പണികിട്ടികൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി
‘അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ടും പട്ടിക്ക് വീണ്ടും മുറുമുറുപ്പ്’ എന്ന ചൊല്ലു പോലെ കേരളത്തിലെ ജാതി മത സംഘടനാ നേതാക്കൾ അധികാരത്തിന്റെ അപ്പ കഷ്ണങ്ങൾക്ക് വേണ്ടി, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും എന്ന മുന്നറിയിപ്പുമായി ഇവിടുത്തെ സാമുദായിക പാർട്ടികളെ ഭയപ്പെടുത്താൻ തുടങ്ങിയിട്ട് നാളുകളായി... നന്പൂതിരി മുതൽ നായാടി വരെയുള്ളവരുടെ ഐക്യം ലക്ഷ്യമിട്ട, വെള്ളാപ്പള്ളി ഇപ്പോൾ പറയുന്നത് മതേതര സ്വഭാവമുള്ള പാർട്ടിയാണ് ലക്ഷ്യം എന്നതാണ്. നാഴികക്ക് നാൽപ്പതു വട്ടം വാക്ക് മാറിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളിക്ക് അതുകൊണ്ട് തന്നെ ‘പണി’ കിട്ടിക്കൊണ്ടിരിക്കുകയാണ്.
അഴിമതി ആരോപണങ്ങൾക്ക് പിറകെ, ശാശ്വതീകാനന്ദ സ്വാമികളുടെ ദുരൂഹ മരണവും വെള്ളാപ്പള്ളിയുടെ പ്രതിച്ഛായക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നു. ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന ഈഴവരുടെ സംഘടനാ ബലം കാട്ടി, മാറി മാറി വരുന്ന സർക്കാറുകളിൽ നിന്നും ആവശ്യത്തിലധികം നേടിയെടുത്തിട്ടും പാവപ്പെട്ട ഈഴവർക്ക് അതിന്റെ ഗുണഫലം കിട്ടിയിട്ടില്ല എന്നാണല്ലോ ഇപ്പോൾ ഉയർന്നു വരുന്ന ആരോപണത്തിന്റെ കാതൽ..? സ്വന്തം കുടുംബ താൽപര്യം മാത്രം മുൻ നിർത്തി, തികച്ചും, മതാതീതമായ മതേതരമായ ഈഴവ സമുദായത്തെ നെറ്റിയിൽ ചാന്ത് പൊട്ടും, കൈയ്യിൽ ബഹുവർണ്ണ ചരടുകളും കെട്ടി സംഘ് പരിവാർ ആലയിലേക്ക് നയിക്കാൻ വെള്ളാപ്പള്ളി തിടുക്കം കാട്ടിയതാണ് യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ഇത്രമേൽ ചൊടിപ്പിക്കാൻ കാരണം.
മതേതരത്വത്തിന്റെ മഹത്തായ പാരന്പര്യം അവകാശപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തിലേയ്ക്ക് നുണ പ്രചരണങ്ങളിലൂടെ ഉത്തരേന്ത്യൻ കലാപ രീതിയുമായി നടന്നടുക്കുന്ന ബി.ജെ.പിക്ക് സമുദായങ്ങൾക്ക് ഇടയിൽ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കാൻ കാന്തപുരം വിഭാഗം സുന്നിയും പരിശ്രമിച്ചിരുന്നു എന്ന കാര്യം പരസ്യമായ കാര്യമാണ്. അതുവഴി അവർ ഗുജറാത്തിലടക്കം പലതും നേടിയെടുക്കുകയും ചെയ്തു. ജനാധിപത്യത്തിൽ ഫാസിസത്തിനും ‘ഒരു മുറി’ ഒരുക്കുക വഴി ആദർശം ബലി കഴിച്ചും പദവികൾ നേടുക എന്ന ദുരാഗ്രഹത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ‘അരിവാൾ സുന്നി’ ‘താമര സുന്നി’ എന്നീ ലേബലുകൾ നിലനിൽക്കുക തന്നെ, പുതിയ സംഘടനയുമായി വീണ്ടും രംഗത്ത് വരാൻ അവരെ പ്രേരിപ്പിച്ചതും ഈ അധികാരക്കൊതി തന്നെ. മാത്രവുമല്ല, പോഷക സംഘടനയായ സുന്നി ‘യുവജന’സംഘത്തിലെ 60 വയസ് കഴിഞ്ഞവരെ പുനരധിവസിപ്പിക്കുകയെന്നതും, മുസ്ലീം ലീഗിലെയും ഔദ്യോഗിക വിഭാഗം സമസ്തയിലെയും എതിരാളികളെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരിക്കാം. എന്ത് തന്നെയായാലും ഒരു ജാതി മത സംഘടനക്കും ഒരു സ്ഥാനാർഥിയെപ്പോലും നേർക്കുനേർ തോൽപ്പിക്കാൻ ആവില്ല എന്ന കാര്യം കാലം തെളിയിച്ചതാണ്. അക്കാര്യം നന്നായി ബോധ്യമുള്ളതും ഇക്കൂട്ടർക്ക് തന്നെയാണ്.
ഷറഫുദീൻ, തൈവളപ്പിൽ