ശിശുദിന ചിന്തകളിലെ മാലിന്യം
പനിനീർ പൂവിൻ്റെ പരിശുദ്ധിയോടെ, നൈർമല്യത്തിന്റെ വിശുദ്ധിയോടെ അനുസ്മരിക്കപ്പെടേണ്ട ചിന്തകൾ, ശിശുദിന ചിന്തകൾ, ഒരു ഓർമ്മപ്പെടുത്തലിന്റെ പെരുന്നാളായി ആചരിക്കപ്പെടേണ്ടതല്ലേ.? അതല്ല അതൊരു “പുലയാട്ടുത്സവമായി” അധഃപതിപ്പിക്കനുള്ളതാണോ.? സംശയം ഉണ്ടാകാൻ കാരണം ഒരു മാന്യദ്ദേഹം ശിശുദിനത്തിൽ 4PMൽ എഴുതിക്കണ്ട ചിന്തകൾ കണ്ടപ്പോഴാണ്.! ഈ ചിന്തകൾക്കെതിരെ ഉടൻ പ്രതികരണം ആവശ്യമുണ്ടെന്നു കരുതിയതാണ്, എന്നാൽ കീറിത്തുന്നിയ ഖദറിന്റെ മാഹാത്മ്യത്തിൽ ഊറ്റം കൊള്ളുന്ന ഏതെങ്കിലും “ഞാന്പറയാം” കൊങ്കിക്കു ഒരവസരം കൊടുത്തു കാത്തിരിക്കുകയായിരുന്നു. എഴുത്തും വായനയും വശമില്ലാത്ത, ചാനൽ കുട്ടന്മാരും നേതാക്കൾക്കൊപ്പം ഫോട്ടോ പ്രദർശനം നടത്തി സായൂജ്യമടയുന്ന കൊങ്കികളിൽ നിന്നും അങ്ങനെയൊന്നു പ്രതീക്ഷിച്ച ഞാനോ മരമണ്ടൻ...!!
ഏതൊരു തത്വസംഹിതയെയും തത്വചിന്താകാരനെയും വിമർശിക്കുന്പോൾ കാണിക്കേണ്ട ഔചിത്യമോ, സഹിഷ്ണുതയോ, ജനാധിപത്യ മര്യാദയോ, സങ്കേതികത്വമോ കാണിക്കാതെ തന്റെ അസഹിഷ്ണുതാ ചിന്തകൾക്ക് തന്റേതായ ഭാഷ്യം നൽകാൻ ശ്രമിക്കുന്ന “ചിന്താകാരൻ”, ശിശുദിന ചിന്തകളുടെ പരിപ്രേക്ഷ്യം കുറിക്കുന്നതിന് പകരം, ലോകംകണ്ട എന്നത്തെയും ഒന്നാമനായ മതനിരപേക്ഷവാദിയെ, ജനാധിപത്യവാദിയെ, എന്തൊക്കെ കുറവുകളിൽ ആക്ഷേപിക്കപ്പെടുന്പോഴും കേമനായ ഒരു ഭരണാധികാരിയെ, ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ അദ്വിതീയൻ, സർവ്വോപരി ഒരു സ്വാതന്ത്ര്യ സമര പോരാളി എന്ന നിലയിൽ, കാർമേഘകൂട്ടത്തിലെ ഒരു വെള്ളി രേഖയായിരുന്നു നെഹ്‌റു എന്ന് പറയുന്നതിൽ എനിക്ക് അതിയായ ചാരിതാർത്യം ഉണ്ട്. അദ്ദേഹത്തിന്റെ മനുഷ്യ സഹജമായ ചില ദൗർബല്യങ്ങൾ (ഈ ദൗർബല്യങ്ങൾ ന്യായീകരിക്കപ്പെടേണ്ടതാണെന്ന തരിന്പുപോലും അഭിപ്രായം ഈ എഴുതുന്നവനില്ല, ശിശുദിന ചിന്താവേളയിൽ ഇതിനു പ്രസക്തിയില്ലെന്നേ ഉദ്ദേശിച്ചുള്ളൂ.) ഇഴകീറി പരിശോധിച്ച് കേമത്വം നേടാൻ ശ്രമിക്കുന്പോൾ, കാലങ്ങളായി പലരും ചുമക്കുന്ന പഴകിനാറിയ വിഴുപ്പു ഭാണ്ധം താനും സ്വയം എടുത്തണിയുകയാണെന്നു ചിന്താകാരാൻ അറിയാതെ പോകുന്നതല്ല...!!!
തന്റെ നല്ലപാതിയെ മറച്ചുവെച്ച് മഹത്വ വചനങ്ങൾ ഉരുവിടുന്ന കാപട്യത്തിന്റെ രാഷ്ട്രീയം ഒരു മഹാമാരി പോലെ പെയ്തിറങ്ങുന്ന ഈ ആസുര കാലത്ത് നെഹ്്റൂവിയൻ ചിന്തകളെ താമസ്കരിക്കേണ്ടത്, മാപ്പെഴുതി “സമര തീക്ഷ്‌ണത” ബ്രിട്ടീഷുകാരന്റെ പാദാരവിന്ദങ്ങളിൽ അടിയറവു വെച്ചവർക്ക് നെഹ്‌റു ഒരു അപശകുനമാകുന്നതിൽ അത്ഭുതത്തിന് അവകാശമില്ല തന്നെ.! “അഭിസ്സാരിണി” കളുടെ ഗണത്തിൽ പെടുത്തിയിരിക്കുന്ന ചിലപേരുകാരിൽ ഒരു സന്യാസ്സിനിയെക്കുറിച്ചും “ചിന്താകാരൻ” എഴുതുന്നുണ്ട്. ഈ സന്യാസിനിയുടെ പേര് പറയാതെ, ‘വിശുദ്ധനാമം’ വെളിപ്പെടുത്തിയത്, അത്യന്ധാധുനിക ‘അമ്മ’മാർക്ക് വല്ല സാമ്യവും ഇവരിലൂടെ വെളിപ്പെട്ടു പോകുമോ എന്ന ഭയം മൂലമാണോ....!!!!
“ശരിയായിക്കൊള്ളണമെന്നില്ല”എന്ന അകന്പടിയോടെ, നിശ്ചയദാർഢ്യമില്ലാത്ത “ചിന്തകളാൽ” നിഴൽ യുദ്ധം നടത്തുന്ന ചിന്താകാരൻ അവതരിപ്പിക്കുന്ന ചിന്തകളുടെ പൂച്ച് പുറത്ത് ചാടുന്നത്, മുസ്ലിമാണെങ്കിലും ‘നല്ല’ മനുഷ്യനായി ഹിന്ദു താലിബാനിസ്റ്റുകളാൽ ആശ്ലേഷിക്കപ്പെട്ട അബ്ദുൽ കലാമിന്റെയൊ നെഹ്്റുവിന്റെ ആത്മ മിത്രങ്ങളിൽ ഒരുവനായിരുന്ന ശങ്കറിന്റെയോ ജന്മദിനം ശിശുദിനമായി ആചരിക്കണമെന്ന് പറഞ്ഞു വെക്കുന്പോൾ, തന്റെ സ്വസ്തികാ പിതാമഹന്മാരുടെ ചിന്തകൾക്ക് ചിറകുകൾ വെപ്പിച്ചു പറന്നുയരാനുള്ള അതിമോഹം ചിന്താകാരനും പ്രകടിപ്പിക്കുന്നേയുള്ളൂ... ഇതിനുത്തരമായി ഞങ്ങൾക്കും പറയാനുള്ളത് ‘ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണെന്ന് തന്നെയാണ്.’
വർഗ്ഗീയ തീ നാളങ്ങളാൽ ചുട്ടെരിക്കപ്പെട്ട പിഞ്ചോമനകളുടെ, പുകപടർന്ന മൃതശരീരങ്ങൾ ശിശുദിന ചിന്തകൾക്ക് വിധേയമാകേണ്ടേ....? ത്രീശൂല കൊന്പുകളാൽ കോർത്തിണക്കി, പെരുവയർ കീറി ആർത്തുല്ലസിച്ചു കൊന്നു തള്ളിയ പൈതങ്ങളെയും അമ്മമാരെയും ഓർമ്മകളിൽ കൊണ്ടുവരാൻ ശിശുദിനം ഉപകരിക്കേണ്ടേ..? ഡിജിറ്റൽ മാമാങ്കം കൊണ്ടാടപ്പെടുന്പോൾ, കുപ്പകൂനയിൽ കൈയിട്ടു, വിശപ്പിന്റെ വിളി ശമിപ്പിക്കാൻ ശ്രമിക്കുന്ന വനവാസി ബാലന്മാരുടെ ചിത്രങ്ങൾ, ശിശുദിന ചിന്തകളിലേയ്ക്ക് കടന്നു വരേണ്ടെന്നാണോ... ഇതൊന്നും ‘അല്ല’ എന്ന ഉത്തരത്തിൽ അവസാനിക്കെണ്ടതല്ല, പക്ഷെ, നിക്ഷ്പക്ഷതാ നാട്യത്തിൽ, വർഗ്ഗീയ ഉന്മാദം തലയ്ക്കു കയറുന്പോൾ, പ്രാഞ്ചിമാരും ആദിത്യനാഥന്മാരും, സാക്ഷി മഹാരാജുമാരും സാക്ഷാൽ, സർസംഘചാലകന്മാരും ഇക്കൂട്ടരെ നയിക്കുന്പോൾ ഇങ്ങനെയൊക്കെയല്ലേ പറയാനാവൂ...!
പിൻകുറിപ്പ്: മത്തായി സുവിശേഷത്തിലൂടെ തന്റെ ദുർചിന്ത പ്രകടിപ്പിക്കാൻ 4pm ന്റെ എഡിറ്റോറിയൽ താൾ ഉപയോഗിച്ച് സംതൃപ്തിയടയുന്ന ചിന്താകാരൻ “എരുമയെ ചാരി പോത്തിനെ തല്ലുന്ന” വിദ്യ നന്നായി ഉപയോഗിച്ചു എന്നതിൽ “അഭിമാനിതാകട്ടെ...!”, എങ്കിലും, ഭേദ ചിന്തയില്ലാതെ ഈ പത്രം നിത്യവും ഉരുക്കഴിച്ചു വായിക്കുന്ന ഒരു സാധാ മനുഷ്യന്റെ വികാരത്തോടെയാണ് ഈ കുറിപ്പ് എഴുതിയത്.
ഈയുള്ളവനെ ഒരു ഗന്ധിയനൊ നെഹ്്റൂവിയനൊ ആയി മുദ്ര ചാർത്തേണ്ടതില്ല, മാത്രമല്ല ഈ ചിന്തകൾക്ക് എതിർ നിന്ന് പ്രവർത്തിക്കുന്ന ആളുമാണ്. താമര കണ്ടത്തിലേയ്ക്ക് കണ്ണ് നട്ടിരിക്കുന്ന ഗാന്ധി ശിഷ്യർ ഗോഡ്സേയുടെ പ്രതിമ അനാഛാദനത്തിന്റെ ദിവസം ആഘോഷിക്കുവാനായി കാത്തിരിക്കുന്നവരുമാണല്ലോ...!!
തങ്കച്ചൻ വിതായത്തിൽ