സാമൂഹ്യപ്രവർത്തകർ അധഃപതിച്ച് പോകരുത്
വിൻസെന്റ് ജോൺ ഉമ്മൻ
മാർച്ച് രണ്ടാം തിയ്യതി ഫോർ പി.എം ദിനപത്രത്തിൽ കേരളീയ സമാജം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജനാർദ്ദനൻ വിഭാഗത്തിന്റെ ആരോപണങ്ങളും വിമർശനങ്ങളും വായിക്കാനിടയായി. കേരളീയ സമാജം തിരഞ്ഞെടുപ്പുമായി ഇന്ത്യൻ സ്കൂളിനെ വലിച്ചിഴക്കുകയും ആറു വർഷക്കാലം ഇന്ത്യൻ സ്കൂളിൽ ചെയർമാൻ സ്ഥാനം വഹിച്ച പി.വി രാധാകൃഷ്ണപിള്ളയെ വ്യക്തിഹത്യ നടത്തുന്ന രീതിയും മനസ്സിലാക്കിയപ്പോൾ ഈ സാമൂഹ്യപ്രവർത്തകരോട് തികഞ്ഞ സഹതാപം തോന്നി. ഇങ്ങനെ അധഃപതിച്ചു പോയല്ലോ എന്നുമാത്രം ഓർത്തു പോയി.
1991 മുതൽ 2011 വരെ ഞാൻ ഇന്ത്യൻ സ്കൂളിലെ രക്ഷാകർത്താവായിരുന്നു. ഈ കാലയളവിൽ പല ഭരണസമിതികളും മാറി മാറി ഭരിച്ചിരുന്നു. എന്നാൽ 2002 മുതൽ 2008−2009 വരെ ശ്രീ.പി.വി രാധാകൃഷ്ണപിള്ള ചെയർമാൻ ആയ ഭരണസമിതികളുടെ രണ്ടു ടേമുകളിലായിരുന്നു എന്നെപോലെ ഏതൊരു രക്ഷാകർത്താവിനും ഇന്ത്യൻ സമൂഹത്തിനും അഭിമാനിക്കാവുന്ന പുരോഗതി ഇന്ത്യൻ സ്കൂളിന് ഉണ്ടായത് എന്നത് കൃതജ്ഞതാ പൂർവ്വം സ്മരിക്കുന്നു.
അതുവരെ വെയിലത്തു വാടിയും തളർന്നും വീട്ടിലെത്തിക്കൊണ്ടിരുന്ന എന്റെ മക്കൾക്ക് അനുഗ്രഹമായത് എയർകണ്ടീഷണർ പിടിപ്പിച്ച നവീകരിച്ച ബസ്സുകൾ ആയിരുന്നു. അക്കാലം വരെ പഠനത്തിനും ചെറിയ കളികളിലും മാത്രം ഒതുങ്ങി നിന്ന വിദ്യാർത്ഥികളെ പാഠ്യേതര വിഷയങ്ങളിലെ കഴിവുകൾ തെളിയിക്കാനുമുള്ള പരിശീലനം സിദ്ധിക്കാനുമുള്ള സുവർണ്ണ കാലമായിരുന്നു അത്. ഋതു, ഹാർമണി എന്നീ കൾച്ചറൽ പ്രോഗ്രാമുകളും ഗൾഫ് യൂത്ത് ഫെസ്റ്റിവൽ എന്നിവ ഭംഗിയായി നടത്തി. കൂടാതെ സ്റ്റുഡൻ്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി എന്റെ മക്കളും മറ്റു വിദ്യാർത്ഥികളും അവരുടെ സാംസ്കാരിക ലോകത്തിന്റെ വലിപ്പം കൂട്ടി. ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ മുഴുവൻ പ്രവർത്തനവും നടത്തി. അതു നേടിയ ഗൾഫിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്കൂൾ ആയിരുന്നു അന്ന് ഇന്ത്യൻ സ്കൂൾ. കൂടാതെ ‘ഫിറ്റ്ജി’ (IIT എൻട്രൻസ് കോച്ചിംഗ്) പരിശീലനവും ഇന്ത്യൻ സ്കൂളിൽ തുടങ്ങിയത് അദ്ദേഹമായിരുന്നു.
വിദഗ്ദ്ധരായ അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിഷ്ഠയുണ്ടായിരുന്ന രാധാകൃഷ്ണപിള്ള ചെയർമാനായിരുന്ന ആറു വർഷക്കാലവും ഈ അദ്ധ്യാപകരുടേയും ഭരണസമിതിയുടെയും സഹകരണത്തോടെ നൂറു ശതമാനം റിസൾട്ട് തുടർച്ചയായി നേടിയത് ഇന്ത്യൻ സമൂഹത്തിന് അഭിമാനമായിരുന്നു.
കടുത്ത വിമർശനത്തെയും എതിർപ്പുകളെയും നേരിട്ടാണ് ആ കാലത്ത് ഷെയ്ഖ് ഇസ ബ്ലോക് എന്ന പുതിയ മന്ദിര നിർമ്മാണം എന്നത് ഇപ്പോഴും ഓർക്കുന്നു. മറക്കാനാവാത്ത മറ്റൊരു ദൗത്യം ആയിരുന്നു അത്.
ഇന്ത്യൻ സ്കൂൾ ചെയർമാൻ എന്ന നിലയിൽ ഇത്രയേറെ സേവനങ്ങൾ നടത്തിയ കാലത്ത് തന്നെയായിരുന്നു കേരളീയ സമാജം ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന സ്ഥാനത്ത് നിന്നുകൊണ്ട് ധാരാളം പരീക്ഷണങ്ങളെയും പരിമിതികളെയും അതിജീവിച്ച് സമാജത്തിന്റെ മന്ദിരനിർമ്മാണം പൂർത്തീകരിച്ചത് പ്രവാസലോകത്തിന് മറക്കാൻ പറ്റില്ല. ഈ സേവനങ്ങളെ മുൻനിർത്തിയാണ് രാഷ്ട്രം അദ്ദേഹത്തിന് പ്രവാസി ഭാരതീയ സമ്മാൻ സമ്മാനിച്ചതും.
ആറു വർഷങ്ങൾ കഴിഞ്ഞിട്ടും അന്നൊന്നും ഉന്നയിക്കാത്ത വിമർശനങ്ങൾ ഇന്ന് കെട്ടുകഥകൾ പറഞ്ഞ് വ്യക്തിഹത്യ നടത്തി അദ്ദേഹത്തെ അപമാനിക്കുന്നത് ഒരു സാമൂഹ്യപ്രവർത്തകനും യോജിച്ചതല്ല. ഇനി വിമർശിക്കുന്നവരോടും പരിഹസിക്കുന്നവരോടും ഒരു ചോദ്യം കൂടി. നിങ്ങൾ സമൂഹത്തിന് ചെയ്ത ഏതെങ്കിലും നല്ല കാര്യങ്ങൾ കൂടി പ്രസിദ്ധപ്പെടുത്തുക. നിഷ്പക്ഷമായി വിലയിരുത്താനാണ്.