ജവാനോടുള്ള അനാദരവ് അക്ഷന്തവ്യം

മൈനസ് 60 ഡിഗ്രി തണുപ്പ്, തുളച്ചുകയറുന്ന ശീതക്കാറ്റ്, ശ്വാസം ശരിയായി എടുക്കാൻ പോലും കഴിയാത്ത അവസ്ഥ, കരുതലിൽ ഒരു ചെറിയ വിള്ളൽ വീണാൽ ശരീരംപോലും ലഭിക്കാത്തവിധം മഞ്ഞുപാളികളിലേക്ക് ആഴ്ന്നിറങ്ങിപ്പോകാവുന്ന സ്ഥിതി. സിയാച്ചിൻ മഞ്ഞുമലയിൽ ജീവനും മരണവും തമ്മിൽ നൂൽപ്പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. എത്ര വിശദീകരിച്ചാലും വിശകലനം ചെയ്താലും ധീരജവാന്മാരുടെ പ്രവൃത്തിയുടെ ആഴം അളക്കാനാവില്ല. അവിടെ നമ്മുടെ സുരക്ഷയ്ക്കുവേണ്ടി അവർ എല്ലാം മറന്ന് നിൽക്കുകയാണ്. ഒരിത്തിരി തണുപ്പു കൂടുന്പോൾ അസഹനീയരാവുന്ന നമ്മൾ, ആർഭാടവും ആഡംബരവുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്പോൾ ഒരുവേള പ്രിയപ്പെട്ട നമ്മുടെ ധീരജവാന്മാരെക്കുറിച്ച് തരിന്പും ചിന്തിക്കുന്നില്ല. മരണം തഴുകിയുറക്കിയ അവരുടെ ഭൗതിക ദേഹങ്ങൾ നാട്ടിലെത്തുന്പോഴാണ് അൽപമെങ്കിലും ഓർക്കുന്നത്.സിയാച്ചിനിലെ മഞ്ഞിടിച്ചിലിൽ മരണമടഞ്ഞ ധീരജവാന്റെ ഭൗതികദേഹം ന്യൂഡൽഹിയിൽ എത്തിച്ചപ്പോൾ പ്രബുദ്ധ കേരളത്തിന്റെ ഉത്തരവാദപ്പെട്ട ഒരാളും ആദരിക്കാൻഉണ്ടായില്ലത്രേ. ഇതിനെ ലജ്ജാവഹം എന്നുപറയാൻപോലും കഴിയുമോ? പാലം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ മൃതദേഹങ്ങളിൽ ആദരവ് അർപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ കേരളത്തിന്റെ റസിഡന്റ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കാൻ പോലുമുള്ള മര്യാദ കാട്ടിയില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്ന് പരക്കെ ആരോപണമുണ്ട്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളുടെ പ്രതിനിധികളും തങ്ങളുടെ ആദരവ് അർപ്പിക്കാൻ എത്തിച്ചേരുകയുണ്ടായി. കേരളത്തിന്റെ ഭാഗത്തു നിന്നുണ്ടായ അക്ഷന്തവ്യമായ അപരാധം വൻ ചർച്ചയായതിനെ തുടർന്ന്് ബന്ധപ്പെട്ടവർ നടപടികളെല്ലാം പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് പറഞ്ഞത്.ഒരു ജവാന്റെ ഭൗതിക ദേഹത്തെ അർഹിക്കുന്ന തരത്തിൽ ആദരിക്കാനുള്ള മനസ്സ് ഉണ്ടാവണമെങ്കിൽ ജവാന്മാർ എന്താണ് നാടിനുവേണ്ടി ചെയ്യുന്നതെന്നതിനെക്കുറിച്ച് ബോധ്യം വേണം. രാഷ്ട്രീയ പിത്തലാട്ടത്തിന്റെ നാറുന്ന വേഷംകെട്ടിയാടുന്ന കോമാളി നാടകത്തിലെ വിദൂഷകന്മാർ നിയന്ത്രിക്കുന്ന ഒരു ഭരണകൂടത്തിൽ നിന്ന് ഇത്രയൊക്കെയേ പ്രതീക്ഷിച്ചുകൂടൂ.
ഭാരതാംബക്കുവേണ്ടി ജീവത്യാഗം ചെയ്യേണ്ടിവന്ന ധീരജവാന്‍മാരുടെ പാവന സ്മരണക്കു മുന്പിൽ പ്രണാമങ്ങൾ, ജയ് ഹിന്ദ്...
അനൂപ് ഒറ്റകണ്ടത്തിൽ