അബ്ദുറബ്ബിനിതെന്ത് പറ്റി ?
ഒരു എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന്റെ പേരുദോഷം പതിയെ മാറിവരുന്നതേയുള്ളു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്. അതിനിടെയാണ് മറ്റൊരു വിവാദം. ആണും പെണ്ണും മുട്ടിയുരുമ്മി ഇരുന്ന് പഠിക്കേണ്ടെന്ന് മന്ത്രി പറഞ്ഞിരിക്കുന്നു. ഫറൂഖ് കോളേജിൽ ആൺ--പെൺ കൂടിയിരിക്കൽ വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന ചില വിവാദങ്ങൾ വ്യക്തിത്വം എന്നതിലുപരി ലിംഗപരമായ വ്യത്യാസത്തെ മുൻനിർത്തി ചിന്തകൾ മെനയുന്ന കോളേജ് ക്യാന്പസുകളുടെ മുഖപടമാണ് മറനീക്കി പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. കുറച്ച് കുട്ടികൾ ഒരുമിച്ചിരിക്കുന്നു എന്ന് ചിന്തിക്കാതെ കുറച്ച് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നു എന്ന് ചിന്തിക്കുന്ന അദ്ധ്യാപക മേലാധികാരികൾക്ക് എന്തടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ ഗുരുസ്ഥാനം നൽകുക.
ഒരു വിദ്യാർത്ഥി ഇതിനെ ചോദ്യം ചെയ്യപ്പെട്ടതിന് സസ്പെന്റ് ചെയ്യപ്പെട്ടു. ഒരു അദ്ധ്യാപകൻ സംഭവത്തിനെതിരായ തന്റെ നിലപാട് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയതിന് അദ്ദേഹത്തെ പുറത്താക്കി. കോളേജിൽ ‘റസ്റ്റ് സോൺ (ബോയ്സ്)’ എന്നെഴുതി വെച്ചിരിക്കുന്ന ബോർഡ് കാണുന്പോൾ നിലവാരമില്ലാത്ത മനോഗതിക്കാരുടെ വിദ്യാലയത്തിൽ പഠിക്കേണ്ടി വരുന്ന വിദ്യാർത്ഥികളെ ഓർത്ത് സങ്കടമാണ് തോന്നുന്നത്.
നിലവിൽ ഏതൊരു വിദ്യാലയത്തിലും ക്ലാസ് മുറികളിൽ ആൺ കുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരിക്കുന്ന സാഹചര്യം ഇല്ല എന്നതാണ് ഇത് ഇത്ര വലിയ പ്രശ്നങ്ങളിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ വിദ്യാലയങ്ങളിൽ ആൺകുട്ടിയും പെൺകുട്ടിയും ഇടകലർന്ന് ഇരുന്ന് പഠിച്ചു വന്നിരുന്നെങ്കിൽ ഇത്തരത്തിലൊരു വിഷയം ഇങ്ങനെ ഇവിടെ ചർച്ചയാകില്ലായിരുന്നു. വിദ്യാലയങ്ങൾ മിക്കതിലും ചില ക്ലാസുകളിൽ പെൺകുട്ടികൾ മാത്രം, ചില ക്ലാസുകളിൽ ആൺ കുട്ടികൾ മാത്രം അങ്ങനെയൊക്കെ കാണാം. മാത്രമല്ല ബോയ്സ് ഹൈസ്കൂൾ, ഗോൾസ് ഹൈസ്കൂൾ എന്നിങ്ങനെയും കാണാം. ഇതു തന്നെ ഒരു വിവേചനമാണ്. ഇതൊക്കെ ഇനി മാറി കിട്ടണമെങ്കിൽ തുടക്കം മുതൽ ശരിയാക്കി വരേണ്ടതുണ്ട്...
ഇത്തരം വിഷയങ്ങളിൽ ബഹുമാനപ്പെട്ട മന്ത്രി വ്യക്തമായി പഠിച്ചതിന് ശേഷം മാത്രം അഭിപ്രായം പറയുന്നതാകും നല്ലത് എന്ന് ഓർമ്മിപ്പിക്കുന്നു.
സാഹിറ, കൊണ്ടോട്ടി