തൂലികകളിൽ വർഗ്ഗീയതയുടെ മഷി പുരളരുത്
ഞാൻ ഫോർ പി.എമ്മിന്റെ ഒരു സ്ഥിരം വായനക്കാരനാണ്. വാർത്തകൾ ഇന്ന് കൈവിരൽ തുന്പിൽ ഞൊടിയിടയിൽ ലഭിക്കുന്നതിനാൽ പത്രത്തിലെ വാർത്തകളേക്കാൾ അതിലെ ലേഖനങ്ങളും മറ്റും കൂടുതൽ ശ്രദ്ധിക്കുന്ന ഒരാളെന്ന നിലയിൽ പറയട്ടെ പശുവിഷയം ഫോർ പി.എം വൈറലാക്കുന്നുണ്ടോ എന്നൊരു സംശയം. വിഷയം അത്ര നിസ്സാരമല്ല എന്നറിയാം. എന്നാലും ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലൂടെ ഒരു പ്രത്യേക വിഭാഗക്കാർ ഒറ്റപ്പെട്ട് പോകുന്നത് പോലെ.
ഇന്ത്യയിൽ ഭൂരിപക്ഷങ്ങളിലും ന്യൂനപക്ഷങ്ങളിലും, മതങ്ങളും ജാതിയും ഇല്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവർ കേവലം ശതമാനത്തിൽ കുറവ് മാത്രമേ കാണു. മിക്കവരും മനുഷ്യത്വം മുഖപടമാക്കിവെച്ച് ഉള്ളിൽ ജാതിയുടെ വെളുത്ത നിറത്തെ കരിവാരിത്തേക്കാൻ അനുവദിക്കാതെ കൊണ്ടു നടക്കുന്നവരാണ്. പത്രത്തിലെ ലേഖകരായ ഇ.പി അനിലും, എൻ.വി ബാലകൃഷ്ണനും ലേഖനങ്ങളിൽ അവരുടെ ആശയങ്ങൾ വ്യക്തമാക്കുന്നതിലൂടെ അവരിലെ കമ്മ്യൂണിസം കൂടി വെളിച്ചത്ത് കൊണ്ട് വരുന്നുണ്ട്. സത്യദേവിന്റെ ഭൂമിമലയാളത്തിലും മറ്റും മോഡിയോടുള്ള താൽപര്യത്തെ പ്രദിപാതിക്കുന്നതും അടിവരയിടട്ടെ.
ദാദ്രി കൊലപാതകം എന്തുദ്ദേശത്തിൽ ആര് ചെയ്തെന്നത് വിശകലനം ചെയ്യേണ്ട ഒന്നാണ്. കാരണം യു.പിയിൽ ഒരു പറ്റം ഹിന്ദുക്കൾ പശുവിറച്ചി കഴിച്ച ഒരു മുസ്ലീം വയോധികനെ നുരുപാധികം കൊന്നൊടുക്കി എന്നാണ് വാർത്തകൾ പ്രചരിച്ചത്. ആ കൊലപാതകത്തിന് രാജ്യം ഭരിക്കുന്ന ബി.ജെ.പി ഉത്തരം പറയണമെന്നമട്ടിൽ ആക്ഷേപങ്ങൾ ഉയരുന്നു. ഇതിവിടെ പറയാൻ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതികരണ കോളത്തിൽ ഹിന്ദുവും ബി.ജെ.പിയും മോഡിയും പ്രധാന വിഷയമായി കാണുന്നു എന്നുള്ളത് കൊണ്ടാണ്. ദാദ്രി കൊലപാതകത്തിന് പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെന്നതാണ് പ്രശ്നം.
ഇന്ത്യ എന്ന രാജ്യം കേവലം യു.പി എന്ന സംസ്ഥാനമല്ലെന്നും യു.പി ഭരിക്കുന്നത് ബി.ജെ.പിയല്ലെന്നും അവിടെ ബി.ജെ.പിയുടെ ശക്തി ക്ഷയിച്ച അവസ്ഥയാണെന്നും അറിയാത്തവരാണ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇത്തരത്തിലുള്ള പ്രചരണങ്ങളിലൂടെ വർഗ്ഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നത് എന്നത് തള്ളികളയേണ്ട വസ്തുതയല്ല.
ഒരു വാർത്തയുടെ അല്ലെങ്കിൽ ലേഖനത്തിന്റെ ഉദ്ദേശലക്ഷ്യം വായനക്കാരന് നല്ല സന്ദേശങ്ങളും കൂടുതൽ അറിവും നൽകുക എന്നതാണല്ലോ. പക്ഷെ ഇന്ന് പലതിലും കാണുന്നത് വൈകാരികമായി തന്റെ പ്രസ്ഥാനത്തിൽ ഉറച്ച് വിശ്വസിക്കുന്നവരുടെ രോദനങ്ങളാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ ആ പ്രസ്ഥാനങ്ങളുടെ ദയനീയ സ്ഥിതി ഇന്ന് വേദനാജനകമാണ്.
ലേഖകരോട് എനിക്ക് പറയാനുള്ളത് ഒരു പ്രസ്ഥാനത്തോടും ഭക്തിയില്ലാത്തവരാകുക എന്നതാണ്. ആനുകാലിക വിഷയങ്ങളിലെ കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കാൻ നിങ്ങളെ പോലുള്ള നല്ല എഴുത്തുകാരുടെ തൂലികകൾ ചലിക്കണം. പക്ഷെ ആ തൂലികകളിൽ വർഗ്ഗീയതയുടെ മഷി പുരളരുത്...
മനോജ്, ബഹ്റിൻ