ആർ‍ഷ ഭാരതപ്രഭൃതികളുടെ അറിവിലേക്കായി...


കഴിഞ്ഞ ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച ഇ.പി അനിലിന്‍റെ ലേഖനം ഏതെങ്കിലും ഒരു മതത്തിനെതിരായി മാത്രം വായിച്ചവർ മതത്തെ ലഹരിയായി കൊണ്ടുനടക്കുന്നവരാണ്. എല്ലാ മതങ്ങളും ഭരണകൂടത്തിന്‍റെ തണലിൽ വിരാജിച്ചിരുന്നതുപോലെ മതങ്ങൾ സ്ത്രീ സമൂഹത്തെ പുരുഷനുതുല്യം കണ്ടിരുന്നില്ല എന്നതിന് ചരിത്രത്തിൽ ഉദാഹരണങ്ങൾ നിരവധിയുണ്ട്. എന്നാൽ ലേഖനത്തിൽ ലേഖകൻ അക്കമിട്ടു പറഞ്ഞ ചാതുർ വർ‍ണ്യത്തിന്‍റെ മേൽ‍വിലാസത്തിൽ നാട്ടിൽ നടന്നു വന്നിരുന്ന കാടത്തത്തെപറ്റി മൗനിയായിരിക്കുകയും നാരായണ സ്വാമിയെയും ഗീതയെയും പറ്റിമാത്രം പ്രധാനമായി പ്രതിരോധിക്കുവാൻ‍ ശ്രമിക്കുന്നുമുണ്ട് ഹൈന്ദവതയുടെ കാവലാളുകൾ. ചാവേർ പണി അത്ര മോശമായ പണിയല്ല ഇപ്പോൾ പുരസ്കാരസാധ്യതകൾ ഏറെയുണ്ട്.

മനു വെറും സ്മൃതിയാണ് (എന്നു പറയുകയേ നിവർ‍ത്തിയുള്ളൂ അത്രമാത്രം മാനവിക വിരുദ്ധമായാണ് അതിൽ കാര്യങ്ങൾ കുത്തി നിറച്ചിരിക്കുന്നത്). എങ്കിലും ശിവപ്രസാദ്‌ അതിലെ ഒരു വരി ഉദ്ധരിച്ചു കൊണ്ട് സാധനം അത്ര മോശമൊന്നുമല്ല എന്നു പറയാതിരിക്കുന്നില്ല. (ഹിറ്റ്ലറും മുസോളിനിയും ഞങ്ങൾ‍ക്ക് മാതൃകയാണെന്ന് പറഞ്ഞ ഗോൾ‍വാൾ‍ക്കറുടെയും ആർ‍.എസ്.എസ്സിനേയും പേറിയ ആളുകൾ ഉള്ള നാടാണിത്. ഇന്നവരുടെ എണ്ണം ഇത്തിരി കൂടിയിട്ടുണ്ട്).

എല്ലാ ആധുനിക സ്വാമിജിമാരും ആതുര സേവനം മുഖ്യ പണിയായി കൊണ്ടു നടക്കുന്നവരാണ്. നീതിയും മനവികതയും കാത്തു സൂക്ഷിക്കുന്ന സന്യാസിമാർ ആരും സേവനത്തെ പരസ്യ വാചകമായി കൊണ്ടു നടന്ന് രാഷ്ട്രീയക്കാരെ പോലും പിന്നിലാക്കി ആരെയും ലജ്ജിപ്പിക്കുന്ന പണി ചെയ്തിട്ടില്ല. സന്യാസിയുടെ ധർമ്മം സേവന ലോകം തീർക്കലല്ല. കക്കൂസ്സ് പണിയാൻ‍ 100 കോടി കൊടുത്ത ദേവത തന്‍റെ നാമധേയത്തിലുള്ള ആശുപത്രിയിലെ പണിയെടുക്കുന്നവർ‍ക്ക് മിനിമം വേജസ് കൊടുത്തിട്ടു മതിയായിരുന്നു മോഡി ഭക്തിക്കായി 100 കോടി പ്രയോഗം. ഒട്ടു മിക്ക മതസ്ഥാപനങ്ങളും ക്രിമിനലുകളെവരെ ലജ്ജിപ്പിക്കുന്ന പിടിച്ചു പറി കേന്ദ്രങ്ങൾ തന്നെ. 

അക്ഷർ‍ധാം സന്യാസിമാരുടെ കച്ചവട താൽ‍പ്പര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ അവരുടെ സ്ഥാപനങ്ങളിൽ‍ പോകുക. ആശ്രമ സ്ഥാപകൻ‍ മുന്നോട്ടുവെച്ചിട്ടുള്ള തന്റെ തത്വ ശാസ്ത്രത്തിലെ ഒരു ഭാഗം വയിക്കുന്പോൾ‍ തന്നെ ഇവരുടെ തനി സ്വഭാവം ബോധ്യപ്പെടും. നയതന്ത്രത്തെപറ്റി വിശദമാക്കുന്ന പുസ്തകത്തിലെ അദ്ധ്യായത്തിൽ പറയുന്നു “അധികാരിയെയും ആയുധം അണിഞ്ഞവനെയും ആദരിക്കുക” എന്ന്. സ്വാമി സംഘത്തിന്‍റെ രാഷ്ട്രീയം ബോദ്ധ്യപ്പെടുവാൻ‍ ഇനി എന്തെങ്കിലും വേണമോ? ഇതുകൊണ്ടാണ് വർഗ്ഗീയകലാപത്തിൽ‍ ഗുജറാത്ത്‌ കത്തിയമർ‍ന്നപ്പോൾ‍ സ്വാമിമാർ‍ അധികാരിയായിരുന്ന മോഡിക്കൊപ്പം നില ഉറപ്പിച്ചത്. തോക്കും തൃശൂലവുമുള്ളവൻ(മോഡി) തന്നെ ആരാധ്യൻ എന്ന് സ്വാമി 19ാം നൂറ്റാണ്ടിൽ തന്നെ എഴുതി വെച്ചിട്ടുണ്ട്. കറന്റ് ബുക്സിനെ മാത്രം പഴിചാരി വിഷയത്തിൽ നിന്ന് മാറി നിൽക്കുന്നത് യുക്തിരഹിതമാണ്. പുരോഗമന ശീലം ആഗോള വൽ‍ക്കരണകാലത്ത് തൽ‍ക്കാലം മാറ്റി വെയ്ക്കാം എന്ന് കറന്റ് അവരുടെ പാരന്പര്യത്തെ മറന്നു ചെയ്തതിന്‍റെ പിശക് തിരുത്തും എന്നു കരുതാം. ഇല്ലെങ്കിൽ മുണ്ടശ്ശേരി മാഷിന്റെ സ്മരണകളെ അത് വേദനിപ്പിക്കും. ഇനി വെല്ലുവിളിയിൽ‍പ്പെട്ടതിലെ ഒന്നാമത്തേത്.... ഗീതയിൽ‍ പാപയോനിയെപ്പറ്റി പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ‍ കാണിക്കാമോ എന്നാണ്.?? അതേ വായിക്കുക. 9ാം അദ്ധ്യായം 32ാം വ്യാഖ്യം... (രാജവിദ്യാരാജഗുഹ്യ യോഗം)

സ്ത്രീകൾ‍, വൈശ്യർ‍, ശൂദ്രർ‍, അപ്രകാരം പാപയോനികളായ ആരെല്ലാം ഉണ്ടാകുമോ അവരും എന്നെ ആശ്രയിച്ചാൽ‍..... ശിവപ്രസാദിന് ഈ ഭാഗം മനസ്സിലായില്ല എങ്കിൽ‍ ഭഗവത് ഗീതാസ്വാദ്യായം ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ഗീതയുടെ (സംസ്കൃതത്തിലും വിവരണമുണ്ട്) 702ാം പേജു വായിക്കുക.

ഗംഗാ നദി സ്ത്രീ ദേവതയല്ലേ തുടങ്ങിയ വാദം... ലോകത്ത് സ്ത്രീയെ പ്രാർത്ഥനാ രൂപമാക്കുന്ന നിരവധി ഇടങ്ങളുണ്ട്. ബഹ്റിനിലെ മൺമറഞ്ഞ ബർബറാ ക്ഷേത്രത്തിൽ ജലദേവതയെ ആരാധിച്ചിരുന്നു. പ്രേരണയുടെ അതിഥിയായി രണ്ടു വർ‍ഷം മുന്പ് എത്തിയ മെക്സിക്കൻ‍ കലാകാരി അവതരിപ്പിച്ച നാടകത്തിൽ‍ പ്രധാന കഥാപാത്രം ജലമാതയാണ്. സ്ത്രീകളെ സതിക്കും സംബന്ധത്തിനും ദേവദാസി പണിക്കും ഉപയോഗപ്പെടുത്തിയ മതത്തിൽ‍ ഞങ്ങൾ‍ക്ക് സ്ത്രീദൈവം ഉണ്ടെന്നു പറയുന്നത് ബി.ജെ.പിയിൽ‍ അൽ‍ഫോൺ‍സ് കണ്ണന്താനം ഉണ്ടെന്നു പറയുന്ന പോലെ ബാലിശമാണ്!! മദ്ധ്യപ്രദേശിൽ പാഠപുസ്തകത്തിലെ പുതിയ അദ്ധ്യായം പറയുന്നത് തൊഴിലില്ലായ്മക്കു കാരണം സ്ത്രീകൾ‍ പുറത്തു പണി എടുക്കന്നതിലാനാണെന്ന്. ബി.ജെ.പിയും ആർ‍.എസ്.എസ് പരിവാരങ്ങളും നിയന്ത്രിക്കുന്ന അവിടുത്തെ വിദ്യാഭ്യാസ മേഖല സ്ത്രീ പുറം പണി ചെയ്യരുത് എന്ന വാദത്തെ ഇങ്ങനെ ശരിവെച്ചതിൽ നിന്നും സ്ത്രീ വിഷയത്തിൽ‍ ഐ.എസ്-താലിബാൻ‍ നിലപാടുതന്നെ ആർ‍.എസ്.എസ് സംഘങ്ങളും വെച്ചുപുലർ‍ത്തുന്നു എന്ന് തെളിയിക്കുന്നു.

പശുവിനേയും ബ്രാഹ്മണനേയും പൂജിക്കൂ ലോകാ സമസ്താ സുഖിനോ ഭവന്തു. 

ഇതാണ് ആ ശ്ലോകം:

‘’സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം

ന്യായേണ മാർഗ്ഗേണ മഹീ മഹേശഃ

ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം

ലോകാഃ സമസ്താ സുഖിനോ ഭവന്തു!!’’

 

കെ.വി പ്രകാശ്

You might also like

Most Viewed