മതേതരവിശ്വാസികൾ ആഗ്രഹിച്ച ഫലം
കേരള ജനത വീണ്ടും ഭരണപക്ഷത്തിന് എതിരെ വിധിയെഴുതി. മികച്ച വിജയം നേടിയതിൽ ആഹ്ലാദിക്കാമെങ്കിലും അഹങ്കരിക്കാനുള്ള വിജയം ഇടതിന് ലഭിച്ചിട്ടില്ല. ന്യൂനപക്ഷത്തിന്റെ വ്യക്തമായ പിന്തുണയാണ് ഇടതിന് ഈ വിജയം നേടിക്കൊടുത്തതെന്ന കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകർക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാനും സാധ്യതയില്ല. കുറച്ച് പിന്നോക്കം പോയെങ്കിലും യു.ഡി. എഫ് തുടച്ച് നീക്കപ്പെട്ടിട്ടില്ല. അഴിമതിയിൽ മുങ്ങി കുളിച്ചെങ്കിലും യു.ഡി.എഫിനെ തിരസ്ക്കരിക്കാൻ നല്ലൊരു ശതമാനം മലയാളികളും ഇപ്പോഴും വിമുഖത കാണിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന മുന്നേറ്റമൊന്നും ബി.ജെ.പിക്ക് കേരളത്തിൽ ലഭിച്ചിട്ടില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിംഗ് ശതമാനം പോലും തദ്ദേശ തിരഞ്ഞെടുപ്പിൽ അവർക്ക് ലഭിച്ചിട്ടില്ലെന്ന് കണക്കുകൾ പരിശോധിക്കുന്പോൾ വ്യക്തമാകും. അരുവിക്കരയിൽ ബി.ജെ.പി പിടിച്ച വോട്ടുകൾ ഇപ്പോൾ അവിടെ അവർക്ക് ലഭിച്ചിട്ടില്ല. തിരുവനന്തപുരത്ത്് യു.ഡി.എഫിന്റെ സംഘടനാ സംവിധാനത്തിന്റെ പോരായ്മയാണ് അവരുടെ വോട്ടുകൾ ബി.ജെ.പിക്ക് പോകാൻ പ്രധാന കാരണം.
തിരഞ്‍ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ പറ്റി പഠിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടുണ്ട്. അഴിമതിയും, പടല പിണക്കങ്ങളും, കുത്തഴിഞ്ഞ സംഘടനാ സംവിധാനവും, അപക്വമായ സ്ഥാനാർത്ഥി നിർണ്ണയവും, ന്യൂനപക്ഷ അവഗണനയുമൊക്കെയാണ് പരാജയ കാരണമെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?
ബി.ജെ.പിയെ പഴയത് പോലെ അവഗണിക്കുന്നത് ഇടതിനും വലതിനും ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. അതിന് കാരണം അവരുടെ ക്വാളിറ്റിയല്ല. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷി എന്ന നിലയ്ക്ക് ഒരു ചെറിയ ശതമാനം ആളുകളുടെ അധികാര താൽപ്പര്യമാണ്. അത് മോഡി സർക്കാർ പുറത്ത് പോകുന്നത് വരെയുള്ള ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ്.
വെള്ളാപ്പള്ളി നടേശൻ ഊതി വീർപ്പിച്ച ഒരു നീർകുമിള മാത്രമാണെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു. കാലുമാറ്റത്തിലൂടെ അധികാരം രുചിക്കാൻ പോയ ആർ.എസ്.പിക്കും തക്ക തിരിച്ചടി ലഭിച്ചു. പുതുതായി ഗോദയിലിറങ്ങിയ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയവരും തിരഞ്ഞെടുപ്പിൽ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്.
ബഷീർ അൽ നുസ്ഹ