നമുക്ക് വലുത് മക്കളുടെ ശോഭനമായ ഭാവിയാണ്


ഇന്ന് ഇന്ത്യൻ സ്‌കൂളിൽ ജനറൽ മീറ്റിംഗ് നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട് പത്രത്താളുകളിൽ ആരോപണ പ്രത്യാരോപണങ്ങളും, അനുകൂല പ്രതികൂല വാദങ്ങളും അനസ്യൂതം മുന്നേറുന്നുണ്ട്. വളരെ പ്രതീക്ഷയോടെയാണ് നിലവിലുള്ള കമ്മറ്റിയെ വൻ ഭൂരിപക്ഷത്തോടെ ജനങ്ങൾ തിരഞ്ഞെടുത്തത്. ഫാസ്റ്റ് മൂവ്മെന്റ് പലകാര്യങ്ങളിലും കമ്മിറ്റിയിൽ നിന്നുണ്ടായിട്ടില്ല എന്നത് ശരിയാണെങ്കിലും അക്കാദമി  ലെവലിൽ നല്ല മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.

സാധാരണക്കാരായ എന്നെപ്പോലെയുള്ള രക്ഷിതാക്കൾക്ക് അതാണ്‌ ആവശ്യം താനും. സോഷ്യൽ ലീഡേഴ്സ് എന്ന് അവകാശപ്പെട്ട് കൊണ്ട് സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ അസ്ഥിരത ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഭാവിയല്ല മറിച്ച് അവരുടേതായ സ്ഥാപിത താൽപ്പര്യങ്ങളും പ്രശസ്തിയുമാണ്‌. ഇത് തിരിച്ചറിയാതെ പോയാൽ ഭരണ അസ്ഥിരത ഉണ്ടാകുന്പോൾ അവിടെ നമ്മുടെ മക്കളുടെ ഭാവിയാണ് പന്താടപ്പെടുന്നത്. ഭരണ അസ്ഥിരത ഉണ്ടാക്കാൻ ശ്രമിക്കുന്ന യു.പി.പിയുടെയും പി.പി.എയുടെയും നേതാക്കൾക്ക് സാധാരണക്കാരന്റെ മക്കൾ പഠിച്ച് നന്നാകണമെന്ന ആഗ്രഹമൊന്നുമില്ല.

അവരുടെ ജീവിത രീതിയും ചുറ്റുപാടുകളുമൊക്കെ ഗ്രഹിക്കുന്പോൾ തങ്ങളുടെ മക്കളെ ഏതൊരു സ്ഥാപനത്തിലയച്ചും നല്ല നിലയിൽ പഠിപ്പിക്കാൻ കഴിവുള്ളവരാണവർ. എൻട്രൻസ്‌ കോച്ചിംഗ് ക്ലാസ് ആരംഭിച്ച് സാധാരണക്കാരായ നമ്മുടെ മക്കൾക്ക് കൂടി അവസരം ഒരുക്കിത്തന്നു. വിദ്യാഭ്യാസ ഓഡിറ്റിംഗ് നടത്തി പഠന നിലവാരം ഉയർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പഴയതിൽ നിന്ന്  വ്യത്യസ്തമായി സ്‌കൂൾ കോബൗണ്ടും സർവ്വീസസ് ഏരിയകളുമൊക്കെ വൃത്തിയായി അനുഭവപ്പെടുന്നു. തങ്ങളും സ്‌കൂളിന്റെയും കമ്മിറ്റിയുടെയും ഭാഗമാണെന്ന ബോധം അദ്ധ്യാപകരിൽ വന്നു തുടങ്ങിയിട്ടുണ്ട്. സമയാ സമയങ്ങളിൽ തങ്ങളുടെ വിദ്യാർത്ഥികളെ ഫീസടക്കാൻ ഓർമ്മിപ്പിക്കുക വഴി മാസങ്ങളോളം ഫീസടക്കാതെ രക്ഷിതാക്കൾക്ക് സ്വയം അത് ബാധ്യതയായി മാറുകയും അവസാനം സ്കൂളിന് അത് ബാധ്യതയായി തീരുന്ന അവസ്ഥക്ക് തടയിടാൻ സാധിക്കുന്നു. ഇങ്ങനെ നല്ല കുറേ നാളങ്ങൾ സ്‌കൂളിൽ ജ്വലിക്കാൻ തുടങ്ങിയിട്ടുണ്ടെന്നത് പരമമായ സത്യമാണ്. ഇനിയും കുറേ കമ്മിറ്റിയിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമായി കമ്മിറ്റി മുന്നോട്ട് വരണമെന്ന് ഉണർത്തുന്നതോടൊപ്പം സർവ്വവിധ ഭാവുകങ്ങളും നേരുന്നു.

ഒരു ടേം ഭരണം നടത്താൻ വേണ്ടിയാണ് നിലവിലുള്ള ഈ കമ്മിറ്റിയെ നാം തിരഞ്ഞെടുത്തയച്ചത്. ഭരണത്തിൽ അസ്ഥിരതയുണ്ടാക്കി ഭരണം അട്ടിമറിച്ച് പിൻവാതിലിലൂടെ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് കടന്ന് വരാൻ ആരൊക്കെയോ ശ്രമിക്കുന്നു എന്ന ഒരു ഉൽകണ്ഠ ഞാൻ രക്ഷിതാക്കളുമായി പങ്കുവെയ്ക്കുന്നു. തെറ്റായ തീരുമാനത്തിലൂടെ ഒരിക്കലും നാമതിനു വഴി വെച്ച് കൊടുത്ത് കൂടാ. ഈ പൊളിറ്റിക്സിനെക്കാളും നമുക്ക് വലുത് നമ്മുടെ മക്കളും അവരുടെ ശോഭനമായ ഭാവിയുമാണ്.

 അഷ്‌റഫ്‌ സി.എച്ച്  

You might also like

Most Viewed