ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രവും കേരളത്തിലെ ബീഫ് ഫെസ്റ്റിവലും...
ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങൾ ഏത് വസ്ത്രം ധരിക്കണം എന്ത് ഭക്ഷിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവിടുത്തെ ജനങ്ങളാണ്. അത് പലപ്പോഴും അവരുടെ സംസ്കാരവും പാരന്പര്യവുമായും കാലാവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യക്കാരന്റ ഭക്ഷണമല്ല അറബിയുടേതും പാശ്ചാത്യന്റേതും ചൈനക്കാരന്റേതും. നിരവധി വൈജാത്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഭക്ഷണ പദാർത്ഥങ്ങളുടെ തിരഞ്ഞെടുപ്പ് മുതൽ അതിലെ ചേരുവകളും അവ പാകം ചെയ്യുന്ന രീതി വരെയും വ്യത്യാസപ്പെട്ടിരിക്കുന്നു.
ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗോ മാംസം നിരോധിച്ചിരിക്കുന്നു. പ്രസ്തുത നിയമം രാജ്യ വ്യാപകമാക്കാനുള്ള ഉദ്ദേശ്യത്തിലാണ് കേന്ദ്ര സർക്കാർ. ഗോമാംസം സൂക്ഷിച്ചുവെന്ന സംശയത്തിന്റെ ബലത്തിൽ, ഉത്തർപ്രദേശിലെ ദാദ്രിയിൽ രാജ്യം കാക്കുന്ന വ്യോമ സൈനികന്റെ പിതാവ് മുഹമ്മദ് അഖ്ലാഖ് എന്ന കർഷകൻ അതിക്രൂരമായി കൊല ചെയ്യപ്പെട്ടു. പ്രബുദ്ധ ജനത വസിക്കുന്നുവെന്ന് മേനി പറയുന്ന കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് സ്ഥാനപ്പേരുള്ള തൃശ്ശൂരിലെ കേരള വർമ്മ കോളജിൽ എസ്.എഫ്.ഐ വിദ്യാർത്ഥികൾ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചും കാന്പസിൽ ബീഫ് നിരോധിക്കാനുള്ള മാനേജ്മെൻ്റിൻ്റെ നീക്കത്തെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ കമൻ്റ് ഇട്ടതിന്, കേരള വർമ്മ കോളജിലെ മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ശ്രീമതി ദീപാ നിശാന്തിനെ അനുകൂലിച്ചും എതിർത്തും നിരവധി ആരോപണങ്ങൾ പല കോണിൽ നിന്നും ഉയർന്നു കഴിഞ്ഞു. രാജ്യം മുഴുവൻ വർഗ്ഗീയ വിഷം വമിക്കുന്ന ശശികല ടീച്ചറെ പോലുള്ളവർ ഇവിടെ യഥേഷ്ടം വാഴുന്നു... ഇങ്ങനെ രാജ്യം ഏറെ ഭീതിദമായ അന്തരീക്ഷത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇതിനെ ഫാസിസത്തിൻ്റെ കടന്ന് കയറ്റമായി സാമൂഹ്യ നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്ത്യയിൽ അറവ് ശാലകളിൽ ഉപയോഗിക്കുന്നത് കറവയുള്ള പശുക്കളെയോ എരുമകളെയോ അല്ല. പകരം കാളക്കുട്ടന്മാരേയും പോത്തുകളെയുമാണ്. മാട്ടിറച്ചി എന്ന പൊതുവിഭാഗത്തിൽ എരുമയും പോത്തും ഉൾപ്പെടുമെങ്കിലും ഗോക്കളിൽ അവ ഉൾപ്പെടുന്നില്ല.
ഇന്ത്യയിൽ ഗോ മാംസം കഴിക്കുന്നത് മുസ്ലിംകളും ക്രിസ്ത്യാനികളും മാത്രമല്ല, ബഹു ഭൂരിഭാഗം ഹിന്ദു മത വിശ്വാസികളും മത വിശാസം ഇല്ലാത്തവരും കഴിക്കുന്നുണ്ട്. ശ്രീരാമൻ ഒരു മാംസ ഭുക്കായിരുന്നുവെന്നത് ഇതിഹാസങ്ങളിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. ഗോമാംസം വിശുദ്ധ മാംസമാണെന്നും ഗോമാംസ സത്കാരം പുണ്യമാണെന്നും വേദങ്ങളിൽ നിന്നും ഗ്രഹിച്ചെടുക്കാം. ഗോക്കളെ ശ്രീകൃഷ്ണൻ മേച്ച് നടന്നതിനാലാണ് പശുവിന് ഇതിഹാസാനന്തര സനാതന ധർമ്മത്തിൽ പുണ്യ പദവി ലഭിക്കുന്നത്. ഇതിഹാസ പൂർവ്വ സനാതന ധർമ്മത്തിൽ പശുവിന് വിശുദ്ധ സ്ഥാനം ഉണ്ടായിരുന്നില്ല. ചതുർവേദങ്ങളിലോ അതിന് ശേഷം ആവിഷ്കൃതമായ ഉപനിഷത്തുക്കളിലോ പുരാണങ്ങളിലോ ഒന്നും തന്നെ പശുവിന് പുണ്യ സ്ഥാനം ഉണ്ടായിട്ടില്ല.
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചോ ക്രിസ്തു മത വിശ്വാസികളെ സംബന്ധിച്ചോ ഗോ മാംസം കഴിക്കണമെന്ന് വിശ്വാസപരമായി നിർബന്ധമുള്ള കാര്യവുമല്ല. കഴിക്കാൻ അനുവദനീയമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്ന് എന്ന് മാത്രം. ഇന്ത്യൻ മാർക്കറ്റിൽ താരതമ്യേന വില കുറഞ്ഞ മാംസമായത് കൊണ്ടും സ്വാദിഷ്ടമായതിനാലും അത് സാർവത്രികമായി ഉപയോഗിക്കുന്നു എന്ന് മാത്രം. അതിൽ പ്രധാനം പോത്തിറച്ചിക്കാണ്. അല്ലാതെ, അത് പുണ്യ മാംസമോ പുണ്യ ഭക്ഷണമോ അല്ല. കഴിച്ചില്ലെങ്കിൽ അവരുടെ വിശ്വാസത്തിനു യാതൊരു ഭംഗവും സംഭവിക്കുകയില്ല. കഴിച്ചാൽ യാതൊരു പുണ്യവും ലഭിക്കുകയുമില്ല. മാനിറച്ചിയും മുസ്ലീംങ്ങൾക്കും ക്രിസ്ത്യാനികൾക്കും അനുവദനീയമായ മാംസമാണ്. അത് അവർ വർജ്ജിച്ചത് പോലെ ഇതും അവർക്ക് വർജ്ജിക്കാവുന്നതേയുള്ളൂ. പന്നിയിറച്ചി മുസ്ലീംങ്ങൾക്ക് നിഷിദ്ധമാണ്. എന്നാൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും അത് ഭക്ഷിക്കുന്നു. ക്രിസ്തുമസ്സിനും മറ്റ് വിശേഷാവസരങ്ങളിലും ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കുന്ന മുസ്ലിംങ്ങൾക്ക് ക്രിസ്ത്യൻ സഹോദരങ്ങൾ പോർക്ക് വിളന്പാറില്ല. പകരം ബീഫോ മത്സ്യമോ കോഴിയിറച്ചിയോ നൽകി സത്കരിക്കും. മുസ്ലിം വീടുകളിൽ അതിഥിയായെത്തുന്ന ഹിന്ദു വിശ്വാസികളോട്, ആദ്യമേ ചോദിക്കും, ബീഫ് കഴിക്കുമോയെന്ന്. ഇല്ലായെന്നാണ് മറുപടിയെങ്കിൽ അവരുടെ മുന്പിൽ പോലും ബീഫ് കൊണ്ട് വെക്കാറില്ല. ഇങ്ങനെ നൂറ്റാണ്ടുകളായി പരസ്പരം അറിഞ്ഞും സഹകരിച്ചും മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു സമൂഹത്തിലേക്കാണ് ഭക്ഷണത്തിൻ്റെ പേരിൽ വിഭാഗീയതയും അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത്.
ഇങ്ങനെ സഹകരിച്ച് പോന്ന ഒരു സമൂഹത്തിൽ നിരോധനം ഒരിക്കലും അഭികാമ്യമല്ല. നിയമപരമായ വിലക്കുകൾക്ക് അതീതമായി, മറ്റ് വിശ്വാസങ്ങളോടുള്ള ധാർമ്മികമായ സഹകരണമാണ് ജനങ്ങൾ ഇത്രയും കാലവും നൽകി വന്നിരുന്നത്.
നൂറ്റാണ്ടുകളായി ഭൂരിഭാഗം ഇന്ത്യക്കാരും ആഹരിച്ചു പോന്ന ഭക്ഷണം അവർക്ക് നിഷേധിക്കുന്നത് അവരുടെ സ്വതന്ത്ര്യത്തിലേക്കും അവരുടെ സംസ്കാരത്തിലേക്കും പാരന്പര്യത്തിലേക്കുമുള്ള കടന്നു കയറ്റമാണ്. ഇതിനെയാണ് നാം എതിർക്കേണ്ടത്. ഇന്ത്യ വൈജാത്യങ്ങളിൽ ഏകത്വമുള്ള രാജ്യമാണ്. വ്യത്യസ്തമായ ഭാഷ, വ്യത്യസ്തമായ വസ്ത്ര ധാരണം, വ്യത്യസ്തമായ ഭക്ഷണം, വിവിധ മത വിശ്വാസികൾ, വിവിധ സാംസ്കാരിക പാരന്പര്യമുള്ളവർ എല്ലാം ഉള്ള ഈ രാജ്യത്ത് ഏകത്വം എന്നത് ഭാരതീയത എന്ന ഒറ്റ ഘടകമാണ്. നിരവധി വൈജാത്യങ്ങളെ ഒരേ ഒരു ഏകത്വം കൊണ്ട് യോജിപ്പിച്ച് കൊണ്ട് പോകുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇത്തരം വൈജാത്യങ്ങളെ അംഗീകരിക്കാത്തിടത്തോളം കാലം ഇന്ത്യ എന്ന സങ്കൽപ്പത്തിന് യാതൊരു പ്രസക്തിയുമില്ല.
ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലുള്ള ചില സംസ്ഥാനങ്ങളിലുള്ളവർ നായയേയും പാന്പിനെയും ആഹരിക്കുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ ആ സംസ്കാരം പിൻ പറ്റുന്നവരാണ്. അവരുടെ ഭക്ഷണ രീതിയെ അറപ്പുളവാക്കുന്നതായി ചിത്രീകരിക്കാനോ അതിനെ നിരോധിക്കാനോ പാടില്ല. അങ്ങനെ ചെയ്യുന്ന പക്ഷം അത് അവകാശ നിഷേധമാണ്.
ഗോക്കളുടെ മേൽ ചാർത്തപ്പെട്ട മാതാവ് എന്ന വിശേഷണത്തെ ആരും നിഷേധിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നില്ല. അത്തരം വിശ്വാസത്തെ അവഹേളിച്ചു കൊണ്ടോ നിഷേധിച്ചു കൊണ്ടോ അല്ല ഗോ വധം നടത്തുന്നത്. അങ്ങനെ ചെയ്യുന്പോൾ മാത്രമേ അത് വിശ്വാസത്തെ ഹനിക്കുന്നുള്ളൂ. പകരം അത് കാലങ്ങളായി മനുഷ്യർ ഭക്ഷിക്കുന്നതിനാലാണ്, അതിനു വേണ്ടിയാണ് ഗോ വധം നടത്തുന്നത്.
പ്രസക്തമായ മറ്റൊരു വിഷയം, മത്സ്യം
മഹാവിഷ്ണുവിന്റെ അവതാരമാണ്. മഹാവിഷ്ണു ത്രി മൂർത്തികളിൽ പെട്ട ദൈവമാണ്. പ്രപഞ്ചം മുഴുവൻ നിലനിർത്തി പരിപാലിക്കുന്ന ദൈവത്തിൻ്റെ അവതാരമായ മത്സ്യത്തെ എങ്ങനെ ഭക്ഷിക്കും.
അപ്പോൾ മത്സ്യാഹാരവും നിരോധിക്കേണ്ടിയിരിക്കുന്നു. വിശ്വാസത്തിന്റെ ഭാഗമാണെങ്കിൽ അഗ്നി ദേവനാണ്. ഒരിടത്ത് അഗ്നി ബാധയുണ്ടായാൽ അത് ദേവൻ്റെ താണ്ധവ നൃത്തമായി കരുതി അതിനെ ആരാധിച്ചു കൊള്ളണം. അല്ലാതെ ആ അഗ്നിയെ കെടുത്താൻ ശ്രമിക്കരുത്. അഗ്നി ആഹരിക്കുന്നതെല്ലാം, മനുഷ്യനും മൃഗങ്ങളും ഉൾപ്പെടെ എന്തും, അത് ദേവ പ്രിയമായി കരുതി അതിനു അനുവദിച്ചു കൊടുക്കണം. അല്ലാതെ അവരെ രക്ഷിച്ച്, അവർക്കുള്ള മോക്ഷം തടയരുത്... ഭാരതീയ പുരാണങ്ങളിൽ നാഗങ്ങളെയും ആരാധിക്കുന്നുണ്ട്. നാഗ ക്ഷേത്രങ്ങൾ പോലും കേരളത്തിൽ ഉൾപ്പെടെ പലയിടത്തും ഉണ്ട്. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിയിലെ നാഗക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ഈ ലേഖകൻ അവിടെ സന്ദർശിച്ചിട്ടുമുണ്ട്. പാന്പിനെ മുന്പിൽ കണ്ടാൽ തല്ലിക്കൊല്ലാനൊ, വടക്ക് കിഴക്കൻ മേഖലയിലുള്ളവർ അത് ഭക്ഷിക്കാനൊ പാടില്ല. കാരണം അതും ഒരു ആരാധനാ മൂർത്തിയാണ്. മഹാ പ്രസ്ഥാനത്തിൽ ഉടലോടെ സ്വർഗ്ഗത്തിൽ പോയ ജീവിയാണ് നായ എന്ന കാര്യവും നാം മറന്നുകൂടാ. ഇവയൊക്കെ നിരോധിക്കുകയാണെങ്കിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു.
പ്രപഞ്ചത്തിലെ മിക്ക ഭൂതങ്ങളിലും ദേവത്വം കണ്ടെത്തുന്ന ഒരു പൈതൃകമാണ് നമ്മുടേതെന്നത് നഗ്ന യാഥാർത്യമാണ്. ആധുനിക മനുഷ്യൻ്റെ ദൈനം ദിന ജീവിതത്തിലും പുരോഗമനങ്ങളിലും ഇത്തരം വിശ്വാസങ്ങൾ വിഘ്നങ്ങളുണ്ടായിക്കൂടാ.
അനുദിനം ആധുനികമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ലോക ക്രമത്തിൽ, രാജ്യത്തെ പിറകോട്ട് നയിക്കാതെ പകരം മുന്നോട്ടോക്കാണ് സർക്കാർ നയിക്കേണ്ടത്. വികസനം എന്നത് ഭൗതികമായും, സാന്പത്തികമായും മാത്രം പോര, അത് സാംസ്കാരികവും സാമൂഹ്യപരവും കൂടിയായിരിക്കണം. അതിനു വേണ്ടിയാണ് ഗവൺമെന്റ് യത്നിക്കേണ്ടത്.
ഇത്തരം അവകാശ നിഷേധങ്ങൾക്കെതിരെയാണ് കേരളത്തിൽ ഇടത് പക്ഷം ബീഫ് ഫെസ്റ്റിവൽ സമരം നടത്തുന്നത്. 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധി നയിച്ച ഉപ്പു സത്യാഗ്രഹത്തിന് തുല്യമാണിത്. കാരണം ഉപ്പിന് നികുതി ഏർപ്പെടുത്തിയപ്പോൾ അത് ബ്രിട്ടീഷുകാർ ഇന്ത്യക്കാരോട് ചെയ്ത അവകാശ നിഷേധമായിരുന്നു. ആ അവകാശ നിഷേധത്തിനെതിരെയായിരുന്നു ഗാന്ധിജി ഉപ്പു സത്യാഗ്രഹം നടത്തിയതെങ്കിൽ, ഈ കാലഘട്ടത്തിൽ ഇവർ നടത്തുന്നതും മറ്റൊരു അവകാശ നിഷേധത്തിനെതിരെയുള്ള സമരമാണ്. ഭക്ഷണ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശ സമരം.
വെള്ളിയോടൻ