എവിടെയോ ഒരു ഭയമുള്ള പോലെ, ഇല്ലേ ?
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എവിടെയോ ആർക്കോ എന്തോ ഒരു ഭയം ഉള്ളിലുള്ളത് പോലെ. ഇനിയെങ്ങാനും ബി.ജെ.പി എവിടെയെങ്കിലും അക്കൗണ്ട് തുറക്കുമോ എന്ന് ഭയക്കുന്നവരോട് സഹതാപം മാത്രം. കേരളമെന്ന സന്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനത്ത് ഒരു ജാതിയുടെ പിൻബലമുള്ളവർ ഭരണത്തിൽ വന്നേക്കുമെന്നത് അവിശ്വസനീയമായ കാര്യമാണ്. പക്ഷെ ഇടത് പക്ഷത്തിന്റേയും വലുത പക്ഷത്തിന്റേയും കൊള്ളരുതായ്മകൾ കണ്ട് മടുത്ത ജനം കറക്കി കുത്തി താമര വിടർന്നാൽ ശരിക്കും പറഞ്ഞാൽ നാടുവിടേണ്ടി തന്നെ വരും കേട്ടോ... !!
ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ആധിപത്യമുള്ള ഇവർ, കഴിച്ച ഇറച്ചിയുടെ പേരിലും പുസ്തകപ്രകാശനത്തിന്റെ പേരിലുമൊക്കെ കാണിച്ചു കൂട്ടുന്നത് കണ്ടാൽ ഉള്ളു വിറക്കുകയാണ്. ഏയ് പക്ഷെ കേരളത്തിൽ അങ്ങനെ സംഭവിക്കോ? സാധ്യത തള്ളാനും തരമില്ല, അക്രമത്തിനും അനീതിക്കും എതിരെ പോരാടുന്ന സമരപാർട്ടിക്കാർ കൊടിക്ക് ചായം പോരാന്ന് തോന്നിയപ്പോൾ 51 വെട്ട് വെട്ടിയ ഒരു നേതാവ് പരലോകം പുൽകിയത് നമ്മുടെ നാട്ടിൽ ജീവിച്ചതുകൊണ്ടാണ്... അത്തരക്കാരുള്ള നാട്ടിൽ പിന്നെ ജാതിവിഷം ഉള്ളിലുള്ള നീർക്കോലികൾ തലപൊക്കില്ലെന്നതിൽ ഒരു ഗ്യാരണ്ടിയുമില്ല.
വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് ഇത്തവണ തദ്ദേശ സ്വയംഭരണ തിരഞ്‍ഞെടുപ്പിനൊരുങ്ങുകയാണല്ലോ ബി.ജെ.പി. പക്ഷെ നിർഭാഗ്യവശാൽ ചെസ് ബോർഡിൽ കുതിര വട്ടം ചാടിയപോലെ സ്വാമി ശാശ്വതീകാന്ദ സ്വാമിയുടെ മരണം കൊലപാതകമാക്കി വെള്ളാപ്പള്ളിക്കൊരു ‘പൊന്നാട’ ചാർത്തികൊടുത്തിരിക്കുകയാണ് ആരൊക്കെയോ... (കേസ് കഴിയുന്പോൾ ആടയെങ്കിലും ഉണ്ടായാ മതി). ഇടംവലം തിരിയാൻ കഴിയാതെ വെള്ളാപ്പള്ളി കേസ് സി.ബി.ഐ അന്വേഷിക്കട്ടെ എന്നും ആരോപണം തെളിഞ്ഞാൽ ഇല്ലാത്ത മുടിമൊട്ടയടിച്ച് കാശിക്ക് പോകുമെന്നുമൊക്കെ ഉൾഭയത്തോടെ പറയുന്നു... എന്തായാലും ഇങ്ങനെ കുറേ തിരഞ്ഞെടുപ്പുകൾ വരുന്നത് നല്ലതാ... തെളിയാത്ത കുറേ കേസുകളെങ്കിലും തെളിഞ്ഞു കിട്ടും... !!!
വിശ്വാസ്, തോപ്പുംപടി