പ്രവാസി മലയാളികളുടെ ഭാവി ഇരുളടയുന്നു ?
പ്രവാസികൾക്കിടയിലെ ഇന്നത്തെ പ്രധാന ചർച്ച എണ്ണ വിലയിടിവാണ്. ക്രൂഡോയിൽ വില താഴ്ന്ന്, പച്ച വെള്ളത്തിലും താഴെ എത്തിയിരിക്കുകയാണ്. സമീപ ഭാവിയിൽ ബാരലിന് 20 ഡോളർ വരെ എത്താമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. അതേതുടർന്ന് ഗൾഫ് നാടുകളിൽ വലിയ തോതിൽ ബിസ്സിനസ്സ് മാന്ദ്യവും പ്രകടമാണ്.
എല്ലാ ഗൾഫ് നാടുകളുടെയും പൊതുവായ അവസ്ഥയാണിത്. തരക്കേടില്ലാത്ത വേതനം ലഭിക്കുന്ന ജീവനക്കാർ ഏത് സമയവും തൊഴിൽ നഷ്ടപ്പെടാമെന്ന ഭീതിയിലാണ്. നിർമ്മാണ മേഘല സാവധാനം നിശ്ചലമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വലിയ കന്പനികളും ബാങ്കുകളും അടച്ചു പൂട്ടൽ ഭീഷണിയിലാന്നെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിലയിരുത്തൽ. ജോലി ചെയ്യുന്ന പലർക്കും ശന്പളം ലഭിക്കാത്ത അവസ്ഥയും ഉണ്ട്. അതിനൊക്കെ പുറമെയാണ്, അറബ് രാജ്യങ്ങൾ തങ്ങളുടെ എണ്ണ വരുമാനത്തിലുണ്ടായിട്ടുള്ള നഷ്ടം നികത്താൻ പല വഴികളും ആലോചിക്കുന്ന കൂട്ടത്തിൽ, വിദേശ തൊഴിലാളികൾക്ക് നൽകി വരുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനം. ചികിത്സ, വൈദുതി, ജല, ഭക്ഷ്യ, സബ്സിഡികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ്, മിക്കവാറും രാജ്യങ്ങളും.
കൂടാതെ യാതൊരു തത്വദീക്ഷയുമില്ലാതെയുള്ള വാടക വർദ്ധനയും പ്രവാസികളുടെ മുതുകൊടിക്കുകയാണ്. വിസ, മെഡിക്കൽ സേവന നിരക്കുകൾ ഇരട്ടിയാക്കി വർദ്ധിപ്പിച്ചതും, പെട്രോൾ ഡീസൽ വില വർദ്ധനവും പ്രവാസികൾക്കേറ്റ ഇരുട്ടടിയാണ്. അതോടെ ജീവിത ചിലവ് താങ്ങാനാകാതെ അന്പതു ശതമാനം വിദേശികളും സ്വമേധയാ ഒഴിവായിപ്പോകും എന്നാണ് പൊതുവെയുള്ള കണക്ക് കൂട്ടൽ.
കേരളത്തെ സംബന്ധിച്ചേടത്തോളം ഇതു ഒരു വലിയ വിപത്താണെന്ന കാര്യത്തിൽ സംശയമില്ല. ദീർഘദൃഷ്ടിയില്ലാത്ത ഭരണാധികാരികളുടെ കഴിവില്ലായ്മ മൂലം, ഗൾഫ് നിവാസികളുടെ കോടികൾ ഒഴുകിയെത്തുന്പോൾ തന്നെ നാട്ടിൽ പൊതുവെ മാന്ദ്യവും വിലക്കയറ്റവും വലിയ തോതിൽ പ്രകടമാണ്. (എണ്ണ വില കുറവിന്റെ ഗുണം ജനങ്ങൾക്ക് എങ്ങിനെയൊക്കെ നിഷേധിക്കാം എന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്)
അപ്പോൾ പിന്നെ ആ വരുമാനം പൂർണ്ണമായും നിലച്ചാൽ എഴുപതുകളുടെ പട്ടിണിയും ദാരിദ്ര്യവുമായിരിക്കും മലയാളികളെ കാത്തിരിക്കുന്നത്. ഈ അവസ്ഥ മുൻകൂട്ടി കണ്ടു മുണ്ടു മുറുക്കിയുടുത്ത്, ഭാവിയിലേക്കും മക്കൾക്കും വേണ്ടി എന്തെങ്കിലും സ്വരൂപിക്കുന്നവരാണ് ബുദ്ധിമാൻമാർ.
ബഷീർ വാണിയക്കാട്.