മൂടിവെച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തുവരിക തന്നെ ചെയ്യും
“ഹേ നീതിപീഠമേ ഞാനൊരു പട്ടാളക്കാരനാണ് എന്നെ കൊല്ലുന്നെങ്കിൽ എന്റെ നെഞ്ചിനു നേരെ വെടി വെച്ച് കൊല്ലുക. അതിനപ്പുറം എനിക്കൊരു ആഗ്രഹവുമില്ല”
ഐക്യ ഇറാഖിന്റെ ഉന്നമനം സ്വപ്നം കണ്ട സദ്ദാമെന്ന സദ്ദാം ഹുസൈൻ അബ്ദുൽ മാജിദ് അൽ−തിക്രീതിയുടെ വാക്കുകളാണിത്. 2006 ഡിസംബർ 30, കാട്ഹിമിയ ജയിലിൽ− പകൽ 4 മണി നേരത്ത് അവിടുത്തെ കൊലമരത്തിൽ സദ്ദാമെന്ന ഒറ്റയാൾ പോരാളിയുടെ കഴുത്തിൽ കൊലക്കയർ മുറുകി. എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട് ഇന്നലെ വരെ ഒപ്പം നിന്ന സുഹൃത്തിന്റെ ചതിയിൽ അകപ്പെട്ടുപോയ ആ ധീരന്റെ കണ്ണുകളിൽ അപ്പോഴും പേടിയുടെ ഇരുട്ടുണ്ടായിരുന്നില്ല.
അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് എന്ന ജോർജ് വാക്കർ ബുഷും, അദ്ദേഹത്തോടൊപ്പം നിന്ന് സദ്ദാമിനെ തൂക്കിലിടാൻ കയർ പിരിച്ച മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണീ ബ്ലയറും ഇന്നും ലോകത്തിന് മുൻപിൽ ധീരന്മാർ. എന്നാൽ ഇന്ന് ടോണീ ബ്ലയർ ലോകത്തോട് തന്റെ തെറ്റ് തുറന്ന് പറയുന്നു. “ഇറാഖ് യുദ്ധത്തിൽ സ്വീകരിച്ച പല തീരുമാനങ്ങളും തനിക്ക് പിഴച്ചു. 2003ൽ അമേരിക്കയോടൊപ്പം ചേർന്ന് ഇറാഖിൽ നടത്തിയ ആക്രമണത്തിൽ എനിക്ക് തെറ്റ് പറ്റി. സദ്ദാം ഹുസൈന്റെ പക്കൽ വിനാശകരമായ വൻ ആയുദ്ധ ശേഖരങ്ങൾ ഉണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് തെറ്റായിരുന്നു.”
ഇറാഖിന്റെ മോചനമെന്ന കെട്ടുകഥയുണ്ടാക്കി ആ മണ്ണിന്റെ കാവൽക്കാരനായ സദ്ദാമിന് നേരെ പടനയിച്ച ലോക പോലീസെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയുടെ കണ്ണുകൾ അവിടുത്തെ സന്പുഷ്ടമായ എണ്ണപ്പാടങ്ങളിലായിരുന്നു. 141 ഷിയാ വംശജരെ നിരത്തി നിർത്തി വെടിവെച്ച് കൊന്ന ക്രൂരന്റെ പരിവേഷം സദ്ദാമിനെ അണിയിച്ചൊരുക്കി അവർ ലോകത്തിന്റെ കണ്ണിൽ പൊടിയിട്ടു. ഒടുവിൽ 69ാം വയസ്സിൽ ആ ധീരനെ വളഞ്ഞു പിടിച്ച സൈന്യം ഒരു തെരുവ് നായയെ കെട്ടിവലിക്കും പോലെ അദ്ദേഹത്തെ വലിച്ചിഴച്ചു. ലോകമെന്പാടുമുള്ള മാധ്യമങ്ങൾ കൊട്ടി ഘോഷിച്ചു സദ്ദാമെന്ന തീവ്രവാദി പിടിയിലായി. ബ്ലെയറിനും ബുഷിനും അഭിവാദ്യം!
‘ആഗോള സുരക്ഷ’യെന്ന പൊറാട്ട് നാടകം കളിച്ച ബ്ലെയർ ഇന്ന് കുന്പസരിക്കുന്നു-ലോകത്തെ തോക്കിൻ കുഴലിൽ നിർത്തുന്ന ഐ.എസെന്ന തീവ്രവാദികളുടെ വളർച്ചയിൽ എനിക്കും പങ്കുണ്ട്. ഇറാഖ് അധിനിവേശവും സദ്ദാമിന്റെ മരണവുമാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ പിറവിക്ക് കാരണമായത്.
ഇന്നും ലോകത്തെ ഏറ്റവും ശക്തമായ പ്രസംഗങ്ങളിൽ ഒന്നാണ് സദ്ദാമെന്ന ആർക്കു മുന്പിലും മുട്ടുമടക്കാത്ത പോരാളിയുടെ വാക്കുകൾ. അമേരിക്കയുടെ ചൊൽപ്പടിയിൽ നിന്നുകൊണ്ട് “അ’നീതി നടപ്പാക്കിയ കോടതി മുറിക്കുള്ളിലെ കസേരയിൽ ഇരുന്നു കൊണ്ട് ജഡ്ജിനു നേരെ വിരൽ ചൂണ്ടിയ സദ്ദാം പറഞ്ഞു. ഞാനിന്നും ഇറാഖിന്റെ പ്രസിഡന്റാണ്, ഞാൻ സംസാരിക്കുന്നത് എനിക്ക് വേണ്ടിയല്ല, മറിച്ച് എന്റെ ഇറാഖിന് വേണ്ടിയാണെന്ന്.
ഒടുവിൽ കറുത്ത തുണിയാൽ മുഖം മറച്ച ആരാച്ചാരൻമാർക്കും അനീതിയുടെ കറുത്ത കോട്ടിട്ട ജഡ്ജിനും മുന്പിൽ മുഖം മറയ്ക്കാതെ കൈകൾ ബന്ധിക്കാൻ സമ്മതിക്കാതെ ഐക്യ ഇറാഖിന്റെ പ്രസിഡന്റ് ചരിത്രമായപ്പോൾ ആ ദൃശ്യങ്ങൾ ലൈവ് ആയി കണ്ടു കൊണ്ട് വൈറ്റ്ഹൗസിന്റെ ശീതികരണ മുറിയിൽ ആർത്ത് ചിരിച്ചവർ ഇന്ന് വിലപിക്കുന്നു-ഞങ്ങൾക്ക് പിഴച്ചു പോയി!
ആരാധ്യനായ രാഷ്‌ട്രീയ നേതാവിൽ നിന്നും കുറ്റവാളിയെന്ന നിലയിൽ വിചാരണ നേരിടുന്നതിന് തനിക്ക് മടിയില്ലെന്ന് പറഞ്ഞ ബ്ലെയർ ഇറാഖിൽ സദ്ദാം ഭരണം അട്ടിമറിച്ചതിനാലാണ് ഐ.എസ് വളർന്നതെന്ന് ആണയിടുന്നു. 2003ൽ സദ്ദാമിനെ പുറത്താക്കിയവർക്ക് 2015ൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിൽ ഉത്തരവാദിത്വമുണ്ടെന്നും കൂട്ടിച്ചേർത്ത ബ്ലെയർ എന്തുകൊണ്ടിത് നേരത്തെ മനസിലാക്കിയില്ല?
സദ്ദാം ഹുസൈനെന്ന പോരാളിയുടെ വില തിരിച്ചറിയാൻ ഐ.എസ് പോലൊരു തീവ്രവാദി സംഘം വളർന്നു വരേണ്ടി വന്നു! ഒന്ന് ഓർത്ത് നോക്കൂ, ആരാണ് ശരിക്കും ലോകത്തെ ഒറ്റു കൊടുത്തത്? ഒരു ജനതയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒരുങ്ങിയിറങ്ങിയ സദ്ദാം ഹുസൈൻ അബ്ദുൽ മാജിദ് അൽ−തിക്രീതിയോ അതോ അളവറ്റ സന്പത്തിൽ കണ്ണ് മഞ്ഞളിച്ച് ഇന്ന് ഈ ലോകത്തെ തന്നെ വിനാശത്തിന്റെ തോക്കിൻ മുനയിലെത്തിച്ച ബുഷും ബ്ലെയറുമോ???
വിസ്മരിക്കരുത്, സത്യത്തെ എത്രയൊക്കെ മൂടിവച്ചാലും അതൊരിക്കൽ മറ നീക്കി പുറത്തു വരും !
അഖിലേഷ് പരമേശ്വർ