തല കുനിക്കുന്നു അങ്ങയുടെ ധീരതയ്ക്ക് മുന്നിൽ...

മാലിനി എസ് നായർ
ഹനുമന്തപ്പയെ വ്യക്തിപരമായി അറിയില്ല. രാജ്യം ഇന്നലെ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഒന്നടങ്കം സങ്കടക്കടൽ തീർത്തപ്പോൾ കണ്ണറിയാതെ പൊഴിഞ്ഞു വീണ കണ്ണീർ പൂക്കൾ മാത്രമേ അങ്ങേക്ക് മുന്നിൽ സമർപ്പിക്കാൻ കഴിയുന്നുള്ളു. രാജ്യത്തിന് വേണ്ടി ഞങ്ങളൊക്കെ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ വ്യക്തമായി പറയാൻ കഴിയുന്നില്ല. ഉണ്ടുറങ്ങി സുഖിച്ച് നടക്കുന്ന ഞങ്ങൾ എങ്ങിനെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട് എന്നറിയില്ല. പക്ഷെ താങ്കൾ... അസാധ്യമാണ് താങ്കളുടെ മനക്കരുത്ത്... പുഷ്പങ്ങൾ അർപ്പിച്ച് പിന്നോട്ട് പോരാൻ തോന്നുന്നില്ല... താങ്കളുടെ വിയോഗത്തിൽ മനസ്സ് താളം തെറ്റുന്നു.
റിപ്പോർട്ടുകൾ ഓരോന്നായി പുറത്തു വരുന്നതിൽ നിന്നും താങ്കളുടെ ധീരതയറിയുന്നു. ജലദോഷം ശരീരത്തിന് അടുത്തുകൂടെ പോയാൽ തണുപ്പിനെ താങ്ങാൻ കഴിയാത്ത ഞങ്ങൾക്ക് ഞങ്ങളോട് തന്നെ പുച്ഛമാണ് തോന്നുന്നത്. താങ്കൾ കൊടും തണുപ്പിൽ മഞ്ഞുപാളികൾക്കിടയിൽ... എന്തിനു മാഞ്ഞുപോയി ഹനുമന്തപ്പ... നിങ്ങൾ എന്തിന് മാഞ്ഞുപോയി... ആറ് ദിവസം മഞ്ഞുപാളികൾക്കിടയിൽ ധീരതയോടെ മരണത്തെ തോൽപ്പിച്ചു കിടന്ന താങ്കൾക്ക് ജീവിക്കാമായിരുന്നില്ലേ... അപ്പോഴും ഞാനെന്ന മനുഷ്യൻ സ്വാർത്ഥതകൊണ്ട് ചിന്തിക്കുന്നത് നിങ്ങളുടെ സുരക്ഷാ കരവലയങ്ങൾ നിലനിന്നിരുന്നെങ്കിൽ എന്നാണ്...
വാക്കുകൾക്കതീതമാണ് താങ്കളുടെ പ്രവർത്തി. പത്ത് വർഷത്തെ സൈനിക ജീവിതത്തിനിടയിൽ പലതും ചോദിച്ച് വാങ്ങിയ നിയമനങ്ങൾ. കാശ്മീരിലെ തോക്കുകുഴലുകൾക്ക് മുന്നിലേയ്ക്ക് പോകാമെന്ന് സ്വയം പറഞ്ഞവൻ. സിയാച്ചിനിലെ മഞ്ഞുപാളികളിലേയ്ക്ക് പോകാമെന്നും സ്വയം പറഞ്ഞത് തന്നെ. കവർന്നെടുക്കാൻ വന്ന മഞ്ഞുമലകളോട് പോരാടി മരിക്കാതെ, സാങ്കേതിക വിദ്യകളോട് പ്രതികരിക്കാതെ വീരചരമം പ്രാപിക്കേണ്ടി വന്ന താങ്കളെയും കൂടെയുണ്ടായിരുന്ന മറ്റ് ഒന്പത് സൈനികരയും ഇന്ത്യയെന്ന രാജ്യം ഒരിക്കലും മറക്കില്ല... ധീരർ മരിക്കുന്നില്ല... മാഞ്ഞുപോകുന്നതേയുള്ളു... പക്ഷെ മനസ്സിൽ നിന്നല്ലെന്ന് മാത്രം....