അത്യാർത്തിയുടെ അവസാനം മാണി പടിയിറങ്ങി
മാസങ്ങളോളം അധികാരത്തിൽ അള്ളിപ്പിടിച്ചിരുന്ന മാണി അവസാനം നാണംകെട്ട് പുറത്ത് പോയി. കേരള ചരിത്രത്തിൽ ഇതേ വരെ സംഭവിക്കാത്ത കാര്യങ്ങളാണ് മാണി മൂലം നിയമസഭയിലും പുറത്തും കുറെ നാളായി അരങ്ങേറിയത്. ഏതാണ്ട് അരനൂറ്റാണ്ട് കാലം അധികാരത്തിന്റെ രുചി നുകർന്നിട്ടും മതിവരാതെ സ്വന്തം മുന്നണിയെ ചതിച്ച്, ഇടത് മുന്നണിയുടെ സഹായത്തോടെ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച് നടത്തിയ കരു നീക്കങ്ങളാണ് അവസാനം മാണിയെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്.
അത്യാഗ്രഹം ആപത്തെന്ന ആപ്തവാക്യം കൊച്ചു കുട്ടികൾ പോലും ഉരുവിടുന്പോഴും വയോധികനായ മാണിസാർ അത് മറന്ന് പ്രവർത്തിച്ചതിന് സഹപ്രവർത്തകർ കൊടുത്ത എട്ടിന്റെ പണിയാണ് ബാർകോഴ വിവാദം. അപ്പോഴും പണി കൊടുത്തവർ തന്നെ അവസാനംവരെ മാണിയെ സംരക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തു. ഇല്ലെങ്കിൽ ബാക്കിയുള്ള കോടികളുടെ പേരിൽ തങ്ങളും കുടുങ്ങുമെന്ന് അവർക്ക് അറിയാമായിരുന്നു. മുഴുവൻ മലയാളികളും കോഴക്കഥ വിശ്വസിച്ചപ്പോഴും ഉമ്മൻചാണ്ടിയും കൂട്ടരും തെളിവ് ഇല്ലെന്ന് കാരണം പറഞ്ഞ് മാണിയെ സംരക്ഷിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ തങ്ങൾക്ക് ഭുരിപക്ഷം കിട്ടിയെന്ന ന്യായം പറഞ്ഞ് പിടിച്ച് നിൽക്കാൻ മാണിയും കൂട്ടരും ശ്രമിക്കുന്പോഴാണ് മാണിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ ഉണ്ടായത്. എന്നിട്ടും രണ്ടു ദിവസമായി ഓടിയും, ഒളിച്ചും, നേതാക്കളുടെ പരേഡ് സംഘടിപ്പിച്ചും പിടിച്ച് നിൽക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. ഇനിയും ജനങ്ങളെ വിഡ്ഢികളാക്കിയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പണി കിട്ടുമെന്ന് തിരിച്ചറിഞ്ഞ ചില കോൺഗ്രസ്സ് നേതാക്കളുടെയും ഘടകകക്ഷികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയും, യു.ഡി.എഫിൽ നിന്നും എന്തോ കച്ചവടം ഉറപ്പിച്ചുമാണ് അവസാനം മാണിസാർ കേരള ജനതയെ ഇനി സേവിക്കേണ്ട എന്ന് തീരുമാനിച്ചത്. ഇപ്പോഴും മാണിയെ വെള്ള പൂശുന്ന ഉമ്മൻ ചാണ്ടിയുടെ വാക്കുകളിലൂടെ ഒരു ഒത്തുതീർപ്പ് രാജിയാണിതെന്ന് വ്യക്തമാകുന്നുണ്ട്.
ഇനി ജനങ്ങൾക്കറിയേണ്ടത്, മന്ത്രിസഭയെയും യു.ഡി.എഫിനെയും സംരക്ഷിച്ച് കൊണ്ട്, രാജിവെയ്ക്കാൻ മാണിസാർ എത്ര കോടി ആവശ്യപ്പെട്ടു കാണും എന്നാണ്.
ബഷീർ അൽ നുസ്ഹ