ഇന്ത്യൻ സ്കൂൾ അധികൃതർക്ക് മറുപടി


താങ്കളുടെ മുപടി അന്താക്ഷരി കളി പോലെ സിനിമാ പേരു കൊണ്ട് അങ്ങിനെ തന്നെ തുടങ്ങാം. കാക്കക്കുയിൽ എന്ന മോഹൻലാൽ ചിത്രത്തിൽ ശ്രീ കൊച്ചിൻ ഹനീഫ് ജഗദീഷിനോട് ഒരു താക്കോൽ രഹസ്യമായി ഒളിപ്പിക്കാൻ പറഞ്ഞിട്ട് പിന്നീട് അതിനെ കുറിച്ച് സംവദിക്കുന്ന ഒരു രംഗമുണ്ട്. താക്കോൽ ഒരു ഡപ്പിയിൽ ഇട്ടിട്ട് അക്വോറിയത്തിൽ ഒളിപ്പിക്കാൻ പറഞ്ഞിട്ട് അത് നമ്മുടെ കയ്യിലില്ലല്ലോ നമ്മൾക്ക് അതിനെ കുറിച്ച് അറിയില്ലല്ലോ എന്ന് പ്രതികരിക്കാൻ പഠിപ്പിക്കുന്ന രംഗം... കണ്ടില്ലെങ്കിൽ താങ്കൾ അത് കാണണം... താങ്കൾ എന്ന വ്യക്തിയിലെ ലേഖകനും എക്സിക്യുട്ടീവ് മെന്പറും കൂടി ഇപ്പോൾ ആ കളിയാണ് ഇവിടെ കളിക്കുന്നത്.

പിന്നെ അരിയെത്ര മാപ്പിളേ.. എന്ന് ചോദിക്കുന്പോൾ പയർ അഞ്ഞാഴി എന്ന് പറയുന്ന താങ്കളുടെ ചങ്കൂറ്റത്തെ ഞാൻ സമ്മതിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു രക്ഷിതാവിൻ്റെ ചിന്തകളാണ് തൻ്റെ ലേഖനം എന്നെഴുതിക്കണ്ടു. പിന്നെ താങ്കൾ ആദ്യമേ ഇന്ത്യൻ സ്കൂളിലെ രക്ഷിതാവാണെന്നും... എന്നിട്ടു പോലും ഇന്ത്യൻ സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും പരസ്യമായി വാർഷിക പൊതുയോഗത്തിലേയ്ക്ക് ക്ഷണിച്ച താങ്കളുടെ പൊടിപോലും കഴിഞ്ഞ 4.5 വർഷമായി സ്ഥിരമായി വാർഷിക പൊതുയോഗങ്ങളിൽ പങ്കെടുക്കാറുള്ള ഞാനോ മറ്റു രക്ഷിതാക്കളോ കണ്ടിട്ടില്ല.

താങ്കൾ ഇതുവരെ എത്ര വാർഷിക പൊതുയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്??

പിന്നെ താങ്കൾ എഴുതിയ പോലെ താങ്കളുടെ ലേഖനത്തിലെ കണ്ടൻ്റ് മാത്രമല്ല അതിനുള്ളിലെ ഗുട്ടൻസ് കൂടി വെളിപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്.

പുതിയ ഭരണ സമിതിയിൽ തുടർച്ചാ അംഗമായി പഴയ സമിതി തെരഞ്ഞെടുക്കുന്ന ആളെയല്ലാതെ താങ്കൾ പൂവിട്ട് പൂജിക്കുന്ന ആരെയെങ്കിലും എനിക്കോ കഴിഞ്ഞ കമ്മിറ്റിക്കോ നിർദ്ദേശിക്കാൻ പറ്റുമോ?

താങ്കളുടെ കമ്മറ്റിയിൽ പലരുടെയും ഒരു കുട്ടി മാത്രം ഇന്ത്യൻ സ്കൂളിലും മറ്റു കുട്ടികൾ വേറെ സ്കൂളിലുമാണെന്ന സത്യം താങ്കൾക്ക് അറിയാതിരിക്കില്ല. ഇതിന് പിന്നിലെ സൈക്കോളജിക്കൽ മൂവിൻ്റെ രഹസ്യം അധികാര ക്കൊതി മാത്രമല്ലേ...

താങ്കൾ താങ്കളുടെ ലേഖനത്തിൽ മോശമായി ചിത്രീകരിച്ച പ്രതിപക്ഷം ഞാനോ എന്റെ പാർട്ടിയോ അല്ല എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. തൽക്കാലം തട്ടിക്കൂട്ടിയുണ്ടാക്കിയ താങ്കളുടെ മുന്നണിയിൽ വേണ്ടത്ര പ്രാതിനിധ്യം കിട്ടാതെ ഭിന്നിച്ചു നിൽക്കുന്നവരെയാണോ താങ്കൾ ഉദ്ദേശിച്ചത്...

എൻ്റെ ചോദ്യങ്ങളെ താങ്കൾക്ക് ഒാട്ടച്ചട്ടിയിൽ കല്ലിട്ടു കിലുക്കുന്നത് പോലെ അസഹ്യമായി തോന്നിയെങ്കിൽ ഞാൻ സന്തുഷ്ടനാണ്. ഇരുട്ടിൽ മാത്രം അകപ്പെട്ടു പോയ ഒരാൾക്ക് വെളിച്ചം കാണുന്പോഴുണ്ടാകുന്ന അസഹ്യത ആർക്കും ഊഹിക്കാവുന്നതേയുള്ളൂ...

You might also like

Most Viewed