അനിഷേധ്യ നേതാവ് വാക്ക് തെറ്റിച്ചത്രേ... !!!
ബഹ്റിനിൽ പത്രം പിറവികൊണ്ട നാൾ മുതൽ ഫോർ പി.എമ്മിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. ഒട്ടനവധി പത്രങ്ങളുള്ള ഈ ലോകത്ത് ചില കാര്യങ്ങളിൽ മറ്റ് പത്രങ്ങളിൽ നിന്ന് വ്യത്യസ്ത പുലർത്താനും, മുന്നും പിന്നും നോക്കാതെ വാർത്തൾ കൊടുക്കാനും വിമർശനങ്ങൾ മുഖം നോക്കാതെ പ്രസിദ്ധീകരിക്കാനും ഫോർ പി.എം കാണിക്കുന്ന ധൈര്യത്തെ ആദ്യം തന്നെ പ്രശംസിക്കട്ടെ.
എന്നാൽ കഴിഞ്ഞ ദിവസം ദൈനം ദിന വായനക്കിടെ പത്രത്തിൽ കണ്ട ഒരു വാർത്ത എന്ന വല്ലാതെ വിഷമിപ്പിച്ചു. തീർച്ചയായും ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. എന്നുകരുതി മറ്റ് പക്ഷക്കാരോട് വിരോധമോ വിദ്വേഷമോ വൈര്യാഗ്യമോ ഒന്നും തന്നെയില്ല.
നിലവിൽ കേരളമണ്ണിന്റെ കറകളഞ്ഞ കമ്മ്യൂണിസ്റ്റായ സഖാവ് വി.എസ് അച്യുതാനന്ദൻ ‘വാക്ക് മാറ്റി’ എന്ന തലക്കെട്ടോടെ ഫോർ പി.എമ്മിൽ വന്ന വാർത്ത ഒരു സ്ഥിരം വായനക്കാരനെന്ന നിലയേക്കാൾ ഇടതുപക്ഷ ചിന്താഗതിക്കാരനെന്ന നിലയിൽ എന്നെ വല്ലാതെ വിഷമിപ്പിച്ചു. കാരണം കേരളത്തിലിന്ന് യഥാർത്ഥ കമ്മ്യൂണിസം എവിടെ എന്ന് ചോദിച്ചാൽ ഞങ്ങൾക്ക് ചൂണ്ടികാണിക്കാനുള്ള ഒരു അപൂർവ്വ വ്യക്തിത്വമാണ് സഖാവ് വി.എസ് അച്യുതാന്ദൻ.
വി.എസ് ഒരിക്കലും വാക്ക് മാറില്ലെന്ന് തന്നെ ഞാനിപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. ബഹ്റിനിൽ അദ്ദേഹത്തിന്റെ സന്ദർശനം കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. രണ്ട് തവണ മാറ്റി വെക്കപ്പെട്ടെങ്കിലും ഡിസംബർ 18ലേയ്ക്ക് മാറ്റിവെച്ച സന്ദർശനത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു. വാർത്തയിൽ സത്യമുണ്ടായിരിക്കാം ഇല്ലായിരിക്കാം. വി.എസ്സിന്റെ സന്ദർശനം ഇത്
മാറ്റിവെക്കപ്പെടുന്നത് ആദ്യമായല്ല. പക്ഷെ അത് അദ്ദേഹംവാക്ക് മാറിയതുകൊണ്ടാണോ എന്ന് ചികയേണ്ടിയിരി
ക്കുന്നു. മാറ്റിവെയ്ക്കാൻ സാധിക്കാത്ത ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് തന്റെ സന്ദർശനം വി.എസ് നീട്ടിയതെന്നും പത്രത്തിൽ കണ്ടു. അതിന്റെ നിജസ്ഥിതിയും എന്തോ വിശ്വാസ യോഗ്യമല്ലാത്തത് പോലെ. കേവലം ഒരു വിവാഹത്തിന്റെ പേരിൽ മുൻ നിശ്ചയിച്ച തന്റെ പരിപാടിയിൽ വി.എസ് മാറ്റം വരുത്തുമെന്ന് തോന്നുന്നില്ല. വ്യക്തമായ കാരണം എന്താണെന്ന് അറിയും വരെ, അദ്ദേഹത്തിന്റെ സന്ദർശനം ഡിസംബർ 18ഓടെ ബഹ്റിനിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ....
കേശവ് ദേവ്, മനാമ