഹിച്ച ഒരു ജീവിതം അൽപ്പം താമസിച്ചെങ്കിലും കുരുവിളയെ തേടിവന്നു. 

തന്നെ മറക്കാത്ത നാടിനെ കുരുവിളയും മറന്നില്ല. പട്ടണ മദ്ധ്യത്തിൽ  അദ്ദേഹം അൽപ്പം സ്ഥലം വാങ്ങി, ഒരു ലൈബ്രറി ഹാളും വെയിറ്റിംഗ് ഷെഡ്ഡും പണിതു.  ഉദ്ഘാടന ദിനം  നാട്ടുകാർ ഒന്നടങ്കം  ഒത്തുചേർന്ന്   കുരുവിളച്ചേട്ടനെ അനുമോദിച്ചു. സ്ഥലപ്പേരിന് പിന്നിലെ കഥയും വ്യക്തിയും  അജ്ഞാതമായിരുന്ന പുതുതലമുറയ്ക്ക് അത്ഭുത   മായി.  

സന്തോഷകരമായ വാർദ്ധക്യം കോട്ടയത്തിനടുത്ത ഒരു ഗ്രാമത്തിൽ ചിലവിടുന്നതിനിടെ ചില വർഷങ്ങക്കു മുന്‍പ് കുരുവിളച്ചേട്ടൻ ഇവിടവും വിട്ട് അടുത്ത ലോകത്തിലെ കുടിയേറ്റക്കാരനായിപ്പോയി. വിജയത്തിന്റേയും നേട്ടങ്ങളുടേയും പേരിൽ പലരും അറിയപ്പെടുന്നു. പരാജയം ചുരുക്കം ചിലരെ അനശ്വരമാക്കുന്നു.  പൂവിരിയും മുന്പ് തന്നെ പൂഴിയിൽ വീണാകിലും പുഴകൾ മരുവിൽ പുക്കൊഴുക്കിൽ വറ്റി മാഞ്ഞാലും അവ മുഴുവൻ നഷ്ടമാകില്ലെന്നറിവൂ ഞാൻ എന്നറിവൂ ഞാൻ...... 

(ഗീതാഞ്ജലി, രവീന്ദ്രനാഥ ടാഗോർ)

You might also like

Most Viewed