തദ്ദേശ തിരഞ്ഞെടുപ്പ് രംഗത്തെ മറിമായങ്ങൾ
ഏതാനും ദിവസങ്ങളായി കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്തു കാണുന്നത് അപ്രതീക്ഷിത മറിമായങ്ങളാണ്. ബി.ജെ.പിയും എസ്.എൻ.ഡി.പിയും കൂടി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ തൂത്തുവാരുമെന്ന് സ്വപ്നം കണ്ടിരുന്നവർ ഇന്ന് ത്രിശങ്കു സ്വർഗ്ഗത്തിലാണ്. എന്തെല്ലാം കാട്ടികൂട്ടലുകളായിരുന്നു, എന്തെല്ലാം അവകാശവാദങ്ങളായിരുന്നു. പ്രധാനമന്ത്രി മുതൽ ശശികല ടീച്ചർ വരെ കണ്ടത് എന്തെല്ലാം മധുരസ്വപ്നങ്ങളായിരുന്നു. കേരളത്തിലെ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും അമിത് ഷായുടെയും വെള്ളാപ്പിള്ളിയുടെയും രാക്ഷസരൂപങ്ങൾ ദുസ്വപ്നം കണ്ട് ഭയന്ന് വിറച്ചു.
എന്നാൽ ഒരു മഹാമേരു കണക്കെ കേരളത്തിലെ പ്രചാരണ രംഗം കയ്യടക്കിയ വി.എസ്സിന്റെ പടപ്പുറപ്പാടോടെ വെള്ളാപ്പിള്ളിയും മകനും സ്വന്തം പ്രസ്ഥാനത്തിന്റെ മീറ്റിംഗുകളിൽ പോലും പങ്കെടുക്കാൻ ഭയക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. കോടികളുടെ വിദ്യാഭ്യാസ കോഴ, മൈക്രോ ഫൈനാൻസ് തട്ടിപ്പ്, ശാശ്വതീകാനന്ദയുടെ പ്രേതം അങ്ങിനെ ഒരു പാട് ചുഴികളിൽ പെട്ട് നട്ടം തിരിയുകയാണ് വെള്ളാപ്പിള്ളി & കന്പനി.
അതിലേറെ കഷ്ടമാണ് ബി.ജെ.പിയുടെ ഇന്നത്തെ അവസ്ഥ. ഹരിയാനയിലെ ബാല കൊല, വ്യാപകമായ ന്യൂനപക്ഷവേട്ട, ഗോ മക്കളുടെ അഴിഞ്ഞാട്ടം, കരി ഓയിൽ, കരിമഷി പ്രയോഗം, അവാർഡ് തിരസ്കരണം, ഇങ്ങിനെ അരിഭക്ഷണം കഴിക്കുന്ന മലയാളികളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നേതാക്കൾ വലയുന്പോഴാണ് വി.എസ്സിന്റെ ചമ്മട്ടി പ്രഹരം. ഇപ്പോൾ ബി.ജെ.പി ചാക്കിലാക്കി നോമിനേഷൻ കൊടുപ്പിച്ച ഈഴവർ ത്രിശങ്കു സ്വർഗ്ഗത്തിലാണ്. അതിനിടയ്ക്കാണ് വർഗ്ഗീയ വിഷം തുപ്പുന്ന ദേശീയ നേതാക്കൾക്ക് ഓശാന പാടുന്ന സോഷ്യൽ മീഡിയയിലെ കുറെ അണികളുടെ പോസ്റ്റുകളും കമൻ്റുകളും. സാധാരണക്കാരും മതസൗഹാർദ്ദം ആഗ്രഹിക്കുന്നവരുമായ ഭുരിപക്ഷം വരുന്ന ഹിന്ദു സഹോദരൻമാരാണ് മേൽ പറഞ്ഞ അവിവേകികൾക്ക് മറുപടി നൽകുന്നത്.
ഉത്തരേന്ത്യയിലെ പോലെ ചോരപ്പുഴ ഒഴുകുന്ന കേരളം സ്വപ്നം കാണുന്ന വർഗ്ഗീയ വാദികൾക്ക് ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത മണ്ണാണ് ഈ ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര കേരളമെന്ന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവർക്ക് ബോധ്യപ്പെടും. വി.എസ്സിന്റെ സമ്മേളനങ്ങൾ കണ്ട് സാക്ഷാൽ പിണറായി പോലും സ്തംഭിച്ച് നിൽക്കുകയാണ്. ഈ 92−ാം വയസ്സിലും ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന്, വി.എസ്സിന്റെ വാക്കുകൾക്ക് കാതോർക്കുന്ന ലക്ഷങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ്. ഒപ്പം കേരളത്തിൽ മതേതരത്വം ആഗ്രഹിക്കുന്ന വലിയ ഒരു വിഭാഗത്തിന്റെ മനസ്സിനെ മഥിക്കുന്ന ഒരു ചോദ്യം ഇതാണ്. കേരളത്തിലെ ഇടതു പക്ഷ രാഷ്ട്രിയത്തെ നയിക്കാൻ വി.എസ്സിന് ശേഷം ആര് ?