കുനിയാൻ കഴിയാത്ത, കാഴ്ചക്ക് വൈകല്യമുള്ള ശക്തനായ സ്പീക്കർ... !!


സംസ്ഥാനത്തിന്റെ സ്പീക്കർ പദവി അലങ്കരിക്കുന്ന വിദ്വാൻ അടിമത്വത്തെ ഓർമ്മിപ്പിച്ച് തന്റെ ഡ്രൈവറെ കൊണ്ട് ചെരിപ്പ് അഴിപ്പിച്ചത് ഏറെ വിവാദമായിരിക്കുകയാണല്ലോ. എന്റെ ശ്രദ്ധയിൽപ്പെട്ട കാര്യം ഞാൻ പറയട്ടെ. പരാസഹായം ഒരു തെറ്റായ കാര്യമല്ല. മനുഷ്യന് സ്വന്തമായി കഴിയാത്ത കാര്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാം. സ്പീക്കർ രോഗശയ്യനായതുകൊണ്ടാണ് അദ്ദേഹം തന്റെ ഡ്രൈവറുടെ സഹായത്തോടെ കെട്ടുള്ള തന്റെ ചെരിപ്പ് അഴിപ്പിച്ചത്. ഏത് മനുഷ്യനും ചിലപ്പോ അത്തരത്തിലുള്ള സഹായങ്ങൾ ആവശ്യമായേക്കാം. സ്പീക്കർ രോഗബാധിതനാണെന്നും മറ്റും അദ്ദേഹം വെളിപ്പെടുത്തിയ സാഹചര്യത്തിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനും തരമില്ല.

പക്ഷെ എന്റെ സംശയം, ഇത്രയും രോഗങ്ങൾ ബാധിച്ച, അതായത് കണ്ണിന് കാഴ്ചവൈകല്യം, കുനിയാൻ കഴിയാത്ത ആരോഗ്യം, ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സ്പീക്കർ എങ്ങനെ ഈ പദവിക്ക് അർഹനാകും. രോഗശയ്യയിലാണെങ്കിൽ ചുറുചുറുക്കുള്ള മറ്റാരെയെങ്കിലും ഈ പണിയേൽപ്പിച്ച് വീട്ടിൽ ഇരുന്നൂടെ. അതോ ‘പൊൻമുട്ടയിടുന്ന താറാവിനെ’ കൊല്ലണ്ടാന്ന് കരുതി തള്ളികൊണ്ട് പോകുകയാണോ.

മിസ്റ്റർ ശക്തൻ, താങ്കൾക്ക് അസുഖം വന്നാൽ സഹായത്തിന് ആളെ തേടുന്നത് ഒരു തെറ്റല്ല. പക്ഷെ വയ്യെങ്കിൽ വീടിനുമ്മറത്ത് ഒരു ചാരുകസേര വാങ്ങിയിട്ട് അതിൽ മലർന്ന് കിടന്ന് അന്നന്നത്തെ പത്രങ്ങളും മറ്റും വായിച്ച് ഇരിക്കുക. അല്ലാതെ ആൾക്കാരെക്കൊണ്ട് പറയിക്കാൻ കോമാളി വേഷം കെട്ടിയാടണമെന്നില്ല. അല്ലാതെ തന്നെ ഇവിടെ ആവശ്യത്തിന് കെട്ടിയാടുന്ന വേഷങ്ങൾ കാണുന്നുണ്ട്.

ഇതൊക്കെ കാണുന്പോൾ ഓർമ്മവരുന്നത്, അന്തരിച്ച ഡോ എ.പി.ജെ അബ്ദുൾ കലാമിന്റെ പ്രവർത്തനത്തെ കുറിച്ചാണ്. കൊടുങ്ങല്ലൂരിൽ ഒരു ഇസ്ലാം പള്ളി സന്ദർശനത്തിനെത്തിയ കലാം സന്ദർശന സമയത്ത് പുറത്ത് അഴിച്ചിട്ട തന്റെ ഷൂ സന്ദർശന ശേഷം പുറത്തിറങ്ങിയപ്പോൾ കയ്യിൽ പിടിച്ചാണ് തന്റെ വാഹനത്തിൽ കയറിയത്. ജനത്തിരക്ക് മൂലം അദ്ദേഹത്തിന് ഷൂ ഇടാൻ കഴിഞ്ഞില്ല. കൂടെ ഉണ്ടായിരുന്നവർ ആവുന്നത്ര അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഷൂ വാങ്ങാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കൊടുത്തില്ല. തന്റെ പാദരക്ഷകൾ താൻ തന്നെ പിടിച്ചോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

സ്പീക്കർ ശക്തൻ കലാമിന്റെ പാത പിന്തുടരണം എന്നൊന്നും ഇവിടെ ആരും പറയുന്നില്ല. പക്ഷെ സ്വന്തം പേര് സൂചിപ്പിക്കുന്ന പോലെ ശക്തിയില്ലെങ്കിൽ... ഇനിയും പറയുന്നില്ല... നിർത്തുന്നു...

ധനേഷ് പത്മ

You might also like

Most Viewed