ഇന്ത്യയിലെ പട്ടിണിയും ഫേസ്ബുക്ക് പ്രൊഫൈൽ പിച്ചറും !!!
ഈയിടെ സോഷ്യൽ മീഡിയയിൽ ഉണ്ടായ വലിയൊരു സംഭവമാണല്ലോ മോഡി സുക്കർബർഗിന്റെ അടുത്ത് ചെന്നതും ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി പ്രകാരം ഇന്ത്യൻ പതാകയുടെ വർണ്ണങ്ങൾക്കിടയിൽ മുഖം വെച്ച് ഫേസ്ബുക്കിൽ പടങ്ങൾ പ്രൊഫൈൽ ആക്കാം എന്നതും. ഇന്ത്യയുടെ വളർച്ചക്ക് സ്വദേശികൾ എന്ന നിലയിൽ, അതിനാക്കം കൂട്ടാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി തയ്യാറാകുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കണം. പാപക്കറ ത്യാഗങ്ങൾ മായ്ച്ചുകളയും എന്നാണ് പറയപ്പെടുന്നത്. മോഡി അക്രമ രാഷ്ട്രീയത്തിനും കലാപങ്ങൾക്കും മുൻനിരയിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ഇന്ന് ഒരു രാജ്യത്തിന്റെ തലവനാണ്. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലെ ഒരു പൊതുസ്ഥലത്ത് വെച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കോലം കെട്ടിയുണ്ടാക്കി അതിന് അദ്ദേഹത്തിന്റെ മുഖംമൂടി ചാർത്തി ആ മുഖത്ത് ചെരുപ്പുകൊണ്ട് അടിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ കണ്ടു. ഒന്നു പറയട്ടെ ഇതൊക്കെ നമ്മുടെ ഈ ഇന്ത്യയെന്നെ ‘ജനാധിപത്യ’ രാജ്യത്തേ നടക്കൂ. അതിനുള്ള സ്വാതന്ത്ര്യമാണ് ആരൊക്കെയോ നേടിത്തന്നത്. അവരും വിമർശനങ്ങൾക്ക് അതീതരായിരുന്നു എന്നത് മറക്കപ്പെട്ട ചരിത്രം. രാജ്യത്തിന്റെ പട്ടിണിയിലും, ദാരിദ്ര്യത്തിലും പരിഹാ രം കാണാതെ പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുകയും ഇന്ത്യയെ ഡിജിറ്റലാക്കാൻ നടക്കുകയാണെന്നുമൊക്കെയാണ് ‘സോഷ്യലായി’ പറയപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുറേ കുഞ്ഞുങ്ങൾ കാലിയായ ചോറ്റു പാത്രം പിടിച്ചിരിക്കുന്ന പടങ്ങളിട്ട് രാജ്യം അതീവ പട്ടിണിയാലണെന്ന് കാണിച്ച് ‘പട്ടിണിക്കെതിരെ പോരാടുന്നവർ’ സോഷ്യൽ മീഡിയയിലൂടെ മുറവിളികൂട്ടുന്നത്കണ്ടു. ഇവർ ഇത്തരത്തിൽ പറയുന്നതും ഈ സായിപ്പൻമാർ കണ്ടെത്തിയ സോഷ്യൽ മീഡിയ (പ്രധാനമായുംഫേസ്ബുക്ക്) വഴിയാണെന്നത് ഓർക്കണം. അവിടെ അവർ സായിപ്പിനെ കണ്ട് കവാത്ത് മറക്കുന്നു. മോഡി സായിപ്പൻമാരുമായി ചേർന്ന് എന്തൊക്കൊയോ ചെയ്യുന്നുണ്ടെന്നും രാജ്യം പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുകയുമാണെന്നും പാപ്പരാസികൾ പറഞ്ഞു നടക്കുന്നു. നരേന്ദ്ര മോഡി ഭരണത്തിൽ കയറിയിട്ട് കേവലം 16 മാസക്കാലമേ ആയിട്ടുള്ളു എന്നതിൽ തർക്കിമില്ല. ഇന്ത്യ ഉണ്ടായ കാലം മുതൽ ഇവിടെ പട്ടിണിയും പരിവട്ടവും ആവശ്യത്തിനുണ്ട് എന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല. ഇനി ‘ആര്’ വിചാരിച്ചാലാണ് ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുക?
ധനേഷ് പത്മ