അവകാശവാദമുന്നയിക്കുന്നവർ പ്രവർത്തിച്ചു കാണിക്കണം
ഇന്ത്യൻ സ്കൂളിന്റെ ഇപ്പോഴത്തെ ഭരണസമിതിയെപ്പറ്റി മുൻ ചെയർമാൻ കൂടിയായ ഡോ. കമറുദ്ദീൻ വെളിപ്പെടുത്തിയ കാര്യങ്ങളുടെ സത്യാവസ്ഥ രക്ഷാകർത്താക്കൾ അറിയേണ്ടിയിരിക്കുന്നു. എല്ലാം സുതാര്യം... സുതാര്യം എന്നുപറഞ്ഞു വീന്പിളക്കുകയും, വ്യക്തി താൽപ്പര്യങ്ങളേക്കാൾ സ്കൂളിന്റെ ഉന്നമനം എന്നും സാന്പത്തിക അച്ചടക്കം എന്നും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ എന്ന് സംശയിക്കണം. ഒരാളുടെ സ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രാലയം അനുശാസിക്കുന്ന ബിഎഡ് പോലുമില്ലാത്ത ട്യൂഷൻ രാജാക്കന്മാരായ രണ്ടുപേരെയും കൂടി ഉൾപ്പെടുത്തി മൂന്നുപേരെ അടിസ്ഥാന വേതനം ഇരട്ടിയിലധികം വർദ്ധിപ്പിച്ചു വൈസ് പ്രിൻസിപ്പൾ സ്ഥാനത്ത് നിയമിച്ചപ്പോൾ എവിടെ സാന്പത്തിക അച്ചടക്കം. പ്രിയരെ തിരുകി കയറ്റുവാൻ പുതിയ സ്ഥാനങ്ങൾ സൃഷ്ടിക്കുകയും അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. പഴയ കമ്മിറ്റി വൻ സാന്പത്തിക ബാദ്ധ്യത വരുത്തി വെച്ചു എന്ന് സ്ഥിരം വിലപിക്കുന്നവർ അക്കാദമിക് ഓഡിറ്റിംഗ് എന്നപേരിൽ ഭീമമായ തുക ചിലവഴിച്ച് രഹസ്യമായി ആളുകളെ ഇറക്കുമതി ചെയ്യുകയും അതിനുശേഷം ഇരുപതു ശതമാനത്തോളം അദ്ധ്യാപകർ യോഗ്യരല്ല എന്നുപറഞ്ഞു അവരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയും ചെയ്തു.
കാന്റീൻ, ട്രാൻസ്പോർട്ട് കരാറുകൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വളരെ സുതാര്യമായി നടത്തുകയും അതിലൂടെ വൻതുക ലാഭിച്ചു എന്ന് വീന്പിളക്കിയവർ, നിബന്ധനകൾ ഒന്നും പാലിക്കപ്പട്ടില്ല എന്ന ഡോ. കമറുദ്ദീന്റെ പ്രസ്‌താവന ശരിയോ തെറ്റോ എന്ന് വെളിപ്പെടുത്തണം. അക്കാദമിക വർഷം ഏകദേശം കഴിയാറായിട്ടും ഫീസ് ഇളവിന് അപേഷിച്ചവരുടെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. പത്രങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സുതാര്യം, സാന്പത്തിക അച്ചടക്കം, നിബന്ധനകളുടെ പാലനം, വൻതുക ലാഭിച്ചു എന്ന് അവകാശവാദമുന്നയിക്കുന്നവർ പ്രവർത്തിയിലൂടെ അത് വെളിപ്പെടുത്തുകയും വേണം.
മാധവ് മോഹൻ