ഇന്ത്യൻ സ്കൂൾ, വീണ്ടും പൊതുയോഗത്തിലേയ്ക്ക്


1950 സ്ഥാപിതമായ ഇന്ത്യൻ സ്കൂൾ ബഹ്റിൻ, വലിപ്പം കൊണ്ടും പഴക്കം കൊണ്ടും ഗൾഫിലെ പ്രഥമഗണനീയമായ വിദ്യാഭ്യാസ സ്ഥാപനം ആണ്. മുൻരാഷ്ട്രപതി അബ്ദുൾകലാം മുതൽ ലോകപ്രശസ്തരായ ഒട്ടനവധി പ്രമുഖ വ്യക്തികൾക്ക് ആതിഥ്യമരുളുകയും ആറര പതിറ്റാണ്ട് ബഹ്റിനിലെ ഇന്ത്യൻ സമൂഹത്തിന്റെ വിദ്യാഭ്യാസമണ്ധലത്തെ പ്രശോഭിതമാക്കുകയും ചെയ്ത ഒരു ബ്രഹത്്സ്ഥാപനമാണിത്. ബഹ്റിൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും ഗവൺമെന്റിന്റേയും നിസ്സീമമായ സഹായങ്ങൾ കൊണ്ടാണ് ഇക്കാലമത്രയും സ്കൂൾ സുഗമമായി പ്രവർത്തിച്ചുവന്നത്. ഓരോ സമയത്തും അധികാരത്തിലിരുന്ന ഭരണസമിതികളുടെയും രക്ഷിതാക്കളുടേയും സാമൂഹികപ്രവർത്തകരുടേയും പ്രതിബദ്ധതയും ദീർഘവീക്ഷണവും സ്കൂളിന്റെ പുരോഗതിയ്ക്ക് കാരണമായി. 

65 വർഷം പിന്നിടുന്പോൾ രണ്ടു ക്യാന്പസുകളിലായി 12,500 വിദ്യാർത്ഥികൾ 640 അദ്ധ്യാപകർ, 90 അനദ്ധ്യാപകർ 18ൽപരം രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവരെയെല്ലാം ഉൾക്കൊള്ളുന്ന ഒരു വലിയ സ്ഥാപനമായി വളർന്ന സ്കൂളിന്റെ പ്രവർത്തനങ്ങൾ ആണ് വീണ്ടും ഒരു വാർഷികപൊതുയോഗം അടുത്തുവരുന്ന സാഹചര്യത്തിൽ ചർച്ചയ്ക്ക് വെയ്ക്കുന്നത്. 

‘അറിവുപകരൽ’ (Transfer of Knowledge) എന്ന പ്രക്രിയ അദ്ധ്യാപകനും വിദ്യാർത്ഥിക്കുമിടയിൽ നടക്കുന്ന ഒരു പ്രവർത്തനം ആണെന്ന് ധാരണയിൽ നിന്നും പരിഷ്കൃത സമൂഹം മുന്നോട്ടു പോയികഴിഞ്ഞു. വിദ്യാഭ്യാസം എന്നത് വെറും അറിവുപകരൽ അല്ലെന്നും മനുഷ്യനെ മികച്ച ഒരു സമൂഹജീവിയായി മാറ്റുന്ന ഒരു നിരന്തര പ്രക്രിയ ആണെന്നും ഇന്ന് എല്ലാവർക്കും അറിയാം. ആൽച്ചുവട്ടിലിരുന്ന ശിഷ്യന്മാരെ ദാസ്യവൃത്തി ചെയ്യിച്ച് സർവ്വ വിഷയങ്ങളും ഒരാൾ തന്നെ പഠിപ്പിച്ചുകൊണ്ടിരുന്ന പഴഞ്ചൻ രീതിയിൽ നിന്നും പുതിയ പാഠ്യസംസ്ക്കാരം വന്നപ്പോൾ അദ്ധ്യാപകന് കൽപ്പിച്ചിരുന്ന ദിവ്യത്വം ഇല്ലാതെയായി. മാതാ−പിതാ−ഗുരു−ദൈവം എന്ന പ്രയോഗം തന്നെ കാലഹരണപ്പെട്ടു തുടങ്ങി. സർവ്വജ്ഞാനിയും ദേവതുല്യനുമായ അദ്ധ്യാപകൻ എന്ന ധാരണയിൽ നിന്നും വിദ്യാഭ്യാസ സംവിധാനത്തിന്റെ സഹായി (Facilitator) എന്ന സ്ഥാനത്തേയ്ക്ക് അധ്യാപകന്റെ റോൾ മാറി. അധ്യാപകരേക്കാൾ കൃത്യതയുള്ളതും പുതുക്കപ്പെടുന്നതും (Updated) പെട്ടെന്ന് എത്തിപ്പിടിയ്ക്കാവുന്നതുമായ (accessible) ഇന്റെർനെറ്റ്, സമൂഹമാധ്യമങ്ങൾ, ഓൺലൈൻ ഗ്രന്ഥശേഖരങ്ങൾ തുടങ്ങിയ പുതിയ വിജ്ഞാനശ്രോതസുകൾ ഉദയം ചെയ്യുകയും വ്യാപകമാവുകയും ചെയ്തു. 

ചുരുക്കത്തിൽ വിദ്യാഭ്യാസം എന്നത് അധ്യാപകകേന്ദ്രീകൃതമായ രീതിയിൽ നിന്നും വിദ്യാർത്ഥീ കേന്ദ്രീകൃതമായ (Student-centered) ഒരു സംവിധാനത്തിലേയ്ക്ക് മാറുകയും രക്ഷിതാക്കൾ, സമൂഹം എന്നിവർ അധ്യാപകരേപ്പോലെ പങ്കാളിത്തവും ഉത്തരവാദിത്വവുമുള്ളവരാവുകയും ചെയ്തു. നിർഭാഗ്യവശാൽ ഈ ഉത്തരവാദിത്വം വേണ്ടവിധം മനസിലാക്കാതെ വിദ്യാഭ്യാസത്തിനു അധ്യാപകരെ മാത്രം ആശ്രയിക്കുന്നവരാണ് ഇന്നും നമ്മുടെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും. 

ഇടത്തരം−താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെയാണ് ഇന്ത്യൻ സ്കൂൾ പ്രധാനമായും ലക്ഷ്യമിട്ടിരിയ്ക്കുന്നത്. ഗൾഫിലെ തൊഴിൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ ഇത്തരക്കാരെയാണ് മുഖ്യമായും ബാധിയ്ക്കുന്നത് എന്നതും സത്യമാണ്. ജീവിയ്ക്കുവാനുള്ള നെട്ടോട്ടത്തിനിടയിലാണെങ്കിൽ പോലും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കൾ കുറ്റകരമായ ഒരു അനാസ്ഥ കാണിയ്ക്കുന്നുണ്ട് എന്നതാണ് സത്യം. സ്കൂൾ ക്യാന്പസിൽ ആരു പഠിപ്പിച്ചാലും വേണ്ടില്ല നല്ല ട്യൂഷൻ ടീച്ചറിനെ സംഘടിപ്പിക്കാനായാൽ രക്ഷിതാവിന്റെ കടമ പൂർത്തിയായി എന്നാണ് പലരും ധരിച്ചു വെച്ചിരിയ്ക്കുന്നത്. ഒരു സമൂഹത്തിന്റെ മുഴുവൻ അഭിമാനമായ മഹത്്സ്ഥാപനത്തെ രണ്ടാം തരമാക്കി കരുതി, കുടുസ്സു മുറികളിൽ നടക്കുന്ന ട്യൂഷൻ സംവിധാനത്തിൽ ആശ്വാസം കണ്ടെത്തുന്നതിൽ പിശകുണ്ട്. ചില രക്ഷിതാക്കൾക്കെങ്കിലും പരീക്ഷയ്ക്കുള്ള ഹാജർ തികയ്ക്കുന്ന ഇടമായി സ്കൂൾ മാറിത്തുടങ്ങിയിരിയ്ക്കുന്നു.

കേവലം പുസ്തകങ്ങളിൽ നിന്നും കിട്ടുന്ന അറിവ് വളരെ ചെറിയ ഒരു അളവു മാത്രമാണ് എന്നതിൽ തർക്കമുണ്ടാകാനിടയില്ല. വിശാലമായ ബഹുസ്വര സമൂഹത്തിന്റെ ഒരു നേർപ്പതിപ്പ് ആണ് സ്കൂൾ ക്യാന്പസുകൾ. നല്ല നിറവും വലിപ്പവും രുചിയുമുള്ളതെന്തും സ്വന്തമാകാൻ കൈനീട്ടുന്ന സ്വാർത്ഥത നിറഞ്ഞ ബാല്യത്തിൽ നിന്നും ഈ ചെറിയ ഭൂമിയെയും അതിലെ വിഭവങ്ങളേയും പങ്കുവയ്ക്കുകയും അടുത്ത തലമുറയ്ക്കുവേണ്ടി പരിരക്ഷിയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹജീവിയായി മനുഷ്യനെ മാറ്റുന്ന ഈ സങ്കീർണ്ണ പ്രക്രിയയിൽ സ്കൂൾ ക്യാന്പസുകൾ അതീവനിർണ്ണായകരമായ ചില പങ്കുകൾ വഹിയ്ക്കുന്നുണ്ട്. അതിനെയാണ് മാർക്കിൽ മാത്രം അഭിമാനം കൊള്ളുന്ന ട്യൂഷൻ മാഷിന്റെ മുറികളിൽ കുരുതികൊടുക്കുന്നത്. പ്രത്യേക പരിഗണന വേണ്ടുന്ന കുട്ടികൾക്ക് ട്യൂഷൻ ഏർപ്പെടുത്തുന്നതിനേപ്പറ്റിയല്ല, മറിച്ച് ട്യൂഷനില്ലെങ്കിൽ പഠനമില്ല എന്ന രീതി പരിശോധിയ്ക്കപ്പെടേണ്ടതാണ്. 

സ്കൂളിന്റെ നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്ന പരമോന്നത ബോഡിയാണ് പൊതുയോഗങ്ങൾ. ഒന്പതിനായിരം രക്ഷിതാക്കളിൽ ഇന്ത്യൻ സ്കൂളിന്റെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുന്നവർ 250ൽ താഴെയാണ്. എണ്ണായിരത്തി എഴുന്നൂറു രക്ഷിതാക്കൾക്കും അതായത് 97%നും പൊതുയോഗത്തിൽ എടുക്കുന്ന തീരുമാനത്തിലും അവതരിപ്പിക്കുന്ന കണക്കുകളിലും താൽപ്പര്യമില്ല. ജനാധിപത്യ സംവിധാനത്തിലെ ഇത്തരം നിഷ്ക്രിയത്വത്തിന് വലിയ വില കൊടുക്കാതെ തരമില്ല. മനുഷ്യ സമൂഹത്തിൽ ഇന്നുവരെ പരീക്ഷിക്കപ്പെട്ടതിൽ ഏറ്റവും മഹത്തായ ഭരണസംവിധാനമാണ് ജനാധിപത്യം. ചരിത്രത്തിലെ ദശാസന്ധികളിലൂടെയുള്ള പ്രയാണത്തിൽ മനുഷ്യസ്വാതന്ത്ര്യവാഞ്ചയുടേയും അവകാശബോധത്തിന്റേയും ഫലമായി രൂപപ്പെട്ടുവന്ന ഉന്നതമായ ഒരു സങ്കൽപ്പമാണിത്. പക്ഷേ, അത് വേണ്ടും വിധം പ്രവർത്തിയ്ക്കുവാൻ പരുവപ്പെട്ട മനസും ജാഗ്രതയുമുള്ള ഒരു ജനതയും ഉണ്ടാകുക തന്നെ വേണം. 

അത്തരം പരുവപ്പെടലുകൾ ഉണ്ടായിട്ടില്ലാത്ത ഇടങ്ങളിലെല്ലാം ജനാധിപത്യം ബലികഴിയ്ക്കപ്പെടുകയും ഏകാധിപത്യത്തിലേയ്ക്ക് തിരികെ പോവുകയും ചെയ്തിട്ടുണ്ട്. ഒരു പൊതുസ്ഥാപത്തിന്റെ പരമോന്നത ബോഡിയിലെ ഹാജർ നില 3 % ആണെങ്കിൽ ആ സ്ഥാപനത്തിൽ ജാനാധിത്യം നിലനിൽക്കുന്നു എന്ന് പറയുന്നത് വെറും സാങ്കേതികം മാത്രമാണ്. ഇന്ത്യൻ സ്കൂളിലെ ജനാധിപത്യം വെറും കടലാസുകളിൽ മാത്രമാണെന്ന് സ്കൂൾ ചരിത്രം പഠിച്ചാൽ മനസിലാകും. ‘എന്തെങ്കിലും ചെയ്തവർ’ എന്ന് പറയപ്പെടുന്നവർ എല്ലാം ഏതെങ്കിലും അർത്ഥത്തിൽ ഏകാധിപത്യ സ്വഭാവം ഉള്ളവർ ആയിരുന്നു. നിർഭാഗ്യവശാൽ സാഹചര്യം ആണ് ഇത്തരം ഏകാധിപതികളെ സൃഷ്ടിച്ചത്, ഇനിയും സൃഷ്ടിയ്ക്കുവാൻ പോകുന്നതും. 

കഴിഞ്ഞ അഞ്ചു വർഷത്തെ പൊതിയോഗ ഹാജർ നില പരിശോധിച്ചാൽ പൊതു യോഗത്തിൽ പങ്കെടുക്കുന്നവരിൽ നല്ലൊരു ശതമാനവും ചില സ്ഥിരം കക്ഷികളാണെന്ന് കാണാവുന്നതാണ്. പൊതുയോഗത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ, ഭരണ−പ്രതിപക്ഷങ്ങൾ എത്തിച്ചേരുന്ന വിയോചിപ്പുകൾ, എടുക്കപ്പെടുന്ന തീരുമാനങ്ങൾ, ഏർപ്പെടുന്ന വാഗ്വാദങ്ങൾ ഇവ സമാന സ്വഭാവമുള്ളവയാണ്. മറിച്ച്− പാഠ്യേതര വിഷയങ്ങളിൽ സക്രിയമായി ഇടപെടുന്ന രക്ഷിതാക്കളുടെ ഒരു സമൂഹം ഉണ്ടാകണം. കോഴി കൊത്തുന്നതുപോലെ പൊരുതി ജയിക്കുന്നതിനപ്പുറം പതിമൂവായിരത്തിനടുത്ത വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന അന്തരീക്ഷം സ്കൂളിൽ ഉണ്ടാകുവാൻ ദർശനമുള്ള ഒരു കൂട്ടം രക്ഷിതാക്കളിലാണ് സ്കൂളിന്റെ ഭാവി. അവരായിരിയ്ക്കണം എക്സിക്യൂട്ടിവ് കമ്മറ്റിയ്ക്ക് ദിശാബോധം നൽകേണ്ടത്. 

അല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏഴുപേർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ച് മൗനമായിരിയ്ക്കുകയല്ല രക്ഷിതാക്കൾ ചെയ്യേണ്ടത്. ഇന്ത്യൻ സ്കൂളിലെ തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്ന പ്രതി നിധികൾ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന കാര്യവും വിഷയത്തെ കൂടുതൽ ഗൗരവപൂർണ്ണമാക്കുന്നു. 4600 രക്ഷിതാക്കളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇപ്പോഴത്തെ ഭരണസമിതിയ്ക്ക് കിട്ടിയത് വോട്ടു ചെയ്തവരുടെ (മാത്രം) ശരാശരി 56% ന്റെ അംഗീകാരമാണ്. ചുരുക്കത്തിൽ മൊത്തം രക്ഷിതാക്കളിൽ 27% നെ പ്രതിനിധീകരിയ്ക്കുന്ന ഒരു ഭരണസമിതിയാണ് ഇപ്പോൾ ഭരണത്തിൽ ഇരിയ്ക്കുന്നത്, കഴിഞ്ഞ കാലങ്ങളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു എന്നല്ല. രക്ഷിതാക്കൾ അതീവ ജാഗ്രത പാലിയ്ക്കേണ്ട സാഹചര്യമാണിതെന്ന് ജനാധിപത്യബോധമുള്ളവർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. 

സ്കൂൾ ഭരണസംവിധാനം (ഏതെങ്കിലും ഒരു ഭരണസമിതിയേക്കുറിച്ച് അല്ല) ശരിയായ ദിശയിലല്ല നടക്കുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സ്കൂളിന് കാലോചിതമായി പരിഷ്കരിച്ച ഒരു ഭരണഘടന ഇല്ല എന്നത്. വേണ്ടത്ര സാധ്യതാപഠനം നടത്താതെ കോടികൾ മുടക്കി കെട്ടിടങ്ങൾ പണിയുന്നതിനും മാനദണ്ധങ്ങളെ മറികടന്ന് നിയമനങ്ങൾ നടത്തുന്നതിനും ചോദ്യം ചെയ്യപ്പെടാനാകാതെ സ്വേച്ഛാധികാരം വിനയോഗിയ്ക്കുന്നതിനും കഴിയുന്നത് നല്ല ഒരു ഭരണ ഘടന സ്കൂളിന് ഇല്ലാത്തതുകൊണ്ടാണ്. ഇത്രയും ബ്രഹത്തായ സ്ഥാപനത്തിന്റെ ഭരണഘടന വെറും ആറ് പേജിൽ (A4 size) ഒതുങ്ങുന്നു എന്നത് വിചിത്രമാണ്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഭരണ ഘടന കാലോചിതമായി പുതുക്കപ്പെടാനാകാതെ പോകുന്നത്. ഒന്ന്, കാലാകാലങ്ങളിൽ അധികാരത്തിലെത്തുന്ന കമ്മറ്റികൾ കുറ്റമറ്റ ഒരു ഭരണഘടനയെ ഭയക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഭരണഭേദഗതിയേക്കുറിച്ച് പ്രസംഗിയ്ക്കുന്നവർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൗനമാചരിയ്ക്കുന്നതിന്റെ കാരണം മറ്റൊന്നും അല്ല. രണ്ട്, ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിയ്ക്കപെട്ടാൽ അതു ജനറൽ ബോഡിയിൽ പാസാകണമെങ്കിൽ കേവല ഭൂരിപക്ഷം വേണം. മേൽപ്പറഞ്ഞ പൊതുയോഗത്തിലെ സ്ഥിരം കക്ഷികൾക്കുപരിയായി ജനാധിപത്യ ബോധമുള്ള രക്ഷിതാക്കൾ പൊതുയോഗത്തിനു വരണം. രക്ഷിതാക്കളുടെ സക്രിയമായ ഇടപെടലിനെ ഭയക്കുന്നവരാണ് നിഭാഗ്യവശാൽ അധിക കാലവും കസേരകളിൽ ഇരുന്നിട്ടുള്ളത്. അതല്ലെങ്കിൽ ലോകം മുഴുവൻ മാറിയപ്പോഴും ഇന്ത്യൻ സ്കൂളിന്റെ ഭരണ ആറ് പേജിൽ മുരടിച്ച ബൊൺസായി ആകില്ലായിരുന്നു. 

ജനങ്ങൾ പൊതുയോഗത്തിന് വരാത്തതിൽ പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ടെന്ന് തോന്നുന്നു. ഒന്ന് പൊതുയോഗത്തിലെ പ്രാഥമികഭാഷ ഇംഗ്ലീഷ് ആണ് എന്നതാണ്. ദ്വിഭാഷിയുടെ സഹായം ഉറപ്പാക്കുകയാൽ ഈ പ്രശ്നം ഒരു പരിധിവരെ ഒഴിവാക്കാനാകും. അതിലും മുഖ്യമായ കാരണം മുകളിൽ പറഞ്ഞതുപോലെ ജനാധിപത്യ അവകാശങ്ങളേക്കുറിച്ച് ബോധവും ജാഗ്രതയുമുള്ള ഒരു സമൂഹത്തിന്റെ അഭാവം തന്നെയാണ്. 

മറ്റു പല കാരണങ്ങളിൽ അത്ര ചെറുതല്ലാത്ത ഒരു കാരണം കൂടിയുണ്ട്. വിമർശിയ്ക്കുകയോ വിശദീകരണം ചോദിയ്ക്കുകയോ ചെയ്യുന്ന രക്ഷിതാക്കളെ സംഘബലം കൊണ്ട് മൗനമാക്കുകയോ അധികാരംകൊണ്ട് പൊതുയോഗത്തിൽ പുറത്താക്കുകയോ ചെയ്യുന്ന രീതി പൊതുയോഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. അതീവ ഗുരുതരമായ ഈ തെറ്റു ചെയ്യന്നവർ പരിഷ്കൃത സമൂഹത്തിനു ചേർന്നവരല്ല. ഒരു തരത്തിലുള്ള ആദരവിനും അർഹിക്കപ്പെടാത്ത ഇത്തരം നേതാക്കന്മാർ ഒരു പൊതുവേദിയിലും ക്ഷണിയ്ക്കപ്പെടാൻ പാടില്ലാത്തതാണ്.

ട്യൂഷനിലുള്ള അമിതമായ ആശ്രയത്വം, തിരഞ്ഞെടുപ്പിലും ജനറൽ ബോഡികളും ഉള്ള പങ്കാളിത്തക്കുറവ് എന്നിവയിൽ ചുരുക്കി കാണാവുന്ന പ്രശ്നങ്ങൾ മാത്രമല്ല സ്കൂൾ നേരിടുന്നത്. സ്കൂളിന്റെ പുരോഗതിയിൽ അധ്യാപകർ ഏതെങ്കിലും തരത്തിൽ അപ്രസക്തരാണെന്നും വിവക്ഷയില്ല. പ്രത്യുത, യോഗ്യരായ അധ്യാപകരുടെ കുറവ് വിദ്യാഭ്യാസനിലവാരത്തെ സാരമായ ബാധിയ്ക്കുന്നതിന് കാരണമായിട്ടുണ്ട് താനും. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം നൽകേണ്ട ജോലി ഏതെന്ന് ചിന്തിച്ചാൽ പ്രൈമറി അധ്യാപകരുടേതാണെന്ന് എന്റെ പക്ഷം. ഒരു ന്യൂക്ലിയർ ബോംബ് കൈകാര്യം ചെയ്യുന്നത്ര സൂക്ഷമായും കൃത്യമായും കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ് പ്രൈമറി അധ്യാപകരുടെ മുന്നിലിരിയ്ക്കുന്ന ഓരോ കുഞ്ഞിന്റേയും മനസ്സ്. ലോകത്തെ മാറ്റിമറിയുന്നുന്ന നേതാവോ, അനേകർക്കു വെളിച്ചം പകരുന്ന ദാർശനികനോ, ഒരു കൊടും കുറ്റവാളിയോ ഒക്കെ മാറാനും മാറ്റാനും കഴിയുന്ന ഇളം മനസിനെ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നത് അതി പ്രാധാന്യമുള്ള വിഷയമാണ്. 

ഇന്നു പൊതുവേ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്ന ഫാക്ടറിക്കകത്തു വിദ്യാർത്ഥികളെന്ന അസംസ്കൃത വസ്തുവിനെ എന്തൊക്കെയോ ഉൽപ്പന്നങ്ങൾ ആക്കി മാറ്റുവനുള്ള തീവ്രശ്രമത്തിലാണ് അധ്യാപരാകുന്ന തൊഴിലാളികൾ. ഇതു ശരിയല്ല. ടൈയും കോട്ടും ധരിച്ച് ഏതോ കന്പനിയിൽ ജോലി ചെയ്യാൻ കൊള്ളാവുന്ന ഉൽപ്പന്നങ്ങളെ ഉണ്ടാക്കുന്ന ഫാക്ടറി അല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

അധ്യാപകൻ എന്നല്ല ഏത് തൊഴിൽ ചെയ്യുന്നതിനും ഒന്നാമതായി വേണ്ട യോഗ്യത അഭിരുചിയാണ്. സാമൂഹിക −സന്പത്തിക സമ്മർദ്ദം കൊണ്ട് അധ്യാപകർ ആയവർക്കെല്ലാം വിദ്യാർത്ഥികൾ എന്നും അധികപ്പറ്റും അനുസരണം കെട്ടവരും ആയിരിക്കും. 

ഈയിടെ മാനസിക സമ്മർദ്ദം മൂലം അൽപ്പം സമയം വീട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും മാറി നിന്ന ഒരു വിദ്യാർത്ഥിയെ കണിശമായി ശിക്ഷിക്കണമെന്നും വിദ്യാലയത്തിൽ പറഞ്ഞയക്കണമെന്നും അദ്ധ്യാപകർ പോലും അഭിപ്രായപ്പെട്ടത് കേട്ടപ്പോൾ അത്ഭുതം തോന്നി. അവർ ആരും അധ്യാപകരാകാൻ അർഹതയുള്ളവരല്ല. കുട്ടികളും അവരുടെ മനസും എന്തെന്ന് ഇത്തരക്കാർക്ക് മനസിലായിട്ടില്ല. 

ഇടത്തരം വരുമാനക്കാരിൽ നിന്നും ലഭിയ്ക്കുന്ന തുച്ഛമായ ഫീസുകൊണ്ട് പ്രവൃത്തിക്കുന്ന കമ്മ്യൂണിറ്റി സ്കൂളുകൾക്ക് പരിമിതികൾ ഏറേയുണ്ട്. എങ്കിലും അധ്യാപകരുടെ ഗുണനിലവാരവും യോഗ്യതയും അഭിരുചിയും തിരിച്ചറിഞ്ഞ് ഗുണമേന്മ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾ ശുഷ്കാന്തി കാണിക്കേണ്ടതാണ്. അതിനുവേണ്ടി അല്പം അധികം ചിലവഴിയ്ക്കപ്പെടേണ്ടി വന്നാലും അത് വൃഥാവിലാവുകയുമില്ല.അക്കാദമിക കാര്യങ്ങളിൽ നിന്നും വ്യതിചലിയ്ക്കുന്ന എക്സിക്യൂട്ടീവ് കമ്മറ്റികളെ വരുതിയ്ക്ക് നിർത്തേണ്ടത് പൊതുയോഗങ്ങളുടെ പ്രഥമ അജണ്ടയാകണം. 

അമിതമായ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരുചെറു സമൂഹം സ്കൂളിന്റെ വളർച്ചയെ പിന്നോട്ട് വലിയ്ക്കുന്നു എന്നതും പരാമർശിയ്ക്കപെടേണ്ട ഒരു വിഷയമാണ്. സ്കൂളിലെ അധ്യാപികമാരുടേ അടുത്ത ബന്ധുക്കൾ, സ്ഥിരം പൊതുയോഗത്തിനു വരുന്ന ചിലരക്ഷിതാക്കൾ, രക്ഷിതാക്കളല്ലാത്ത ചിലതൽപ്പര കക്ഷികൾ എന്നിങ്ങനെ സ്കൂളുമായി വളരെ അടുത്തു ബന്ധപ്പെട്ടു നിൽക്കുന്നവരാണ് ഇവർ. ദിശാബോധമുള്ള ഭൂരിപക്ഷം വരുന്ന രക്ഷിതാക്കളുടെ ഇടപെടൽ കൊണ്ട് ഇത്തരം അമിതരാഷ്ട്രീയവിഭാഗീയതയിൽ നിന്നും സ്കൂളിനെ രക്ഷിക്കാനാകും. 

ബഹ്റിനിലെ സാംസ്ക്കാരികകേന്ദ്രമായ കേരളീയ സമാജം ഇക്കാര്യത്തിൽ താരതമ്യം ചെയ്യാവുന്ന ഒരു സ്ഥാപനമാണ്. അവിടെയും രാഷ്ട്രീയവും ചേരി തിരിവുകളും വിഭാഗീയതകളുമെല്ലാം ഉണ്ട്. പക്ഷേ, തിരഞ്ഞെടുപ്പിനു ശേഷം എല്ലാവരും ഒരുമിച്ച് പ്രവർത്തിയ്ക്കുന്ന ഒരു നല്ല ദൃഷ്ടാന്തമാണ് സമാജത്തിന്റേത്. 

നിർഭാഗ്യവശാൽ ഇന്ത്യൻ സ്കൂളിന്റെ അവസ്ഥ അതല്ല. ഊഹാപോഹങ്ങളും, ആരോപണങ്ങളും, പത്ര സമ്മേളനങ്ങളും കൊണ്ട് എല്ലാവിധവും സ്കൂളിന്റെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുവാനും അപകീർത്തിപ്പെടുത്തുവാനും ശ്രമിയ്ക്കുന്ന ഒരു പ്രതിപക്ഷസംസ്ക്കാരമാണ് സ്കൂളിൽ നിലനിൽക്കുന്നത്. 

അതിലുപരിയായി സ്കൂളിന്റെ മുഖ്യധാര വിഷയങ്ങളൊന്നും ചർച്ചയ്ക്ക് വരാറില്ല. സാന്പത്തിക ഇടപാടുകൾ, കരാർ പണ

You might also like

Most Viewed