പ്രവാസിയുടെ ആരോഗ്യം


കാസിം പാടത്തകായിൽ

സുഹൃത്തുക്കളെ, ബഹ്‌റിൻ എന്ന ഗൾഫ്‌ രാജ്യത്തിരുന്നാണു ഞാൻ ഈ വാക്കുകൾ കുറിക്കുന്നത്‌. വളരെ പ്രാധാന്യം നിറഞ്ഞ ഒരു കാര്യം നിങ്ങളോടൊത്ത്‌ പങ്ക്‌ വെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ആരും ജീവിതത്തിൽ പ്രവാസിയാകാൻ ആഗ്രഹിക്കുന്നില്ല എന്നാൽ കുടുംബ പ്രാരാബ്ദങ്ങളും ചുറ്റുപാടുകളുമാണ് നമ്മെ ഇതിലേയ്ക്ക്‌ എത്തിക്കുന്നത്‌ എന്നത്‌ വാസ്തവമാണ്. 80%ത്തിൽ അധികം പ്രവാസികളും സ്വന്തം കുടുംബത്തെ നാട്ടിൽ നിർത്തിയാണ് ഇവിടെ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. ജോലി ഭാരവും അധിക സമയവും അന്നന്ന് തന്നെ ചെയ്ത്‌ തീർക്കാനുള്ള കാര്യങ്ങളും തന്റെ മുകളിലെ മാനാജർമാരുടെ ശകാരങ്ങളും ടാർഗ്ഗറ്റുമെല്ലാമാണ് ഓഫീസ്‌ ജോലിയിലെ ടെൻഷനെങ്കിൽ സ്വന്തമായി ബിസിനസ്സ്‌ ചെയ്യുന്നവർ അഭിമിഖീകരിക്കുന്നത്‌ മാസാമാസങ്ങളിൽ തന്റെ ചെലവുകൾ നിയന്ത്രിച്ച്‌ വരവു കേമമാക്കാനുള്ള പെടാപ്പാടാണ്.

എന്നാൽ ഈ നെട്ടോട്ടത്തിൽ എല്ലാവരും മറക്കുന്ന ഒന്നാണ് നമ്മുടെ സ്വന്തം ശരീരവും അതിന്റെ നിലനിൽപ്പും. അമിതമായ ടെൻഷൻ‌, ക്രമമല്ലാത്ത ഭക്ഷണ രീതി, ഉറക്കക്കുറവ്‌, ശരീരത്തിനു വിശ്രമം നൽകാതിരിക്കൽ, കൃത്യമായ വ്യായാമമില്ലായ്‌മ എല്ലാം തന്നെ പ്രവാസിയെ അതിവേഗം വിവിധ രോഗങ്ങളിലേക്കും മരണങ്ങളിലേക്കും നയിക്കുന്നു.

മൂന്നോ നാലോ മാസത്തിലൊരിക്കലെങ്കിലും തന്റെ രക്തത്തിന്റെ നിജസ്ഥിതിയെന്തെന്ന് നോക്കാൻ പോലും പ്രവാസികൾ മുതിരുന്നില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ. ഷുഗറും കൊളസ്ട്രോളും ബ്ലഡ്‌ പ്രെഷറും യൂറിക്ക്‌ ആസിഡും കൂടുന്നത്‌ ഒരു പ്രവാസിയും അറിയുന്നു പോലുമില്ല! രക്തപരിശോധന ഓഫറുകൾ വെച്ച്‌ നടത്തുന്പോഴോ സൗജന്യമായി നടത്തുന്പോഴോ അതിൽ പങ്കാളിയാകാൻ പറയുന്പോൾ... ‘ഹേയ്‌ വേണ്ട... ഇനി അതിലെന്തെങ്കിലും കണ്ടെത്തിയാൽ പിന്നെ അതുമതി ഒന്നും കഴിക്കാൻ കഴിയില്ല’ എന്ന ചുരുങ്ങിയ ചിന്താഗതിയിയാണ് പ്രത്യേകിച്ച്‌ മലയാളി സമൂഹത്തിനുള്ളത്‌.

അടുത്തിടെ ഈ കൊച്ചു ദ്വീപിൽ ഹൃദയാഘാതം മൂലം 4 മലയാളികളാണ് മരണമടഞ്ഞത്‌. അതിൽ ഒരാൾ 32 വയസ്സ്‌ മാത്രം പ്രായമായ ആളായിരുന്നു എന്നുകൂടി ഓർക്കണം.

ടെൻഷൻ കുറയ്ക്കാൻ ദിവസവും അൽപ്പസമയമെങ്കിലും സന്തോഷം നൽകുന്ന ഇഷ്ടപ്പെട്ട വിനോദത്തിൽ ഏർപ്പെടുക. ജോലിക്കിടയിൽ ഉച്ചക്ക്‌ അരമണിക്കൂറെങ്കിലും നിർബന്ധ വിശ്രമം എടുക്കുക. ചുരുങ്ങിയത്‌ 6 മണിക്കൂറെങ്കിലും ദിവസവും ഉറങ്ങുക. ദിവസവും പ്രഭാതത്തിലോ സായാഹ്നത്തിലോ നടത്തമോ ഓട്ടമോ ശീലമാക്കുക.

ഇനിയൊരു അഭ്യർത്ഥനയുള്ളത്‌ പ്രവാസലോകത്തെ സംഘടനകളോടും കൂട്ടായ്മകളോടുമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കുമായി പതിനായിരങൾ പ്രവാസികളിൽ നിന്ന് പിരിച്ചെടുത്ത്‌ നിങ്ങൾ നാട്ടിലെ ക്ഷേമങ്ങൾ നടത്തുന്പോൾ ഇനിയും അവർ നിങ്ങൾക്കായി ദിർഹവും ദിനാറും റിയാലും ഡോളറും നൽകണമെങ്കിൽ ആരോഗ്യകരമായ ഒരു ശരീരവും ഉയിരും അതിലുണ്ടാകണമെന്ന തിരിച്ചറിവ്‌ നിങ്ങൾക്കുണ്ടാവണം. അതിനുതകുന്ന രീതിയിലുള്ള ആരോഗ്യ ബോധവൽക്കരണവും സെമിനാറുകളും വ്യായാമ സെന്ററുകളും തുടരെ തുടരെ സംഘടിപ്പിച്ച്‌ കൊണ്ടിരിക്കുക. നമുക്ക്‌ ആദ്യം വേണ്ടത്‌ നല്ലൊരു ആരോഗ്യമാണ് അതിനാണു സംഘടനകൾ പ്രാധാന്യം നൽകേണ്ടത്‌ എന്നുകൂടി ഉണർത്തുന്നു. പണത്തിനും പദവിക്കും വേണ്ടിയുള്ള ഈ പ്രയാണത്തിൽ നാം നമ്മെ നമ്മുടെ കുടുംബത്തെ മറക്കാതിരിക്കുക. ആരോഗ്യമാണു ധനം! അതുണ്ടെങ്കിലേ ധനമുണ്ടാക്കാനാകൂ..!!

You might also like

Most Viewed