കാണാൻ രസമുള്ള കസേരക്കളി...
മാലിനി എസ്. നായർ
മോളെ തിരഞ്ഞെടുപ്പിങ്ങടുക്കാറായി, അച്ഛൻ പാർട്ടി ഓഫീസിൽ പോയി വിവരങ്ങൾ അറിഞ്ഞ് വരാം... കറ കളഞ്ഞ കമ്യൂണിസ്റ്റുകൾ നാമമാത്രമെങ്കിലും നാട്ടിൽ ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. മദ്ധ്യവസ്സിലെത്തിയവരെ പ്രചരണത്തിനും മറ്റ് പാർട്ടി പ്രവർത്തനങ്ങൾക്കും കാശുകൊടുത്ത് വിളിച്ചു വരുത്തേണ്ട ആവശ്യമില്ല. കാരണം അവർ പാർട്ടിക്കൊപ്പം വളർന്നവരാണ്. നേതാക്കളുടെ തോളോടു തോൾ പ്രായമുള്ളവർ. പക്ഷെ യുവാക്കളെ അതിന് കിട്ടില്ല. അവര് പാർട്ടിക്കൊപ്പം വരണമെങ്കിൽ (ഏത് പാർട്ടിയും ആയികൊള്ളട്ടെ) ബിരിയാണിയോ മറ്റ് സാന്പത്തികമോ വേണ്ടിവരും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പാർട്ടി അതിനെ കുറിച്ചുള്ള അറിവ് പകർന്നു കൊടുക്കുന്നതിലും വേഗത്തിൽ മറ്റ് പാർട്ടിയോടുള്ള വെറുപ്പാണ് അവർക്ക് പകർന്നു നൽകുന്നത് (ഏത് പാർട്ടിയും ആയികൊള്ളട്ടെ).
പണ്ട് ബിജെപി മിസ്സ്ഡ് കോൾ അടിച്ച് പാർട്ടിയിൽ ആളെ ചേർക്കുന്ന ഒരു സംഭവം ഉണ്ടായിരുന്നു. അന്ന് അതിനെ കളിയാക്കി ചുമപ്പൻ പാർട്ടിക്കാരും കൈക്കാരും രംഗത്തെത്തി. ദേ ഇപ്പോ മിസ്കോൾ അടിച്ചാൽ നിങ്ങൾക്ക് പിണറായി വിജയനോട് സംസാരിക്കാമത്രെ. ഒരു കസേരക്ക് വേണ്ടി കളിക്കുന്ന കളിയേ... അപ്പോൾ ആനേം ഇല്ല, ആനത്തോട്ടീം ഇല്ല.
ആര് തന്നെ ഭരിച്ചാലും ഏതാണ്ട് ഇങ്ങനൊക്കെ തന്നയാകും കേരളത്തിന്റെ പോക്ക്. നീക്ക് പോക്ക് ഒട്ടുമില്ലാത്ത സംസ്ഥാനത്ത് വരുന്ന തിരഞ്ഞെടുപ്പിൽ സിപിഎം ഭരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അത്രക്കുണ്ടേ യുഡിഎഫിന്റെ കേമത്തരങ്ങൾ. അങ്കം മുറുകി വരുന്പോൾ അതായത് ഏതാണ്ട് ഭരണം ഉറപ്പായ സ്ഥിതിക്ക് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുന്പ് തന്നെ മുഖ്യമന്ത്രി ആരാകും എന്നതിൽ ചർച്ച തുടങ്ങി. അത്രക്ക് ആത്മവിശ്വാസം ഉണ്ട് സിപിഎമ്മിന്. ആരാകും, പിണറായി വിജയനോ, അതോ വി.എസ് അച്യുതാന്ദനോ? ആരായാലും ആർക്ക് എന്ത് ഗുണം???