ഹെൽമറ്റ് വാങ്ങാം... പക്ഷേ റോഡ് എന്ന് നന്നാക്കും ?
സാധാരണക്കാരന്റെ മേൽ അടിച്ചേൽപ്പിക്കാൻ എന്തും എളുപ്പമാണല്ലോ. ഹെൽമറ്റ് ധരിക്കുന്നത് നല്ലത് തന്നെയാണ്. ബൈക്കോടിക്കുന്നവരായാലും അതിന് പിറകിലിരിക്കുന്നവരായാലും ഹെൽമറ്റ് ധരിച്ചാൽ അപഥവശാൽ എന്തേങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ ഹെൽമറ്റ് ഉള്ളതു കൊണ്ട് തലക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചേക്കില്ല.
എന്നാൽ ഈ അപകടം ഓഴിവാക്കാനല്ലേ സർക്കാർ ആദ്യം തയ്യാറാകേണ്ടത്. റോഡിലേക്കിറങ്ങിയാൽ കുഴിയും, പൊളിഞ്ഞ് മര്യാദക്ക് കാൽനടയ്ക്ക് പോലും യോഗ്യമല്ലാത്ത എത്ര റോഡുകളുണ്ട് കേരളത്തിൽ. ഇരുട്ടിയാൽ ഇവയൊട്ടു കാണാനും സാധിക്കില്ല. അതിനുതക്ക വെളിച്ചം നൽകാൻ റോഡരികിൽ വിളക്കുകളോ മറ്റും ഇല്ലതാനും.
ഹെൽമറ്റ് ധരിച്ച് ബൈക്കിൽ പോയാലും ഇത്തരത്തിലുള്ള കുഴികളിലും മറ്റ് വീണ് തെറിക്കുന്ന ജീവനുകൾക്ക് യാതൊരു ഗ്യാരന്റിയുമില്ലെന്ന് പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയ ഹൈക്കോടതി മനസ്സിലാക്കണം. ഇത്തരത്തിൽ പിൻസീറ്റിൽ ഹെൽമെറ്റ് നിർബന്ധമായാൽ ഒരു കുഞ്ഞും ഭാര്യയുമടങ്ങുന്ന കുടുംബം ബൈക്കിൽ യാത്ര ചെയ്യുന്പോൾ മൂന്നു പേരും ഹെൽമറ്റ് ധരിക്കേണ്ടി വരും. നിത്യ വരുമാനം കൊണ്ട് ജീവിക്കുന്ന അവർക്ക് മൂന്നു ഹെൽമറ്റ് വാങ്ങുന്നത് ബുദ്ധിമുട്ടാണെങ്കിലും നിയമം നടപ്പാക്കാൻ ഒരു പക്ഷെ അവർ കഷ്ടപ്പെട്ടാണെങ്കിലും വാങ്ങിയെന്നിരിക്കും. പക്ഷെ അത് റോഡരികിൽ ബൈക്കിൽ വെച്ചാൽ, മോഷണം പോയാൽ വീണ്ടും വീണ്ടും വാങ്ങേണ്ടി വരും. അത് ജീവിതച്ചിലവിനെ സാരമായി തന്നെ ബാധിക്കും. ഇത്തരത്തിൽ സർക്കാർ സാധാരണക്കാരന്റെ ജീവന് വില കൽപ്പിക്കുന്നുണ്ടെങ്കിൽ സംസ്ഥാനത്തെ റോഡുകൾ ആദ്യം സഞ്ചാര യോഗ്യമാക്കിയാൽ നന്ന്.
മാലിനി എസ് നായർ