ആളെ കൊല്ലുന്ന മുറിവൈദ്യന്മാർ
കഴിഞ്ഞ ദിവസം 4പി.എം ന്യൂസിൽ പ്രസിദ്ധീകരിച്ച “ആർഷ ഭാരത പ്രഭൃതികളുടെ അറിവിലേക്കായി” എന്ന പ്രതികരണം വായിച്ചു. ഇതിൽ സ്‌ത്രീകൾ ‘പാപയോനി’കളാണെന്ന് ഭഗവദ് ഗീതയിൽ പ്രസ്താവിച്ചിരിക്കുന്നു എന്ന് ശ്രീ കെ.വി പ്രകാശ് ഡി.സി ബുക്സിന്റെ സഹായത്തോടെ സമർത്ഥിക്കാൻ വിഫലശ്രമം നടത്തിയിരിക്കുന്നു. ഭഗവദ് ഗീതയിലെ ആ വരികൾ ഇതാണ്,
“മാംഹി പാർത്ഥ വ്യപാശ്രിത്യ
യേ പി സ്യൂഃ പാപയോനയഃ
സ്‌ത്രീയോ വൈശ്യാസ്തഥാ ശുദ്രാ
സ്തേ പി യാന്തി പരാം ഗതി
(അദ്ധ്യായം 9:32)
“അല്ലയോ അർജ്ജുന, എന്നെ ആശ്രയിക്കുന്നവർ അധമ കുലത്തിൽ പിറന്നവരോ, സ്‌ത്രീകളോ, കച്ചവടക്കാരോ, ശൂദ്രരോ ആരായിരുന്നാലും ശരി പരമ പദം പ്രാപിക്കും”. ഇതാണ് മുകളിൽ പറഞ്ഞ ഗീതാ ശ്ലോകത്തിന്റെ അർത്ഥം. (എ.സി ഭക്ത വേദാന്ത സ്വാമികളുടെ ഗീതാർത്ഥ വ്യാഖ്യാനത്തിന് മലയാളത്തിന്റെ മഹാകവയത്രി ബാലാമണിയമ്മയുടെ പരിഭാഷ പേജ് 518). ഇനി ബാലാമണിയമ്മയുടെയോ ഡി.സി ബുക്സിന്റെയോ പരിഭാഷ മാറ്റി നിർത്തിയാലും “പാപയോനി” എന്നാൽ അധമ കുലത്തിൽ (ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് കുലം ഉണ്ടാവുന്നത്.) ജനിച്ചവൻ എന്നാണെന്നറിയാനുള്ള സംസ്കൃത ഭാഷാ പരിജ്ഞാനമെങ്കിലും ഈ എഴുത്തുകാർക്ക് ഉണ്ടാവേണ്ടിയിരുന്നു. “പാപയോനി” എന്ന വാക്ക് ഭഗവദ് ഗീതയിൽ കാണുന്പോഴേക്കും അത് സ്‌ത്രീകളെക്കുറിച്ച് മോശമാക്കി ചിത്രീകരിച്ചതാണെന്ന് പറഞ്ഞ് ധർമ്മഗ്രന്ഥത്തെ അടച്ചാക്ഷേപിക്കുന്നവരോട് എന്ത് പറയാൻ!
ഇത്തരം എഴുത്തകാരാരും തന്നെ സംസ്കൃത ഭാഷാ പരിജ്ഞാനികളല്ല എന്ന് കരുതാൻ നിർവ്വാഹമില്ല. പക്ഷേ ഭാരതീയ ധർമ്മഗ്രന്ഥങ്ങളെ വ്യാഖ്യാനം ചെയ്യുന്പോൾ വസ്തുതകൾ മറച്ചു വെക്കാനുള്ള ഒരു പരവേശം കാണുന്നുണ്ട്.
ഇനി സന്യാസി മഠങ്ങളുടെ കാര്യം. എല്ലാ സന്യാസി മഠങ്ങളും സന്യാസിമാരും സത്യപാതയിൽ ജീവിക്കുന്നവരും സന്മാർഗ്ഗികൾ ആണെന്നും പറയുക സാധ്യമല്ല. തോക്കുമായി ആളെ കൊല്ലാൻ നടന്ന ഹിമവൽ ഭദ്രാനന്ദനും സന്തോഷ് മാധവനും ഹിന്ദു സന്യാസി വേഷം കെട്ടിയ നാടാണ് നമ്മുടേത്. പക്ഷേ ഇത്തരം കള്ള നാണയങ്ങളെ ഉദാഹരിച്ച് എല്ലാ സന്യാസിമാരും മഠങ്ങളും ശരിയല്ല എന്നു പറയാൻ കഴിയുമോ?
സംസ്കൃത ശ്ലോകങ്ങളുടെ ദുർവ്യാഖ്യാനത്തിന്റെ അവസാന ഉദാഹരണമാണ് ശ്രീ.കെ.വി പ്രകാശ് തന്റെ പ്രതികരണത്തിന്റെ അവസാന ഭാഗം പരിഹാസ രൂപേണ എഴുതിയ ഈ ശ്ലോകങ്ങൾ,
“സ്വസ്തി പ്രജാഭ്യഃപരിപാലയന്താം
ന്യായേണ മാർഗ്ഗേണ മഹീം മഹേശ
ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃസമസ്താഃസുഖിനോ ഭവന്തു”
“പ്രജകൾക്ക് സുഖവും ശാന്തിയും നൽകി ന്യായമാർഗ്ഗത്തിലൂടെ മാത്രം രാജ്യം ഭരിക്കുന്നവർക്കും പശുവിനും ബ്രാഹ്മണർക്കും ശുഭം ഭവിക്കട്ടെ. മാത്രമല്ല ഈ ലോകത്തിനു മുഴുവൻ സുഖമുണ്ടാവട്ടെ” എന്നാണ് ഈ വരികളുടെ സാമാന്യ അർത്ഥം. ഇതിൽ പശു, ബ്രാഹ്മണൻ എന്ന രണ്ട് വാക്കുകൾ കെ.വി പ്രകാശിനെ ചൊടിപ്പിച്ചു. പശു സമൃദ്ധിയുടെ പ്രതീകമാണെന്നും ബ്രാഹ്മണൻ എന്ന വാക്കിന്റെ അർത്ഥം ബ്രഹ്മത്തെ അറിയുന്നവൻ (ഈശ്വരനെ അറിയുന്നവൻ) എന്നാണെന്നും ഇന്നത്തെ ബ്രാഹ്മണ ജാതിയല്ലെന്നും അറിയാനുള്ള സാമാന്യ വിവേകം അദ്ദേഹം ഉപയോഗിക്കണമായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഭഗവദ്ഗീത മഹാത്മാഗാന്ധി, ബാലഗംഗാധര തിലകൻ, ആൽബർട്ട് ഐൻസ്റ്റീൻ, മിഖായേൽ ഗോർബച്ചേവ് തുടങ്ങിയവരുടെ ആദർശഗ്രന്ഥമായിരുന്നു. മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ കൂടെ എപ്പോഴും കൊണ്ട് നടക്കുന്ന ഒരേ ഒരു ഗ്രന്ഥം ഭഗവദ്ഗീതയായിരുന്നു. സ്‌ത്രീ പാപയോനിയാണെന്ന കണ്ടുപിടുത്തം മഹാത്മാവ് അറിഞ്ഞു കാണില്ല. “ഗീതാരഹസ്യം” എന്ന മഹത്ഗ്രന്ഥമെഴുതിയ തിലകനും ഇത് ശ്രദ്ധിച്ചു കാണില്ല.
അവസാനമായി ഒരപേക്ഷ കൂടിയുണ്ട്. ഭാരതീയമായ ധർമ്മഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനമെഴുന്നതിന് മുന്പ് സംസ്കൃത ഭാഷയുടെ അടിസ്ഥാനമായ അർത്ഥ വ്യാഖ്യാന ഗ്രന്ഥം “അമരകോശം” ഒന്ന് മറിച്ചു നോക്കണം. ഇല്ലെങ്കിൽ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ............... എന്ന് വീണ്ടും പറയേണ്ടി വരും..
ശിവപ്രസാദ്