സത്യദേവിനൊരു തിരുത്ത്
ഭാരതത്തിന്റെ പ്രാചീന ചരിത്രം ശരിയായി രേഖപ്പെടുത്തിയിട്ടില്ല എന്ന ഒറ്റ കാരണത്താൽ ചരിത്രാഖ്യാനത്തിൽ വസ്തു നിഷ്ഠമായ പലതും മാറ്റി നിർത്തപ്പെടുകയും മറ്റു ചിലത് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തുകൊണ്ട് മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഇന്നത്തെ വാഴുന്ന വർഗ്ഗത്തിന് വളയിട്ടു കൊടുക്കുന്ന സത്യത്തിന്റെ ദേവാംശം നാമത്തിൽ മാത്രം സൂക്ഷിക്കുന്ന പത്രാധിപരുടെ അറിവിലേയ്ക്ക്...
ഇന്ത്യയെന്ന മഹാരാജ്യം കാലക്രമാനുസരണം ചരിത്ര കാലഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നത് വസ്തുതയാണ്. അതുകൊണ്ടാണല്ലോ ഇന്ത്യ ഹിറഡോട്ടസിനോ, തുസീഡൈഡസിനോ, ലവിക്കോ, റ്റാറ്റസിനോ ജന്മം നൽകിയിട്ടില്ല എന്ന് പറയുന്നത്. പക്ഷെ ഇന്ത്യയുടെ സ്വാതന്ത്രിയ ചരിത്രം വ്യക്തമായി രചിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ്. അതുകൊണ്ടാവാം നമ്മുടെ ഇപ്പോഴത്തെ ഭരണ വർഗ്ഗം തുടക്കത്തിൽ തന്നെ ചരിത്ര ശേഷിപ്പുകളെ നാമാവശേഷമാക്കാൻ ശ്രമിക്കുന്നതും.
ചില ശിശുദിന ചിന്തകൾ എന്ന തലക്കെട്ടിലെ ഭൂമിമലയാളത്തിലെ സാഹിത്യകാരന് ആർ.എസ്.എസ്സുകാരന്റെ കാൽനൂറ്റാണ്ടിലധികം പഴക്കം വരാത്ത ചരിത്രത്തിന്റെ വികലമായ പുനഃനിർമ്മിതി പഠിച്ചു എന്നല്ലാതെ ചാച്ചാജിയുടെ ചരിത്രം വശമില്ലായെന്നു തോന്നുന്നു. അതുകൊണ്ട് ഒരു ഓർമ്മപ്പെടുത്തൽ.
ഗംഗാധർ കൗളിന്റെയും ഇന്ദിരാറാണിയുടെയും മൂന്നാമത്തെ പുത്രനായിരുന്ന മോട്ടിലാൽ നെഹ്‌റുവിന്റെയും സ്വരൂപ് റാണിയുടെയും മൂത്ത പുത്രനായിരുന്നു ജവഹർലാൽ നെഹ്‌റു. ആനന്ദഭവൻ എന്ന 42 മുറികളോടു കൂടിയ ആർഭാട മാളികയിലായിരുന്നു ജനനം. പിതാവിന്റെ ശക്തമായ സാന്പത്തിക ഭദ്രത ബാല്യകാലത്തെ വിദേശയാത്രകൾക്കും ട്രിനിറ്റി കോളേജിലെ വിദ്യാഭ്യാസത്തിനും ഒന്നും ബുദ്ധിമുട്ടായിരുന്നില്ല. വിവാഹം പോലും സ്വന്തം സന്പത്തിന്റെ ശേഷിയിൽ ഗുജറാത്തിലെയും ബോംബെയിലേയും സ്വർണ്ണപ്പണിക്കാർ ദിവസങ്ങളോളം പണിയെടുത്ത് ആർഭാടമായി നടത്തപ്പെട്ടു എന്നത് ചരിത്രം. സന്പത്തിന്റെ സ്വാധീനത്തിൽ മാത്രം സാമൂഹിക നീതി നടത്തപ്പെട്ടിരുന്ന അന്നത്തെ കാലഘട്ടത്തിൽ സ്വന്തം ജീവിതം ആർഭാടമായിത്തന്നെ ജീവിക്കാം എന്ന അവസ്ഥയിൽ തന്നെ ഗാന്ധിജിയുടെ സ്വാതന്ത്രിയ സമരത്തിലാകൃഷ്ടനായി സമരത്തിലേയ്ക്ക് ഇറങ്ങിയത് രാജ്യസ്നേഹം ഒന്നുകൊണ്ട് മാത്രമായിരിക്കാം. ഇന്ന് ഇന്ത്യ ഭരിക്കുന്നവരുടെ പൂർവ്വികർക്ക് അന്ന് അങ്ങനെയൊരു ചിന്തയില്ലാരുന്ന കാലത്ത് സ്വന്തം രാജ്യത്തിന്റെ പൗരാവകാശം പോലും നിഷേധിക്കുന്ന ബ്രിട്ടീഷ് രാജിന്റെ റൗലത്ത് ആക്റ്റിനും അത് വഴി വെച്ച ജാലിയൻ വാലാവാഗിന്റെയും കാലഘട്ടത്തിൽ സ്വദേശത്തിന്റെ സ്വാതന്ത്രത്തിന്റെ വില മനസ്സിലാക്കി പിതാവിനെയും കുടുംബത്തിനെയോട്ടാകെയും സമരമുഖത്ത് എത്തിക്കാൻ കഴിഞ്ഞിരുന്നു ജവഹർലാൽ നെഹ്‌റുവിന്. തുടർന്നങ്ങോട്ട് നിസ്സഹകരണ പ്രസ്ഥാനത്തെ നയിച്ചതിന്റെ പേരിൽ പിതാവും മകനും കാരഗ്രഹം വാണ് തുടങ്ങുന്പോൾ അദ്ദേഹത്തിന്റെ പുത്രി ഇന്ദിരക്ക് പ്രായം മൂന്നു തികഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നീട് കമലാനെഹ്‌റുവിന്റെ ചികിത്സാർത്ഥം കുറേക്കാലം പിതാവും പുത്രിയും വിദേശ വാസത്തിലായിരുന്നെങ്കിലും തിരിച്ചെത്തിയ നെഹ്‌റു സ്വാതനന്ത്ര്യ സമരങ്ങളിലേയ്ക്ക് തന്നെ നയിക്കപ്പെട്ടു. ക്ലമന്റ് ആറ്റിലി ഉൾപ്പെട്ട സൈമൺ കമ്മീഷൻ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന ചർച്ചയിൽ ഇന്ത്യക്കാരുടെ പ്രാധിനിത്യം പോലും അനുവദിക്കാതിരുന്ന ബ്രിട്ടീഷുകാർക്കെതിരെ പണ്ധിറ്റ് വല്ലഭ് പന്തിന്റെയും ജവഹർലാൽ നെഹ്‌റുവിന്റെയും നേതൃത്വത്തിൽ സമര മുഖത്തിറങ്ങിയപ്പോൾ ഇന്ത്യയിലെ ഹിന്ദു സമൂഹത്തിന്റെയും മുസ്ലീം സിക്ക് ക്രൈസ്തവ സോഷ്യലിസ്റ്റ്കളുടെയും സാന്നിദ്ധ്യമുറപ്പിച്ചപ്പോഴും ഇന്ത്യയുടെ ഇന്നത്തെ ഭരണവർഗ്ഗത്തിന്റെ പൂർവ്വികർ മൗനത്തിലായിരുന്നു.
ഗാന്ധിജിയും മോട്ടിലാൽ നെഹ്‌റുവും ഡൊമിനിയൻ ആഭിമുഖ്യവുമായി പോകുന്പോൾ, ഡൊമിനിയൻ പദവിയല്ല പൂർണ്ണ സ്വരാജാണ് ഭാരതീയന് വേണ്ടതെന്നും, പൂർണ്ണസ്വരാജിന് ആഹ്വാനം നൽകിയതും നെഹ്‌റുവാണ്. പൂർണ്ണ സ്വരാജ് എന്ന ആശയമാണ് നെഹ്‌റുവിനെ സ്വാതന്ത്രിയ സമരത്തിന്റെ ദേശീയ മുഖമാക്കി തീർത്തത് എന്ന് മാത്രമല്ല അദ്ദേഹത്തിനെ ഇന്ത്യക്കാർ വീര പുരുഷന്റെ പരിവേഷം നൽകി ആരാധിച്ചു പോന്നിരുന്നു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന് നെഹ്‌റു കുടുംബത്തിലെ സ്‌ത്രീ സാന്നിദ്ധ്യവും ഭാഗവാക്കായിരുന്നപ്പോൾ വാനര സേനയുണ്ടാക്കി ഇന്ദിരാഗാന്ധിയും സ്വതന്ത്ര സമരത്തിൽ പങ്കാളിയായി പക്ഷെ സ്വാതന്ത്ര സമരാർത്ഥം അച്ഛനും അമ്മയും ബ്രിട്ടീഷുകാരുടെ തടവുകാരായപ്പോൾ തനിച്ചായിപ്പോയ മകൾ, മാതാപിതാക്കളുടെ സാമീപ്യത്തിനു ജയിലുകൾ കയറി ഇറങ്ങുകയായിരുന്നു. ആഡംബരത്തിന്റെ നടുവിൽ ജീവിക്കാമായിരുന്ന ഒരു കുടുംബം മുഴുവൻ രാജ്യസ്നേഹത്തിന്റെ പേരിൽ ജയിലിൽ കിടന്നു കാലം കഴിച്ചതിന്റെ ചരിത്രം നായിനി, മലാക്ക, ബറേയിലി, ഡറാഡൂൺ തുടങ്ങി നിരവധി ജയിലുകൾക്ക് പറയാനുണ്ടാകും. കാരണം അവയെല്ലാം വസ്തുനിഷ്ടവും ചരിത്രവുമാണല്ലോ? സ്വന്തം ജീവിത ചരിത്രം കൃത്രിമമായി മെനഞ്ഞെടുക്കാൻ വൈദേശിക മാധ്യമ പ്രവർത്തകർക്ക് ഭീമമായ തുക നൽകേണ്ടതില്ല എന്ന് സാരം.
ബ്രിട്ടീഷുകാർ കൊള്ളയടിച്ചു കൊണ്ടുപോയി ദാരിദ്ര്യം മാത്രം അവശേഷിപ്പിച്ച ദരിദ്ര നാരായണൻമാരുടെ ഇന്ത്യയെ പഞ്ചവത്സര പദ്ധതിയിലൂടെയും സോഷ്യലിസ്റ്റ് ചിന്തകളുടെയും പിൻബലത്തിൽ ഒരു രാജ്യമെന്ന നിലയിൽ വാർത്തെടുത്ത് ഇന്നത്തെ ലോക നേതൃത്വത്തിലെത്തിച്ചു എങ്കിൽ അത് ലേഖകൻ പറഞ്ഞതുപോലെ പുതിയ ഒരിന്ത്യയെ കണ്ടെത്തുകയായിരുന്നു നമ്മുടെ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്നതല്ലേ വാസ്തവം? സ്വന്തം മകളോടുള്ള വിരഹത്തിന്റെ കാഠിന്യം കുറക്കുകയായിരുന്നിരിക്കാം അച്ഛൻ മകൾക്കെഴുതിയ കത്തുകളുടെ ഉദ്ദേശവും. ഒരുപക്ഷെ ആ വിരഹ ദുഃഖമാകാം അദ്ദേഹത്തിനെ കുട്ടികളോട് വളരെയധികം അടുപ്പിച്ചതും. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭ ദശയിൽ നിന്നും ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുന്പോഴും നെഹ്‌റു കുടുംബം എന്നത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഈടും പാവുമായി നിറഞ്ഞു നിൽക്കുന്നു എങ്കിൽ അത് ആ കുടുംബത്തിന്റെ ഇളമുറക്കാരോട് പോലും വിരോധം വെച്ചു പുലർത്തുന്നു എങ്കിൽ ഉറപ്പിക്കാം ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു എന്ന വിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാൻ ഗാന്ധിഘാതകരുടെ പിന്മുറക്കാർക്ക് ഇന്നും കഴിഞ്ഞിട്ടില്ല എന്നത് തന്നെ കാരണം.
പത്രാധിപരോട് ഒരു സംഗതി കൂടി സൂചിപ്പിക്കാമെന്നു കരുതുന്നു. മറ്റു പ്രസ്ഥാനങ്ങളെ നയിക്കുന്നവരുടെ ബലഹീനത കണ്ടെത്തുന്ന സമയത്ത് സ്വന്തം പ്രസ്ഥാനത്തിന്റെയും നയിക്കുന്നവരുടെയും പ്രബന്ധങ്ങൾ ഉണ്ടെങ്കിൽ അതുകൂടി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് കരുതുന്നു.
ഷഫീക്ക്, കൊല്ലം