മറുപടിക്കത്ത്
മാർച്ച് ആറിന് പ്രസിദ്ധീകരിച്ച വിൻസന്റ് ജോൺ ഉമ്മൻ്റെ കത്ത് വായിച്ചപ്പോൾ ഒരു അത്ഭുതവും തോന്നിയില്ല. ഇത്തരം സ്തുതിപാഠകന്മാരിലാണ് ചില നേതാക്കളുടെ ജീവിതം. കേരളീയ സമാജത്തിന് പി.വി രാധാകൃഷ്ണപിള്ളയുടെ സേവനം കൊണ്ട് പ്രയോജനം ഉണ്ടായിട്ടില്ല എന്ന് ആരും പറയില്ല. പക്ഷേ, അതിനെ നിസ്വാർത്ഥ സേവനമെന്ന് പറയാതിരുന്നാൽ മാത്രം മതി. സമാജം കൊണ്ട് അദ്ദേഹത്തിനുണ്ടായ നേട്ടങ്ങൾ വെച്ചു നോക്കിയാൽ സമാജത്തിനു കിട്ടിയ നേട്ടം എത്ര നിസാരമാണെന്ന് മനസിലാവുകയുള്ളൂ. എന്നും കസേര ഉറപ്പിക്കാനും ഉന്നതബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനും തന്നേക്കാൾ കഴിവുള്ളവരെ ഒതുക്കാനും തന്ത്രപരമായി കണക്കു കൂട്ടിയാണ് അദ്ദേഹം ഓരോ കരുനീക്കവും നടത്തിയിരുന്നത് എന്ന് അടുത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും അറിയാം.
വ്യക്തിപരമായി വിയോജിപ്പുള്ളവരെ എത്ര നിഷ്കരുണം സമാജത്തിൽ നിന്നും ആട്ടിയോടിച്ചിട്ടുണ്ടെന്ന് താങ്കൾക്കും അറിയാമായിരിക്കും. സുഹൃത്തേ, ഒരു കസേരയും മോഹിക്കാതെ എല്ലാ ദിവസവും സമാജത്തിൽ വരികയും എന്തു പരിപാടികൾക്കും ചുമൽ കൊടുക്കുകയും ആരുടെ പ്രോഗ്രാമായിരുന്നാലും മുഖം നോക്കാതെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരുകൂട്ടം അംഗങ്ങളുണ്ട് സമാജത്തിൽ. അവരാണ് സമാജത്തിന്റെ അമൂല്യമായ സ്വത്ത്.
നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന സാധാരണ അംഗങ്ങളെയും സമാജം വേദിയേയും അദ്ദേഹം സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു എന്ന് എല്ലാവരും മനസിലാക്കി തുടങ്ങി. ഒരു ബാഡ്മിന്റൻ കളിക്കാരനായി സമാജത്തിൽ എത്തിയ അദ്ദേഹത്തെ വളർത്തുവാൻ കൂടെ നിന്ന പലരും സമാജത്തിനു വേണ്ടി അഹോരാത്രം പണിപ്പെട്ടവർ തന്നെയാണ്. അവരിൽ ചിലർ സർവ്വതും നഷ്ടപ്പെട്ട് തിരികെ പോയിട്ടുള്ള കഥ താങ്കൾക്ക് അറിയില്ലായിരിക്കാം. പക്ഷേ ചിലർ ആ സമയം അവരുടെ ഒക്കെ നിഴലിൽ വളരുകയായിരുന്നു. അടിക്കടി മന്ത്രിമാരെ കൊണ്ടുവന്ന് ബന്ധങ്ങൾ സൃഷ്ടിക്കുകയായിരുന്നു. വ്യവസായ പ്രമുഖരെ കീശയിൽ ആക്കുകയായിരുന്നു. ബഹുമതികൾ വിളിച്ചുവരുത്തുകയായിരുന്നു. എന്നും കാഴ്ചക്കാരായി സദസ്സിൽ ഇരുന്നുകൊടുക്കുന്ന സമാജം കുടുംബാംഗങ്ങൾ തങ്ങൾ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് മനസിലാക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. മൂന്നു പ്രാവശ്യം പ്രസിഡണ്ട് ആയതിനു ശേഷവും വീണ്ടും പ്രസിഡണ്ട് ആകുവാൻ രഹസ്യമായി നോമിനേഷൻ ഒപ്പിട്ടു കൊടുത്തിട്ട് നാട്ടിൽ പോയ ചരിത്രം തങ്കൾക്ക് ഒരുപക്ഷേ അറിവുണ്ടായിരിക്കില്ല. ഈ സമാജത്തിൽ ഞാനൊഴികെ മറ്റാരും പ്രസിഡണ്ട് ആകരുത് എന്ന് ആഗ്രഹിക്കുന്ന ഒരൊറ്റ ആളേയുള്ളൂ എന്ന് സമാജം അംഗങ്ങൾ മനസിലാക്കി തുടങ്ങി.
കെ. ജനാർദ്ദനൻ പ്രസിഡണ്ട് ആയതിന്റെ അടുത്ത വർഷം ആ കമ്മറ്റിയിലെ ഒരാളെപ്പോലും തൊട്ടടുത്ത കമ്മറ്റിയിൽ എടുക്കരുതെന്നും പുതിയ വ്യക്തികൾക്ക് പ്രവർത്തിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടത് ജനാർദ്ദനൻ തന്നെയായിരുന്നു. അതാണ് സുഹൃത്തേ നേതൃത്വഗുണം. അല്ലാതെ എന്നും ഞാൻ തന്നെ ഭരിക്കാം എന്ന് പറയുന്നതല്ല സാമൂഹിക സേവനം. ഇന്ത്യൻ സ്കൂളിൽ ആറുവർഷം അദ്ദേഹം ഭരിച്ചു. സ്ഥാനം ഒഴിയുന്നതിനു മുന്പ്് അദ്ദേഹം ഭരണത്തുടർച്ച ഉണ്ടാകാതിരിക്കുവാനുള്ള എല്ലാ കുരുക്കും ഒരുക്കിവച്ചിട്ടാണ് സ്ഥാനമൊഴിഞ്ഞത്. തന്മൂലം തൊട്ടടുത്തവർഷം ചെയർമാൻ ആകേണ്ടിയിരുന്ന അതിസമർത്ഥനായ ഒരു നേതാവിനെ സ്കൂളിനു നഷ്ടമായി. തുടർന്ന് വന്ന എതിർഭാഗത്തെ ഭരണസമിതി അംഗങ്ങൾ രാധാകൃഷ്ണപിള്ളയെ ചീത്തവിളിച്ചും പുലഭ്യം പറഞ്ഞും ഇന്നലെ വരെ നടന്നു. ഇപ്പോൾ അധികാരത്തിനു വേണ്ടി അവർ തമ്മിൽ കൈകോർത്തിരിക്കുന്നു. അവർക്ക് സമാജവും സ്കൂളും രണ്ടു കസേരകൾ മാത്രം, വളരാനുള്ള വെറും ഏണിപ്പടികൾ. നിസ്വാർത്ഥമതികളായ അനേകരുടെ വിയർപ്പും പണവും ആണ് ഇത്തരം സ്ഥാപനങ്ങൾ. സമൂഹത്തിനാണ് അവയെക്കൊണ്ടുള്ള പ്രയോജനം വേണ്ടത്. അല്ലാതെ കസേരമോഹികൾക്കല്ല. ഇനി പറയൂ, ഇന്ത്യൻ സ്കൂളും കേരളീയ സമാജവും ഒരു വ്യക്തിയുടെ സ്വകാര്യ നേട്ടങ്ങക്ക് വേണ്ടി വിട്ടുകൊടുക്കണോ? ആരുമായും കസേരക്കു വേണ്ടി കൂട്ടുകൂടുന്നവരെ വിശ്വസിക്കണോ?
മുഹമ്മദ് അഷ്റഫ്
കൺവീനർ (ജനാർദ്ദനൻ വിഭാഗം പാനൽ)